Connect with us

Kerala

ജനങ്ങള്‍ക്ക് മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നു; കേരളത്തോട് അനുഭാവമില്ലാത്ത ബജറ്റെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് കേരളത്തോട് ഒരു അനുഭാവവും പുലര്‍ത്താത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചത്. കേരളത്തിന് നല്‍കിയിരുന്ന എയിംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയെന്നും ഇന്ധന വില വര്‍ധനയിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് മേല്‍ ദുസ്സഹമായ ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉപഭോക്തൃ സംസ്ഥനമെന്ന നിലയില്‍ ഇന്ധന വില വര്‍ധന ഏറ്റവുമധികം ബാധിക്കുക കേരളത്തെയാണ്. മാലപ്പടക്കത്തിന് തീ കൊളുത്തും പോലെയുള്ള നടപടിയാണ് ഇന്ധന വില വര്‍ധനയിലൂടെ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ചരക്കുകൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലപാതകള്‍ക്കായി ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ച കേന്ദ്രം കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളെ കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കുന്നില്ല. പ്രളയ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാ പരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് കേന്ദ്രം മുഖംതിരിച്ചു നില്‍ക്കുകയാണ്. പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ അമിതമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കൊച്ചി ഷിപ്പ് യാര്‍ഡ്, റബര്‍ ബോര്‍ഡ് എന്നിവക്കുള്ള വിഹിതം വെട്ടിക്കുറച്ചു. കൊച്ചി ഷിപ്പ് യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞ വര്‍ഷത്തെ 660 കോടിയില്‍ നിന്ന് 495 കോടിയായും കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെത് 67 കോടിയായിരുന്നത് 46 കോടിയായും കുറച്ചു. റബര്‍ ബോര്‍ഡിന്റെത് 172 കോടിയില്‍ നിന്ന് രണ്ടുകോടി കുറച്ചു.

പ്രളയാനന്തര സഹായവും വിഹിതത്തില്‍ വലിയ വര്‍ധനയും വേണ്ടിടത്താണ് നിലവിലുള്ളത് മരവിപ്പിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.