ഇത്തിസലാത്ത് 5ജി സേവനം ആരംഭിച്ചു

Posted on: June 1, 2019 9:31 pm | Last updated: June 1, 2019 at 9:31 pm

അബുദാബി: ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്കായി 5 ജി സേവനം ആരംഭിച്ചു. 5 ജി സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഇത്തിസലാത്ത് സൂപ്പര്‍ ഫാസ്റ്റ് 5 ജി നെറ്റ്‌വര്‍ക്ക് സേവനത്തിന് തുടക്കം കുറിച്ചത്.
മിന മേഖലയില്‍ ആദ്യമായി ഇത്തിസലാത്താണ് ഇത്തരം സേവനം ആരംഭിക്കുന്നത്. വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ 1 മില്ലിസെക്കന്റില്‍ 1 ജിബിപിഎസ് വേഗതയും താഴ്ന്ന ലേറ്റന്‍സിയും ഇത്തിസലാത്ത് തുടക്കം കുറിച്ചു. ഇത്തിസലാത്ത് വഴി സെഡ് ടി ഇ ആക്‌സോണ്‍ 10 പ്രോ 5 ജി ഫോണുകളിലാണ് തുടക്കത്തില്‍ സൗകര്യം ലഭിക്കുക. ഈ വര്‍ഷം തന്നെ ലോകത്തിലെ മുന്‍ നിര കമ്പനികളുടെ 5 ജി ഫോണുകള്‍ ഇത്തിസലാത്ത് വിപണിയിലിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 4 ജിയേക്കാള്‍ 20 മടങ്ങ് വേഗതയും തീവ്രത കുറഞ്ഞ ലാറ്റെന്‍സിയും 5 ജി ഉറപ്പ് നല്‍കുന്നു. 5ജി സേവന ഉപയോക്താക്കള്‍ക്ക് 4000 റെസലൂഷന്‍ വീഡിയോകള്‍ തല്‍സമയം നല്‍കാന്‍ കഴിയും. 5 ജി സേവനം ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഇത്തിസലാത്ത് ആകര്‍ഷകമായ പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അബുദാബി മറീന മാള്‍, ദുബൈ മാള്‍ എന്നിവിടങ്ങളിലെ ഇത്തിസലാത്ത് ഉപഭോക്ത സേവന കേന്ദ്രങ്ങളില്‍ നിന്നും സെഡ് ടി ഇ ആക്‌സോണ്‍ 10 പ്രോ 5 ജി ഫോണുകള്‍ ലഭ്യമാകും. 241 ദിര്‍ഹം മുതലാണ് കരാര്‍ ആരംഭിക്കുക. ഒരു വര്‍ഷം, ഒന്നര വര്‍ഷം,രണ്ട് വര്‍ഷം എന്നിങ്ങനെ തവണ വ്യവസ്ഥകളിലായി ഫോണുകള്‍ ലഭ്യമാകും.