കാണാതായ വിമാനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ച് വ്യോമസേന

Posted on: June 9, 2019 9:25 am | Last updated: June 9, 2019 at 12:54 pm

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ 13 യാത്രക്കാരുമായി കാണാതായ വ്യോമസേനയുടെ എ എന്‍-32 വിമാനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ച് വ്യോമസേന. ജൂണ്‍ 13ന് കാണാതായ വിമാനത്തിന് എന്തു സംഭവിച്ചുവെന്നത് സംബന്ധിച്ച് ഇതേവരെ വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണിത്.

03783222164, 9436499477, 9402077267, 9402132477 നമ്പറുകളില്‍ ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്ന് എയര്‍ മാര്‍ഷല്‍ ആര്‍ ഡി മാത്തൂര്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. വിമാനം കണ്ടെത്തുന്നതിന് കരസേന, ദേശീയ ഏജന്‍സികള്‍ എന്നിവയുടെയെല്ലാം സഹായം തേടി തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്തോ തിബറ്റന്‍ അതിര്‍ത്തി പോലീസ്, സംസ്ഥാന പോലീസ് എന്നിവയും തിരച്ചിലിനെ സഹായിക്കുന്നുണ്ട്. അരുണാചലിലെ വനത്തിനുള്ളിലും മറ്റും തിരച്ചില്‍ നടത്തുന്നതാണ് ഏറ്റവും പ്രയാസകരമായ ദൗത്യം. കനത്ത മഴയും പ്രതിസന്ധി സൃഷ്ടിക്കുന്നു.

അസമിലെ ജോര്‍ഹതില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മെഷൂക അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടിലേക്ക് 13 പേരുമായി യാത്ര തിരിച്ച ഇന്ത്യന്‍ വ്യോമസേനയുടെ ആന്റണോവ് എ എന്‍-32 വിമാനമാണ് കാണാതായത്. ജൂണ്‍ മൂന്നിന് ഉച്ചക്ക് 12.27ന് പുറപ്പെട്ട വിമാനത്തില്‍ അഞ്ച് യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഒരു മണിക്കു ശേഷം വിമാനത്തിന് നിയന്ത്രണ സംവിധാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

1983ലാണ് എന്‍-32 വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കിയത്. 2016 ജൂലൈയില്‍ 29 പേരുമായി ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് പറന്ന ഈ ശ്രേണിയില്‍ പെട്ട വിമാനം കാണാതായിരുന്നു. വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും ആ വിമാനം കണ്ടെത്താനായിരുന്നില്ല.