സ്‌കൂൾ തുറക്കുന്നത് നീട്ടണം: കേരള മുസ്‌ലിം ജമാഅത്ത്

Posted on: May 21, 2019 9:38 am | Last updated: May 21, 2019 at 9:38 am


കോഴിക്കോട്: ജൂൺ നാലിന് ഈദുൽ ഫിത്വർ ആകാൻ സാധ്യത ഉള്ളതിനാൽ അന്നേ ദിവസത്തേക്ക് നിശ്ചയിച്ചിട്ടുള്ള കെ ടി യു ഉൾപ്പെടെയുള്ള സർവകലാശാലാ പരീക്ഷകൾ മാറ്റിവെക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.

മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ മൂന്നിന് പകരം ജൂൺ അഞ്ചിന് ശേഷം സൗകര്യപ്രദമായ ദിവസത്തേക്ക് നീട്ടി വെക്കണം.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിവിധ വകുപ്പ് മന്ത്രിമാർക്കും മുസ്‌ലിം ജമാഅത്ത് നിവേദനം നൽകി.

സ്‌കൂൾ തുറക്കുന്നത് നീട്ടണം: എസ് വൈ എസ്

കോഴിക്കോട്: ജൂൺ നാലിന് ഈദുൽ ഫിത്വർ ആവാൻ സാധ്യതയുള്ളതിനാൽ മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് മൂന്ന് ദിവസത്തേക്ക് നീട്ടണമെന്ന് എസ് വൈ എസ് സംസ്ഥാന ക്യാബിനറ്റ് ആവശ്യപ്പെട്ടു.

പിറ്റേന്ന് പെരുന്നാൾ അവധിസാധ്യത നിലനിൽക്കെ, ജൂൺ മൂന്നിന് നേരത്തെ നിശ്ചയിച്ച പ്രകാരം സ്‌കൂൾ തുറക്കുന്നത്‌ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയാസകരമാവുമെന്നുറപ്പാണ്.

വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ഹോസ്റ്റലുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുമാണ് ഏറെ പ്രയാസമുണ്ടാകുക. ആയതിനാൽ പെരുന്നാൾ കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന കാര്യം സർക്കാർ സഗൗരവം പരിഗണിക്കണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.