Connect with us

Business

റെക്കോർഡ് തിളക്കത്തിൽ സ്വർണവും ഏലക്കയും

Published

|

Last Updated

കൊച്ചി: ഏലക്ക റെക്കോർഡ് തിളക്കവുമായി വീണ്ടും താരമായി. ഏലം കർഷകരെ ആവേശം കൊള്ളിച്ച് ഉൽപ്പന്ന വില പുതിയ ഉയരം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരു കിലോ ഏലക്ക 5,743 രൂപയിൽ ലേലം കൊണ്ടു. വാരമധ്യം രേഖപ്പെടുത്തിയ 5000 രൂപയുടെ റെക്കോർഡാണ് ഇതോടെ മറികടന്നത്.

പ്രളയ ശേഷമാണ് ഏലക്ക വില കുതിച്ച് ചാട്ടം തുടങ്ങിയത്. മാർച്ച്, ഏപ്രിലിലെ കൊടും വേനൽ കൃഷിയെ കാര്യമായി ബാധിച്ചു. ഇതിനിടയിൽ ലേല കേന്ദ്രങ്ങളിൽ വരവ് കുറഞ്ഞത് വാങ്ങലുകാരെ അസ്വസ്തരാക്കി. വർഷാരംഭത്തിൽ കിലോ 1,600 രൂപയിൽ നീങ്ങിയ ഏലക്ക പിന്നീട് പുതിയ ഉയരങ്ങളിലേക്ക് നീങ്ങി. ആഭ്യന്തര വിദേശ ഡിമാൻഡും ലഭ്യത കുറവും കണക്കിലെടുത്താൽ വിലക്കയറ്റം തുടരാം. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഏലക്ക സീസൺ തുടങ്ങുക ആഗസ്റ്റിലാകും.
സംസ്ഥാനത്ത് റബ്ബർ ടാപ്പിംഗ് ദിനങ്ങൾ ചുരുങ്ങിയതും മുൻ മാസങ്ങളിൽ വില അനാകർഷകമായതും ഉത്പാദകരെ തോട്ടങ്ങളിൽ നിന്ന് അകറ്റി. മൺസുണിന് മുന്നോടിയായി തോട്ടം മേഖലക്ക് പ്രതീക്ഷ പകരാൻ ടയർ ലോബി വില ഉയർത്തിയെങ്കിലും കാർഷിക മേഖലയിൽ അനുകൂല തരംഗം ഉടലെടുത്തില്ല. ടയർ കമ്പനികൾ ആർ എസ് എസ് നാലാം ഗ്രേഡ് 15,500 വരെ ഉയർത്തിയെങ്കിലും ശനിയാഴ്ച്ച 15,100 രൂപയിലെത്തി.

ടോക്കോം എക്‌സ്‌ചേഞ്ചിനൊപ്പം ഏഷ്യയിലെ ഇതര മാർക്കറ്റുകളിലും റബ്ബർ അവധി നിരക്കുകൾ ഉയർന്നത് ഇറക്കുമതികാരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു.
നടപ്പ് വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഇറക്കുമതിതോതിലുണ്ടായ കുറവ് ഇന്ത്യൻ ടയർ വ്യവസായികളിൽ ആശങ്ക ഉളവാക്കിയെങ്കിലും സ്‌റ്റോക്ക് നില തൃപ്തികരമെന്ന നിലപാടിലാണവർ.

കാലാവസ്ഥ മാറ്റം മൂലം കുരുമുളകിൽ ജലാംശതോത് ഉയർന്നത് വാങ്ങലുകാരെ രംഗത്ത് നിന്ന് പിന്തിരിപ്പിച്ചു. പലരും ഉണക്ക് കൂടിയ മുളക് കാർഷിക മേഖലകളിൽ നേരിട്ട് ഇറങ്ങി സംഭരിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 34,500 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5,500 ഡോളറാണ്.
ഉത്തരേന്ത്യയിൽ മഴ തുടങ്ങുന്നതോടെ ചുക്കിന് ആഭ്യന്തര ആവശ്യം ഉയരും. വിദേശ ചുക്ക് ഉത്തരേന്ത്യൻ ഗോഡൗണുകളിൽ പലരും സംഭരിച്ചിട്ടുണ്ട്. നാടൻ ചുക്കിനായി അറബ് രാജ്യങ്ങൾ രംഗത്ത് എത്തുമെന്ന കണക്ക് കൂട്ടലിലാണ് കയറ്റുമതി സമൂഹം.
മന്ത്രിതലയോഗം പച്ചതേങ്ങ സംഭരണ വില ഉയർത്തിയത് ഉൽപാദകർക്ക് നേട്ടം പകരും. മഴ മൂലം വിളവെടുപ്പ് സ്തംഭിച്ചതിനാൽ വില ഉയരുമെന്ന കണക്ക് കൂട്ടലിലാണ് കർഷകരും. എന്നാൽ വെളിച്ചെണ്ണ വിൽപ്പന ചുരുങ്ങിയതിനാൽ മില്ലുകാർ കൊപ്ര സംഭരണത്തിന് ഉത്സാഹിച്ചില്ല. തുടർച്ചയായ രണ്ടാം വാരത്തിലും കൊച്ചിയിൽ 8700 രൂപയിലും വെളിച്ചെണ്ണ 13,000 രൂപയിലുമാണ്.

ആഭരണ വിപണികളിൽ പവൻ ചരിത്രനേട്ടം സ്വന്തമാക്കി. 24,560 രൂപയിൽ നിന്ന് പവൻ 25,120 ലേക്കും തുടർന്ന് സർവകാല റെക്കോർഡ് വിലയായ 25,440 ലേക്കും ഉയർന്നു. പിന്നീട് നിരക്ക് 25,200 ലേക്ക് താഴ്ന്നു.

ഒരു ഗ്രാമിന് വില 3,150 രൂപ. ലണ്ടനിൽ ആറ് വർഷത്തിനിടയിലെ ഏറ്റുവും മികച്ച നിലവാരം ദർശിച്ചു. ട്രോയ് ഔൺസിന് 1,341 ഡോളറിൽ നിന്ന് 1,406 വരെ കയറിയ ശേഷം ക്ലോസിംഗിൽ 1,399 ഡോളറിലാണ്.

---- facebook comment plugin here -----

Latest