ചരിത്രവും ചരിത്ര നേതാക്കളേയും മറന്നു; കോണ്‍ഗ്രസ് നില്‍ക്കുന്നത് ഗാന്ധിയെന്ന വാക്കില്‍ ചുറ്റി: പ്രധാനമന്ത്രി

Posted on: June 25, 2019 7:27 pm | Last updated: June 25, 2019 at 11:29 pm

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ചും കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെ പ്രസംഗത്തിന് ശേഷമുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. കോണ്‍ഗ്രസ് ഇന്ത്യയുടെ ചരിത്രവും ചരിത്ര നേതാക്കളേയും മറുന്നു. ഏക സവില്‍കോഡ് നടപ്പാക്കാന്‍ കോണ്‍ഗ്രസിനാകുമായിരുന്നു. പക്ഷേ അവര്‍ അതിനെ ഹിന്ദു സിവില്‍ കോഡെന്ന് മുദ്രകുത്തി. ശബാനു കേസ് സമയത്തും കോണ്‍ഗ്രസിന് വീണ്ടും അവസരം ലഭിച്ചെങ്കിലും അവര്‍ അത് ഉപയോഗിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമാണ്. രാജ്യത്തിന്റെ ആത്മാവ് ഞെരിച്ച് കളഞ്ഞു.അടിയന്തരാവസ്ഥയുടെ കളങ്കം ഒരിക്കലും മായ്ച്ച കളയാനാകില്ല. രാജ്യപുരോഗതിക്കായി സംഭാവനകള്‍ നല്‍കിയവരെ അവഗണിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും മോദി ആരോപിച്ചു. നരസിംഹറാവുവിനേയും അടല്‍ ബിഹാരി വാജ്‌പേയേയും അവര്‍ മറന്നു. മന്‍മോഹന്‍സിംഗ് രാജ്യത്തിന് നല്‍കിയ സംഭാവനകളെ കുറിച്ച് പോലും അവന്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ നേരെ മറിച്ചാണ് ഞങ്ങളുടെ നിലപാട്. പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയത് ഞങ്ങളുടെ സര്‍ക്കാരാണ്. ഗാന്ധി എന്ന വാക്കില്‍ ചുറ്റിയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.