Connect with us

Kerala

സര്‍ക്കാറിനെതിരായ എന്‍ എസ് എസിന്റെ വിമര്‍ശനവും ആരോപണവും തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എല്‍ ഡി എഫ് സര്‍ക്കാറിനെതിരായ നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍ എസ് എസ്)യുടെ വിമര്‍ശനം തുടരുന്നു. മുന്നാക്ക സമുദാത്തിനായി വിവിധ കാര്യങ്ങള്‍ സമ്മര്‍ദത്തിലൂടെ നേടിയെടുക്കുന്നതിന്റെ ഭാഗമായി തന്നെയാണ് ഇപ്പോഴത്തെയും കടുത്ത വിമര്‍ശനം.

മുന്നാക്ക സമുദായങ്ങളോട് സര്‍ക്കാര്‍ അവഗണന തുടരുന്നെന്നാണ് ആരോപണം. മുന്നാക്ക സമുദായ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരെയും ഫണ്ടും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം നടപ്പാക്കാന്‍ എന്തുകൊണ്ട് നടപടിയില്ലെന്നുമാണ് പുതിയ വിമര്‍ശനങ്ങള്‍.

2016ല്‍ രൂപവത്ക്കരിച്ച മുന്നാക്ക സമുദായ കമ്മീഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ചാണ് എന്‍എസ്എസ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ആദ്യ കമ്മീഷന്റെ കാലാവധി കഴിഞ്ഞെങ്കിലും പുതിയ കമ്മീഷനെ നിയമിക്കുന്നതില്‍ കാലതാമസമുണ്ടായി. പുതിയ കമ്മീഷനിലെ സെക്രട്ടറിക്ക് വേണ്ട യോഗ്യതയില്ലാത്തതിനാല്‍ ചാര്‍ജ് ഏറ്റെടുക്കുന്നതിന് കഴിഞ്ഞില്ല. പല പദ്ധതികളും യഥാസമയം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകുന്നില്ല. മുന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്നാക്ക സമുദായ കോര്‍പറേഷന്റെ പ്രവര്‍ത്തനത്തിന് ഫണ്ടില്ല. അനുയോജ്യമായ ഓഫീസുകളും പ്രാപ്തരായ ഉദ്യോഗസ്ഥരെയും നിയമിക്കുന്നില്ലെന്ന എന്നെല്ലാമാണ് എന്‍ എസ് എസിന്റെ വിമര്‍ശനം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും ശബരിമല അടക്കമുള്ള പല വിഷങ്ങളില്‍ സര്‍ക്കാറിനെതിരെ എന്‍ എസ് എസ് ആഞ്ഞടിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ഇവരുടെ നിലപാടും ഇതിന് അനുസരിച്ചായിരുന്നു.