Connect with us

Education

സർക്കാർ മെഡിക്കൽ കോളജുകളിൽ 155 പുതിയ എം ബി ബി എസ് സീറ്റുകൾ

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ (Economically Weaker Section) സംവരണമേർപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ 155 എം ബി ബി എസ് സീറ്റുകൾ ലഭ്യമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറയിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉൾപ്പെടെ കൂടുതൽ വിദ്യാർഥികൾക്ക് ഇതിലൂടെ പഠിക്കാൻ അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ആകെ സീറ്റുകളുടെ പത്ത് ശതമാനമാണ് സാമ്പത്തിക സംവണമായി അനുവദിക്കുന്നത്. ഇ ഡബ്ല്യു എസ് ക്വാട്ട അനുസരിച്ച് 2019-20 അധ്യയന വർഷത്തിൽ തന്നെ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ സാധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജ്-50, കോട്ടയം മെഡിക്കൽ കോളജ്-25, എറണാകുളം മെഡിക്കൽ കോളജ്-പത്ത്, മഞ്ചേരി മെഡിക്കൽ കോളജ്-പത്ത്, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ്-പത്ത്, തൃശൂർ മെഡിക്കൽ കോളജ്-25, ആലപ്പുഴ മെഡിക്കൽ കോളജ്-25 എന്നിങ്ങനെയാണ് സീറ്റ് വർധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ 250, കോട്ടയം മെഡിക്കൽ കോളജിൽ 175, എറണാകുളം മെഡിക്കൽ കോളജിൽ 110, മഞ്ചേരി മെഡിക്കൽ കോളജിൽ 110, പാരിപ്പള്ളി മെഡിക്കൽ കോളജിൽ 110, തൃശൂർ മെഡിക്കൽ കോളജിൽ 175, ആലപ്പുഴ മെഡിക്കൽ കോളജിൽ 175 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ വർധിച്ചത്.

ഇതിന് പുറമെ കോഴിക്കോട് മെഡിക്കൽ കോളജിൽ 250 സീറ്റുകളും കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ 100 സീറ്റുകളും നിലവിലുണ്ട്. ഇതോടെ നിലവിലുണ്ടായിരുന്ന 1,300 എം ബി ബി എസ് സീറ്റുകൾ 1,455 സീറ്റുകളായി വർധിച്ചിട്ടുണ്ട്.