Connect with us

Cover Story

ചരിത്രത്തിന്റെ ചെങ്കല്‍ പാളികള്‍

Published

|

Last Updated

ഉത്തര മലബാറിന്റെ തീരങ്ങൾ ഒരു കാലത്ത് വിദേശ സഞ്ചാരികളുടെയും ഭരണാധികാരികളുടെയും ഇന്ത്യയിലേക്കുള്ള പ്രവേശന കവാടങ്ങളായിരുന്നു. വ്യാപാര വാണിജ്യ സാധ്യതകൾക്ക് അനുകൂലമായ ഭൂമിശാസ്ത്ര പ്രത്യേകതകൾ നിറഞ്ഞ ഈ തീരമേഖലയിൽ അതിനാൽ നിരവധി കോട്ടകളുമുണ്ട്. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് കണ്ണൂർ കോട്ട എന്ന് അറിയപ്പെടുന്ന സെന്റ് ആഞ്ചലോസ് കോട്ട. നഗര ഹൃദയത്തിൽ തന്നെ തീരത്തോടടുത്തായി നിലകൊള്ളുന്ന കോട്ടയുടെ ചരിത്രം പോലെ കൗതുകമുണർത്തുന്നതാണ് ഇതിന്റെ വാസ്തുവിദ്യയും.

തറക്കല്ല് പാണ്ടികശാലക്ക്

അഞ്ഞൂറിലധികം വർഷം പഴക്കമുണ്ട് കോട്ടക്ക്. ഗ്രീസ് അധിനിവേശാരംഭത്തിൽ ഇന്ത്യയിലെത്തിയ കച്ചവടക്കാർക്ക് സാധനങ്ങൾ സൂക്ഷിക്കുന്നതിനായി കോലത്തിരി രാജാവ് അനുവദിച്ച പാണ്ടികശാലയായിരുന്നു ആദ്യമിത്. ഇന്ത്യയിൽ വിൽക്കാൻ എത്തിച്ച ചരക്കുകൾ പോർച്ചുഗീസുകാർക്ക് ഉദ്ദേശിച്ച രീതിയിൽ വിപണനം ചെയ്യാൻ സാധിക്കാതെ വരികയും സുഗന്ധ വ്യഞ്ജനങ്ങൾ തിരിച്ച് കൊണ്ടുപോകേണ്ടി വന്നതിനാലും ചരക്ക് ഇവിടെ സൂക്ഷിക്കുകയേ നിർവാഹമുണ്ടായുള്ളൂ. 1501ൽ ആയിരുന്നു പാണ്ടികശാലയുടെ നിർമാണം നടന്നത്. തീരത്തോട് ചേർന്ന് കിടന്ന ഉയർന്ന സ്ഥലം ഇതിനായി കണ്ടെത്തി പാണ്ടികശാലക്ക് ചുറ്റും കിടങ്ങ് നിർമിച്ചു. പത്തടി താഴ്ചയുള്ള കിടങ്ങുകളാൽ സംരക്ഷിക്കപ്പെട്ട ഈ പാണ്ടികശാലയുടെ നടത്തിപ്പ് പോർച്ചുഗീസ് ഉദ്യോഗസ്ഥനായിരുന്ന ഗോൺകാലോ ഗോമസ് ഫരേറക്ക് ആയിരുന്നു. സഹായത്തിന് രണ്ട് ഗുമസ്തന്മാരും സംരക്ഷണത്തിന് കോലത്തിരിയുടെ ആറ് നായർ പടയാളികളും.

പിന്നീട് 1502 ൽ വാസ്‌ഗോഡഗാമയുടെ രണ്ടാം വരവിൽ ആയുധങ്ങളും മറ്റും സൂക്ഷിക്കാൻ പാണ്ടികശാല ഉപയോഗിച്ചു. അതോടെ ചുറ്റും വലിയ മതിലുകൾ ഉയർന്നു. 1506ൽ കണ്ണൂരിന് തെക്ക് നിന്ന് സാമൂതിരിയും കൂട്ടരും വിദേശ സഹായത്തോടെ കോലത്തിരിയെ സഹായിച്ചപ്പോൾ പ്രധാനലക്ഷ്യം ഈ കോട്ടയായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു. ശത്രുക്കളുടെ ഉപരോധത്തെ തുടർന്ന് കോട്ടയിലേക്ക് ആവശ്യമായ കുടിവെള്ളം ശേഖരിക്കാൻ പോലും സാധിക്കാതെ വന്നപ്പോൾ കോട്ടയുടെ ശിൽപ്പികളിൽ പ്രധാനിയായിരുന്ന തോമസ് ഫെർഡസ് എന്ന എൻജിനീയർ കോട്ടയിൽ നിന്നും പുറത്തുള്ള ശുദ്ധജലകിണറിലേക്ക് രഹസ്യ തുരങ്കം നിർമിച്ച് അത്ഭുതപ്പെടുത്തി.

അക്കാലത്ത് യൂറോപ്പിലും മറ്റുമുണ്ടായിരുന്ന സാങ്കേതിക സാധ്യതകളും കോട്ട നിർമാണത്തിൽ പരീക്ഷിക്കപ്പെട്ടു. പഴയ പാണ്ടികശാല, കോട്ട ആയതോടെ കിടങ്ങിന്റെ ആഴം 40 അടിയായി വർധിപ്പിച്ചു. ഈ കിടങ്ങിന് മീതെ സഞ്ചാര ആവശ്യത്തിന് മരപ്പാലം നിർമിച്ചു. ആവശ്യാനുസരണം ഉയർത്തി മാറ്റാവുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമാണം.

ആനപ്പള്ള മതിൽ

40 അടി താഴ്ചയുള്ള കിടങ്ങ് താണ്ടിയാൽ കാണുന്നത് 40 അടി പൊക്കമുള്ള കൂറ്റൻ മതിലുകളാണ്. മലബാറിൽ സുലഭമായി ലഭിച്ചിരുന്ന കടുപ്പമേറിയ ചെങ്കല്ലുകൾ കൊണ്ടാണ് മതിലുകൾ നിർമിച്ചത്. യൂറോപ്യൻ വാസ്തുകലയുടെ സൗന്ദര്യം ഈ കോട്ടമതിലിലും പ്രകടമാണ്. നമ്മുടെ “ആനപ്പള്ള” മതിലുപോലെ താഴെ വീതി കൂടി മുകളിലേക്ക് വീതി കുറച്ചാണ് നിർമാണം. 11 ഏക്കർ വിസ്തൃതിയിലാണ് ആഞ്ചലോസ് കോട്ട വ്യാപിച്ച് കിടക്കുന്നത്. കല്ലോട് കല്ല് ചേർക്കാൻ നൂറ്റാണ്ട് പഴക്കമുള്ള പ്രാദേശിക അറിവുകളെയാണ് പോർച്ചുഗീസുകാർ ഉപയോഗിച്ചത്. കരുത്താർന്ന ചെങ്കല്ലുകളെ കൂട്ടിയോജിപ്പിക്കാൻ അതിലും കരുത്താർന്ന ഒരു മിശ്രിതം അവർ ഉപയോഗിച്ചു. കുളിർമാവിന്റെ ഇല പിഴിഞ്ഞെടുത്ത് നീരിൽ രൂപപ്പെടുത്തിയ മിശ്രിതം ഇതിനായി ഉപയോഗിച്ചിരുന്നുവെന്ന് ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വിസ്തൃതമായ ഈ കോട്ടയിലേക്ക് കടക്കാൻ ഒറ്റ മാർഗമേയുള്ളൂ എന്നതും ശ്രദ്ധേയമാണ്. പടുകൂറ്റൻ മരപ്പാളികളാൽ നിർമിച്ച വാതിലുകളിൽ വലിയ ഇരുമ്പ് മുനകൾ കാരണം ശത്രുസേനക്ക് കോട്ടവാതിൽ ചവിട്ടി തകർക്കാൻ സാധിക്കില്ലായിരുന്നു.

കോട്ട കടന്ന് ആദ്യം കാണുന്നത് അന്നത്തെ ജയിലുകളാണ്. നിർമാണ ഘട്ടത്തിൽ ജയിൽ എന്ന ഭീകര സങ്കൽപ്പം വരച്ച് തയ്യാറാക്കിയത് പോലെ തോന്നും ഇവ കണ്ടാൽ. വായുസഞ്ചാരം നന്നേ കുറഞ്ഞ, വാതിലടച്ചാൽ രാപ്പകലുകൾ തിരിച്ചറിയാൻ സാധിക്കാത്ത ഇരുട്ടറകൾ, ചെങ്കല്ലിന്റെ ഈർപ്പം കൊണ്ട് അകത്ത് ചൂട് അനുഭവപ്പെടുന്നില്ല എന്ന ആശ്വാസം മാത്രം. ഈ ഇരുണ്ട ഭീകര മുറികളിൽ സാധാരണക്കാരായ സൈനികർ മുതൽ പുകൾപ്പെറ്റ പടത്തലവന്മാർ വരെ ശിക്ഷ അനുഭവിച്ചിരുന്നു.

കോട്ടക്കകത്ത് ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം മുമ്പ് കമാണ്ടന്റിന്റെ ഭരണ കേന്ദ്രമായിരുന്നു. ചുറ്റും രഹസ്യ തോക്കിൻ മുനയുടെ സംരക്ഷണത്തിലാണ് ഈ കെട്ടിടം നിർമിച്ചത്. ഇവിടെ നിന്ന് പുറത്തേക്ക് കടക്കാൻ രഹസ്യ തുരങ്കം തയ്യാറാക്കിയിരിക്കുന്നു. സൈനിക മേധാവിയുടെ യുദ്ധതന്ത്രങ്ങൾ പലതും രൂപപ്പെട്ട ഇടമാണിത്. തൊട്ടടുത്ത നിലവറയും ഇതുപൊലെ തുരങ്കം കൊണ്ട് ബന്ധിച്ചിരിക്കുന്നു.

പോർച്ചുഗീസ് വാസ്തുവിദ്യയുടെ കരവിരുത് തെളിയുന്ന മനോഹരമായൊരു ചാപ്പൽ കോട്ടക്കുള്ളിലുണ്ട്. കാലപ്പഴക്കം ഏറ്റുവാങ്ങി നിൽക്കുന്ന ഈ ചാപ്പൽ വാസ്തുകലയുടെ വൈവിധ്യത്തിനുള്ള നല്ലൊരു ഉദാഹരണമാണ്. ഈ ചാപ്പലിനോട് ചേർന്ന് ആയുധസംഭരണ ശാലകൾ ഉണ്ടാക്കിയിരിക്കുന്നു. തൊട്ടു പിന്നാലെ സൈന്യത്തിന്റെ കുതിരകളുടെ ലായം. ലായത്തിലേക്ക് വെള്ളമെത്തിക്കാൻ കിണർ. അങ്ങനെ ആസൂത്രണ മികവിന്റെ അത്ഭുത കാഴ്ചകളാണ് സെന്റ് ആഞ്ചലോസ് കോട്ടയിൽ എമ്പാടും.

പൊതിഞ്ഞു
നിൽക്കുന്ന
നിഗൂഢത

കോട്ടക്കകത്ത് നെടുനീളത്തിൽ കാണുന്ന ഒരു കെട്ടിടമുണ്ട്. പട്ടാള ബാരക് ആയിരുന്നു ഇത്. നിരവധി കൽത്തൂണുകളുടെ ബലത്തിൽ ആർച്ച് രൂപത്തിലാണ് നിർമാണം. ഇവിടെ ആയിരത്തോളം സൈനികർ വരെ ഒരുമിച്ച് കൂടിയിരുന്നത്രെ! ഏറെ വിസ്മയപ്പെടുത്തുന്ന ഒരു കാഴ്ച കൂടിയുണ്ട് ഇവിടെ. ആർച്ച് ആകൃതിയിലുള്ള ബാരക്‌സ് അടക്കമുള്ള കെട്ടിടങ്ങളുടെയും മുകൾ ഭാഗം കല്ല് കൊണ്ട് തന്നെയാണ് നിർമിച്ചത്. കുമ്മായം, മുട്ടയുടെ വെള്ള, ശർക്കര എന്നിവ ചേർത്ത് പാകപ്പെടുത്തിയ സുർക്കയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. അര സഹസ്രാബ്ദം പിന്നിട്ടിട്ടും ഈ സുർക്കി മിശ്രിതത്തിന് കേടുപാടുകൾ പറ്റിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ ബാരക്കിന് പുറകിൽ പ്രധാന കവാടത്തിൽ നിന്നും പടി കയറിയെത്തുന്നത് കോട്ടമതിലിന് മുകളിലാണ്. മൺ ടൈലുകൾ പാകി പ്രതലം മനോഹരമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് നാല് ദിക്കിലേക്കും സുഗമമായ കാഴ്ച ലഭിക്കും. മാത്രമല്ല, ഏത് മാർഗത്തിലൂടെയുമുള്ള ശത്രുക്കളുടെ നീക്കവും അറിയാൻ സാധിക്കുമായിരുന്നു.

നിഗൂഢമായ എന്തൊക്കെയോ മറഞ്ഞിരിക്കുന്നു എന്ന തോന്നൽ സെന്റ് ആഞ്ചലോസ് കോട്ടയേയും പിടികൂടിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവിധി കഥകൾ വാമൊഴിയായി ഈ കോട്ടയെ ചുറ്റിപ്പറ്റിയുമുണ്ടായിരുന്നു. ശിലാഫലകത്തെ ചുറ്റിപ്പറ്റിയാണ് അതിലൊന്ന്. അവ്യക്തമായ ഭാഷയിൽ ഈ ശിലാഫലകത്തിൽ എന്തൊക്കെയോ കൊത്തിവെച്ചിട്ടുണ്ട്. ഏറ്റവും മുകളിലായി ഒരു തലയോട്ടിയും രണ്ട് എല്ലുകളും ക്രോസ് ചെയ്ത് വെച്ചിരിക്കുന്ന ഒരു രൂപവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഒളിപ്പിച്ചുവെച്ച നിധിയുടെ രഹസ്യ വിവരങ്ങളാണ് ഇതെന്ന് പലരും കരുതിപ്പോന്നിരുന്നത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ചരിത്ര തത്പരനായ പോലീസ് ഉദ്യോഗസ്ഥൻ സത്യൻ എടക്കാട് ഈ ഫലകം വായിച്ചെടുത്തു. അദ്ദേഹം പിന്നീട് ഇത് സംബന്ധിച്ച് ഒരു ചരിത്ര ഗവേഷണ പുസ്തകവും ഇറക്കി. പഴയ ഡച്ച് ലിപിയിൽ ആയിരുന്നു ഫലകത്തിലെ എഴുത്ത്. അതുകൊണ്ട് തന്നെ പുതുതലമുറക്ക് അത് വായിക്കാനും സാധിച്ചില്ല. നെതർലാൻഡ്‌സുകാരനായ റോബ്, ഭാര്യ ഐക്ക, സുഹൃത്ത് നെൽ എന്നിവരുടെ സഹായത്തോടെയായിരുന്നു സത്യൻ ഇത് പരിഭാഷപ്പെടുത്തിയത്.

1745- 1755 കാലത്ത് ഡച്ചുകാർ കൈവശം വെച്ച കോട്ടയുടെ കമാൻഡന്റ് ഗോഡ് ഫ്രീഡാസ് വീവൽമാർ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യഭാര്യ സൂസന്ന ഗൈലിയോഡ 17 ാം വയസ്സിൽ മരിച്ചു. പിന്നീട് രണ്ടാം ഭാര്യയായ അന്നാ ബനിസ്റ്ററിൽ ജനിച്ച രണ്ട് പുത്രന്മാരായ ഗോഡ് ഫ്രീഡസ് വിനാന്റോ, ഗോഡ് ഫ്രീഡസ് ജോഹാൻ എന്നിവരും മരിക്കുകയുണ്ടായി. ഈ മൂന്ന് പേരെയും അടക്കം ചെയ്ത വിവരങ്ങളാണ് ശിലാഫലകത്തിൽ രേഖപ്പെടുത്തിയത്. കോട്ടയുടെ കാഴ്ചകളിൽ അവസാനമായി കണ്ണിൽ പതിയുന്ന ഈ ശിലാഫലകം നൂറ്റാണ്ടുകൾക്കപ്പുറത്ത് നിന്നും ഒരു അമ്മയുടെയും രണ്ട് കുട്ടികളുടെയും കഥയും സ്‌നേഹസമ്പന്നനായ ഒരു ഭർത്താവിന്റെയും പിതാവിന്റെയും വേപഥുവും നമ്മോട് മന്ത്രിക്കുന്നു.

പോർച്ചുഗീസ്, ഡച്ച് ഭരണാധികാരികൾ, കോലത്തിരി, സാമൂതിരി, അറയ്ക്കൽ രാജാക്കന്മാർ, ഹൈദരലി, ടിപ്പു സുൽത്താൻ, ബ്രിട്ടീഷുകാർ… ഈ കോട്ട വാതിലിലൂടെ ചരിത്രത്തിലേക്ക് കടന്ന് പോയത് എത്രയെത്ര പേർ. കോട്ട പിന്നെയും കഥകൾ കരുതിവെക്കുന്നു. പുതിയ കാലത്തിന് വേണ്ടി.
.

Latest