Connect with us

Education

എംജി ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

Published

|

Last Updated

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. മെയ് 29ന് വൈകീട്ട് അഞ്ചുവരെ cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ PGCAP 2019 എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും പട്ടിക ജാതി/പട്ടിക വര്‍ഗ /സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (എസ് ഇ ബി സി)/ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ (ഇ ബി എഫ് സി) എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മന്റ് നടത്തും.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ആദ്യ അലോട്‌മെന്റ് ജൂണ്‍ ആറിന് നടത്തും. ഒന്നാം വര്‍ഷ പി.ജി. ക്ലാസുകള്‍ ജൂണ്‍ 17ന് ആരംഭിക്കും.

കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വോട്ട, ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലകത്തിലൂടെ അപേക്ഷിക്കണം. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ ഏകജാലകത്തിലൂടെ അപേക്ഷിച്ചശേഷം പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ നേരിട്ട് നല്‍കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, ഭിന്നശേഷി ക്വാട്ടാകളിലേക്ക് പ്രവേശനം നേടാനാവില്ല.

ഭിന്നശേഷി/സ്‌പോട്‌സ്/കള്‍ച്ചറല്‍ ക്വോട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് മെയ് 24നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

സ്‌പോട്‌സ്/കള്‍ച്ചറല്‍/ഭിന്നശേഷി സംവരണ സീറ്റുകളിലേക്കും മാനേജ്മന്റ്/കമ്മ്യൂണിറ്റി ക്വോട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സര്‍വ്വകലാശാല വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജധികൃതര്‍ തങ്ങളുടെ ഇ-മെയില്‍ ദിവസേന പരിശോധിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇമെയില്‍ വിലാസം: pgcap@mgu.ac.in.

Latest