കാണാനിരിക്കുന്നതാണ് വലിയ പൂരം

പതിവ് പൂരത്തിന്റെ സമയം അവസാനിച്ചു. മറ്റൊരു രാഷ്ട്രീയ പൂരത്തിനായി നമ്മള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്. മെയ് 23 എന്ന നിര്‍ണായക ദിവസം കടന്നു കിട്ടിയാല്‍ മുമ്പെ പറഞ്ഞതൊക്കെ എങ്ങനെ വിഴുങ്ങണം, എന്തൊക്കെ പുതുതായി പറയണം എന്ന തീവ്ര ആലോചനയിലാണ് ചിലര്‍. സി പി എം വിരുദ്ധത മുഖമുദ്രയാക്കി താമരയില്‍ കുത്തിയാല്‍ കൈപ്പത്തിയില്‍ തെളിയുന്ന വൃത്തികെട്ട വോട്ടുകച്ചവടം ഈ തവണയും വ്യാപകമായി നടന്നിരിക്കാനാണ് സാധ്യത. ബി ജെ പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചവര്‍ക്ക് വോട്ടു കിട്ടിയില്ലെങ്കിലും കാശ് കിട്ടാറുണ്ടെന്നത് സത്യമാണ്. കോലീബി സഖ്യമെന്ന പതിവുപരിപാടി ആവര്‍ത്തിച്ചാല്‍ മാത്രമേ യു ഡി എഫിന് എന്തെങ്കിലും പ്രതീക്ഷകള്‍ക്ക് അവകാശമുള്ളൂ. കാര്യങ്ങള്‍ നേരെ ചൊവ്വേ സംഭവിച്ചാല്‍ കരുതിവെച്ച പടക്കങ്ങള്‍ അത്രയും വല്ല പള്ളി പെരുന്നാളിനോ ക്ഷേത്രോത്സവത്തിനോ പൊട്ടിക്കാന്‍ അവര്‍ നിര്‍ബന്ധിതരായേക്കും. ഒന്നുകില്‍ മോദി, അല്ലെങ്കില്‍ രാഹുല്‍ എന്ന അത്യന്തം ലളിതവത്കരിച്ച സമവാക്യത്തില്‍ ഒതുക്കാകുന്നതല്ല 2019 മെയ് 23ന് ശേഷമുള്ള ഇന്ത്യന്‍ അവസ്ഥ. ഒരു രാജ്യത്തിന്റെ ജനതയുടെ ഭാഗധേയം നിര്‍ണയിക്കേണ്ടത് ഇത്തരം ഒറ്റപ്പെട്ട വ്യക്തികളല്ല. വ്യക്തി പൂജ ശക്തിപ്പെടുന്ന ഏതു രാജ്യത്തും ജനാധിപത്യം ദുര്‍ബലമാകുകയേ ഉള്ളൂ. ഭൂപടത്തിലല്ലാതെ, ജനഹൃദയങ്ങളില്‍ ഒരേകീകൃത ഇന്ത്യയെ പ്രതീക്ഷിക്കാന്‍ നമ്മളെ ഭരിച്ച ഭരണാധികാരികള്‍ക്കാര്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല. ഇതിന്റെ പ്രത്യാഘാതമായിരിക്കും മെയ് 23ന് ശേഷം നമ്മള്‍ കാണാന്‍ പോകുന്ന പൂരം.
Posted on: May 14, 2019 10:45 am | Last updated: May 14, 2019 at 10:45 am

മലയാളിയുടെ ഒരു വികാരം അപാരം തന്നെ. ശബരിമലയില്‍ യുവതീ സാന്നിധ്യം അനുവദിച്ചതും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന ഗജരാജന്റെ സഹായം കൂടാതെ ഭഗവതിയുടെ നടതുറക്കാനാകുമോ എന്ന നിര്‍ദേശവും പോലും ക്ഷേത്രാരാധനയെ തകര്‍ക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രചരിപ്പിക്കാന്‍ മാത്രം ഈ വികാര വിക്ഷോഭം വളര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പാനന്തര കേരളത്തില്‍ ഇപ്പോള്‍ ആക്ഷന്‍ ഹീറോ നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ പിണറായി വിജയനോ ഒന്നുമല്ല.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന കൊമ്പനാനയെ തന്നെ പറ്റിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നമുക്കൊരു സ്ഥാനാര്‍ഥി ആക്കുന്ന കാര്യം പോലും ആലോചിക്കാകുന്നതാണ്. നമുക്ക് നോക്കാമല്ലോ, മനുഷ്യനാണോ മൃഗമാണോ നമ്മളെ പ്രതിനിധാനം ചെയ്യാന്‍ കൂടുതല്‍ അനുയോജ്യരാകുക എന്ന്. ഏതൊരാനപ്രേമിയുടെയും മനം കുളിര്‍പ്പിക്കുന്ന ട്രാക്ക് റെക്കോര്‍ഡാണ് ഈ ഗജരാജന്റെത്. 13 മനുഷ്യരെയും മൂന്ന് ആനകളെയും മാത്രമാണ് ഈ പാവം ആന വകവരുത്തിയത്. ഇതിലും എത്രയോ പേരുടെ മരണത്തിനും തീരാത്ത ജീവിത ദുരിതങ്ങള്‍ക്കും കാരണക്കാരായവരാണ് ദേശീയ തലത്തിലും പ്രാദേശിക തലത്തിലും പേരെടുത്ത നമ്മുടെ രാഷ്ട്രീയ നേതാക്കള്‍.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു കത്തിക്കല്‍…ഈ പതിവ് പൂരത്തിന്റെ സമയം അവസാനിച്ചു. മറ്റൊരു രാഷ്ട്രീയ പൂരത്തിനായി നമ്മള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്. മെയ് 23 എന്ന നിര്‍ണായക ദിവസം കടന്നു കിട്ടിയാല്‍ മുമ്പെ പറഞ്ഞതൊക്കെ എങ്ങനെ വിഴുങ്ങണം, എന്തൊക്കെ പുതുതായി പറയണം എന്ന തീവ്ര ആലോചനയിലാണ് ഇവിടുത്തെ സ്ഥാപിത താത്പര്യക്കാര്‍. ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ക്കു കൊഴുപ്പു കൂട്ടാന്‍ പറ്റിയ വിഷയങ്ങള്‍ തേടി നടക്കുന്ന റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും അതാതു ദിവസം നിന്നു പിഴക്കാനുള്ള വിഭവങ്ങള്‍ എങ്ങനെയൊക്കെയോ കണ്ടെത്തുന്നുണ്ടെന്നത് ഭാഗ്യം. അല്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ എങ്ങനെ, ഏപ്രില്‍ 23ല്‍ നിന്നും മെയ് 23ലേക്കുള്ള ദൂരം താണ്ടുമായിരുന്നു?
വോട്ടെടുപ്പിന്റെ തലേന്നു തന്നെ പ്രീപോള്‍ സര്‍വേ എന്ന പേരില്‍ തിരഞ്ഞെടുപ്പു ഫലം മുന്‍കൂര്‍ കവടി നിരത്തി പ്രവചിക്കുന്ന പ്രൊഫഷണല്‍ ഗണകന്‍മാര്‍ ഫലപ്രഖ്യാപന പ്രവചനവുമായി രംഗത്തുവന്നിരുന്നു. എല്‍ ഡി എഫിന്റെ കാര്യം കട്ടപ്പുക. ബി ജെ പിയുടെ സ്വപ്‌നവും പുഷ്പ്പിക്കാന്‍ പോകുന്നില്ല. കടുത്ത യു ഡി എഫ് പ്രേമികള്‍ക്കു പോലും വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന പ്രവചനം. ശബരിമല അയ്യപ്പനെ മുന്‍നിര്‍ത്തി തങ്ങള്‍ കളിച്ച കളി വിജയിക്കാന്‍ പോകുന്നതിന്റെ മനപ്പായസം കെ പി സി സി പ്രസിഡന്റും കൂട്ടരും മതിയാവോളം കഴിച്ചു കൈ നക്കിരസിച്ചു തുടങ്ങി. അപ്പോഴിതാ വരുന്നു രണ്ടാം ഘട്ട പ്രവചനം. ഏതു ചിഹ്നത്തില്‍ കുത്തിയാലും അതു താമരയില്‍ പതിയുന്ന മോദി മാജിക്ക് കേരളത്തില്‍ കൈപ്പത്തി പാര്‍ട്ടിക്കനുകൂലമായി പതിച്ചോ എന്ന ആശങ്ക. ഉറക്കം നഷ്ടപ്പെട്ട ഇടതുപക്ഷ സഖാക്കളുടെ ശ്വാസം നേരെ വീണത് രണ്ടാം ഘട്ട സര്‍വേഫലം പുറത്തുവന്നപ്പോഴായിരുന്നു. നേരത്തെ പ്രവചിച്ചതു പോലെ അത്ര മോശമൊന്നുമല്ല തങ്ങളുടെ നില എന്നവര്‍ക്കു ബോധ്യപ്പെട്ടു. ഒരു പക്ഷേ, 2014 ആവര്‍ത്തിച്ചേക്കാം. താമര ഒരിടത്തും വിരിയാന്‍ പോകുന്നില്ല. പൊതുവെ ജനവികാരം പിണറായി സര്‍ക്കാറിന് അനുകൂലമാണ്. എന്നിട്ടും വലതു പക്ഷത്തിനിത്ര മുന്‍തൂക്കമോ? സോഷ്യല്‍ മീഡിയയിലെ ചൊറിക്കുത്തു സൈന്യത്തിന്റെ കണ്ണുതള്ളുന്നു. ഒരു സംശയവും വേണ്ടാ, യു ഡി എഫിന് അനുകൂലമായി വല്ലതും സംഭവിച്ചാല്‍ അതിന്റെ ക്രെഡിറ്റും ഇടതുപക്ഷത്തിനവകാശപ്പെട്ടതു തന്നെ. ബി ജെ പിക്കെതിരായി ഇടതുപക്ഷം നടത്തിയ അതിരൂക്ഷമായ വിമര്‍ശനം കേരളത്തില്‍ ഒന്നുമല്ലാതിരുന്ന ബി ജെ പി എന്തൊക്കെയോ ആണെന്ന പ്രതീതി സൃഷ്ടിച്ചു. ഇതൊരു സുവര്‍ണാവസരം ആയി ശ്രീധരന്‍ പിള്ള സംഘം പ്രയോജനപ്പെടുത്തി.

അതൊരു മലര്‍പൊടിക്കാരന്റെ സ്വപ്‌നം മാത്രമായിരുന്നു എന്ന് മെയ് 23 അവരെ ബോധ്യപ്പെടുത്താന്‍ പോകുകയാണ്.
കാക്കയുടെ കൂട്ടില്‍ മുട്ടയിട്ട് പറന്നകലുന്ന കുയിലിന്റെ തന്ത്രമാണ് കേരളത്തില്‍ കോണ്‍ഗ്രസ് എക്കാലത്തും ബി ജെ പി വിമര്‍ശനത്തില്‍ പുലര്‍ത്തിപ്പോന്നത്. ഇത് ആദ്യം മനസ്സിലാക്കിയത് സാക്ഷാല്‍ എ കെ ആന്റണി തന്നെയാണ്. ആന്റണി ചിലപ്പോഴൊക്കെ അറിയാതെ ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞുപോകും. അദ്ദേഹം പറഞ്ഞു: പകല്‍ ഖാദിയും രാത്രിയില്‍ കാവിയും ധരിക്കുന്ന കോണ്‍ഗ്രസുകാരെ നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
കേരളത്തില്‍ കഷ്ടിച്ച് മൂന്നോ നാലോ മണ്ഡലങ്ങളില്‍ മാത്രമാണ് ബി ജെ പി അതിന്റെ സാന്നിധ്യം അറിയിക്കുകയെങ്കിലും ചെയ്തത്. മറ്റ് മണ്ഡലങ്ങളില്‍ സി പി എം വിരുദ്ധത മുഖമുദ്രയാക്കി താമരയില്‍ കുത്തിയാല്‍ കൈപ്പത്തിയില്‍ തെളിയുന്ന വൃത്തികെട്ട വോട്ടുകച്ചവടം ഈ തവണയും വ്യാപകമായി നടന്നിരിക്കാനാണ് സാധ്യത. ബി ജെ പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചവര്‍ക്ക് വോട്ടു കിട്ടിയില്ലെങ്കിലും കാശ് കിട്ടാറുണ്ടെന്നത് സത്യമാണ്. കോലീബി സഖ്യമെന്ന പതിവുപരിപാടി ആവര്‍ത്തിച്ചാല്‍ മാത്രമേ യു ഡി എഫിന് എന്തെങ്കിലും പ്രതീക്ഷകള്‍ക്ക് അവകാശമുള്ളൂ. കാര്യങ്ങള്‍ നേരെ ചൊവ്വേ സംഭവിച്ചാല്‍ കരുതിവെച്ച പടക്കങ്ങള്‍ അത്രയും വല്ല പള്ളി പെരുന്നാളിനോ ക്ഷേത്രോത്സവത്തിനോ പൊട്ടിക്കാന്‍ അവര്‍ നിര്‍ബന്ധിതരായേക്കും.

സര്‍വേഫലം എന്തുമാകട്ടെ, തിരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഇടയില്‍ ഇത്ര ദീര്‍ഘമായ ഒരു ഇടവേള കേരളത്തെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമാണ്. മടുപ്പിക്കുന്ന ഈ ഇടവേളയില്‍ ഇവിടെ ഉയര്‍ന്നു വന്ന ചര്‍ച്ചകള്‍ താഴെപ്പറയുന്ന മൂന്ന് വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ളവയായിരുന്നു.
1.കള്ളവോട്ട്
2.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യക്ഷമത ഇല്ലായ്മ
3. ഭരണ പ്രതിപക്ഷ കക്ഷികളുടെ ആരോപണ പ്രത്യാരോപണങ്ങള്‍. ഇതില്‍ കള്ളവോട്ട് വിഷയം പരിഗണിക്കുമ്പോള്‍ മാധ്യമങ്ങളുടെ കുന്തമുന ഒരു പ്രത്യേക പ്രദേശത്തിനും ആ പ്രദേശത്ത് ജനസ്വാധീനമുള്ള ഒരു പാര്‍ട്ടിക്കും എതിരെ മാത്രം നീളുന്നതെന്ത്‌കൊണ്ട്? ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. തിരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതല്‍ കള്ളവോട്ട് ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. അതിന് കാലദേശ വ്യത്യാസമൊന്നും ഇല്ല. ‘ലക്ഷം മാനുഷര്‍ കൂടും സഭയില്‍ ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ’എന്ന കുഞ്ചന്‍ നമ്പ്യാരുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. കള്ളവോട്ടുള്‍പ്പെടെ ഏത് കള്ളത്തരവും കാട്ടി ആളാകാന്‍ അവസരം കാത്തിരിക്കുന്നവരാണ് ഇവിടുത്തെ ഭൂരിപക്ഷം ആളുകളും. നേര്‍ച്ചപ്പെട്ടി തുറന്നു കിടന്നാല്‍ പുണ്യാളച്ഛനും കൈയിട്ടുവാരും എന്ന് ക്രിസ്ത്യാനികളുടെ ഇടയില്‍ ഒരു ചൊല്ലുണ്ട്. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥ. ഭരണകൂടം പൗരന്മാരെ ഒന്നാകെ സംശയിക്കുന്നു. പൗരന്മാര്‍ക്ക് ഭരണകൂടത്തെ അശേഷം വിശ്വാസമില്ല. കള്ളവോട്ടേത് നല്ലവോട്ടേതെന്ന് തിരിച്ചറിയാനാകാത്ത സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ എന്തിന് വെറുതെ പോളിംഗ് ബൂത്തിലെ സ്ഥലം മിനക്കെടുത്തുന്നു? ഈ വക ചോദ്യങ്ങളെല്ലാം അവഗണിച്ച് കള്ളവോട്ട് കള്ളവോട്ട് എന്ന് വിളിച്ചു കൂവുന്നവര്‍ കള്ളന്‍ സ്വയം കള്ളനെന്ന് വിളിച്ചു കൂവി ഉത്സവപറമ്പിലെ ആനകളെയും ആള്‍ക്കാരെയും ഇളക്കിവിടുന്ന പതിവ് തന്ത്രമാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. ഇത് ജനാധിപത്യ സംസ്‌കാരത്തിനെതിരായ കൊഞ്ഞനം കുത്തലാണ്. പരാജയം മണക്കുന്നവരാണ് പലപ്പോഴും ഈ വിളിച്ചു കൂവലിന് നേതൃത്വം നല്‍കുന്നത്.

ജാതി, മത, വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ട് വോട്ടു നേടുക എന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. പക്ഷെ ഇതല്ലാതെ മറ്റെന്താണിവിടെ നടക്കുന്നത്. സ്വന്തം കണ്ണിലെ കോല് കാണാതെ അന്യന്റെ കണ്ണിലെ കരട് കാണുന്നവരാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ എന്നു പോയ ദിവസങ്ങളിലെ തുറന്ന ചര്‍ച്ചകള്‍ അര്‍ഥശങ്കക്കിടയില്ലാതെ തെളിയിച്ചിരിക്കുന്നു. നേതാക്കന്മാരുടെ ആരോപണ പ്രത്യാരോപണങ്ങളില്‍ കഴമ്പില്ലെന്ന് സമര്‍ഥിച്ച് അവര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും പരസ്പരം മത്സരിക്കുകയാണ്.

തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാകും എന്നു ഭയന്ന്, പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ടവര്‍ പറഞ്ഞില്ലെങ്കില്‍ ‘പറയാനുറച്ച തെറിവാക്കുകള്‍ നാവില്‍ കിടന്നു പുളിച്ചു നാറുന്നു’ എന്ന് കവി പറഞ്ഞത് പോലുള്ള അവസ്ഥ സംജാതമാകും. ഇതൊഴിവാക്കാനാകാം രാമായണവും മഹാഭാരതവും അടക്കമുള്ള ഹിന്ദു പുരാണങ്ങള്‍ പോലും അക്രമത്തിനും വെട്ടിപ്പിടിക്കലിനും സദാചാര ധ്വംസനത്തിനും ന്യായീകരണം നല്‍കുന്ന ഗ്രന്ഥങ്ങളാണ് എന്ന് സീതാറാം യെച്ചൂരി ഒരു പ്രസംഗത്തില്‍ വെട്ടി തുറന്നു പറഞ്ഞത്. ഇതിന്റെ പേരില്‍ യെച്ചൂരിക്കെതിരെ ചട്ടലംഘനത്തിന് കേസുമായി കോടതിയിലെത്തിയ ചങ്ങാതിയുടെ കേസ്, തദ്ക്ഷണം ഫയലില്‍ സ്വീകരിച്ച ജഡ്ജി തീര്‍ച്ചയായും രാമായണമോ മഹാഭാരതമോ ഒരിക്കല്‍ പോലും വായിച്ചിരിക്കാനിടയില്ല.
ആരോപണ പ്രത്യാരോപണങ്ങള്‍ പരസ്പരമുള്ള തന്തക്കു പറയല്‍ വരെ എത്തിയിരിക്കുന്നു. പറഞ്ഞത് മോദിയാണെങ്കിലും അതില്‍ കാര്യം ഉണ്ടെങ്കില്‍ അതിനെ ആദരിക്കുകയാണ് മാധ്യമ ധര്‍മം. രാജീവ് ഗാന്ധിയുടെ പേരില്‍ അയാളെക്കാള്‍ തൂക്കമുള്ള അഴിമതി ആരോപണങ്ങള്‍ നിലവിലുണ്ടായിരുന്നു. ശ്രീലങ്കന്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്നതു കൊണ്ടു മാത്രം അഴിമതി അഴിമതിയല്ലാതാകുന്നില്ല. പാപക്കറ കൊണ്ട് മലിനമാണ് കോണ്‍ഗ്രസിന്റെ എന്നപോലെ ബി ജെ പിയുടെയും കരങ്ങള്‍. ചരിത്രം ഇരുകൂട്ടര്‍ക്കും മാപ്പ് നല്‍കാന്‍ ഇടയില്ല.
ഒന്നുകില്‍ മോദി, അല്ലെങ്കില്‍ രാഹുല്‍ എന്ന അത്യന്തം ലളിതവത്കരിച്ച സമവാക്യത്തില്‍ ഒതുക്കാകുന്നതല്ല 2019 മെയ് 23ന് ശേഷമുള്ള ഇന്ത്യന്‍ അവസ്ഥ. ഒരു രാജ്യത്തിന്റെ ജനതയുടെ ഭാഗധേയം നിര്‍ണയിക്കേണ്ടത് ഇത്തരം ഒറ്റപ്പെട്ട വ്യക്തികളല്ല. വ്യക്തി പൂജ ശക്തിപ്പെടുന്ന ഏതു രാജ്യത്തും ജനാധിപത്യം ദുര്‍ബലമാകുകയേ ഉള്ളു. വാഴ്ത്തു പാട്ടുകളില്‍ ലയിച്ചു ചേര്‍ന്ന് സ്വയം ഇല്ലാതാകലല്ല ജനാധിപത്യം. പേരും പ്രശസ്തിയും പ്രതിച്ഛായയും ഒക്കെ ഉണ്ടാക്കിയെടുക്കുന്ന വെച്ചുകെട്ടലുകളാണ്. അവ ജനാധിപത്യത്തിന്റെ പൊയ്ക്കാലുകളാണ്. മോദിയോ രാഹുലോ അല്ലാതെ മൂന്നാമതൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയില്‍ ഇരിപ്പുറപ്പിച്ചാല്‍ അതിന്റെ പേരില്‍ ഈ രാജ്യം അറബിക്കടലില്‍ താണു പോകുകയൊന്നുമില്ല. നരേന്ദ്ര മോദി ഭാവി പ്രധാനമന്ത്രി ആയില്ലെങ്കിലും ഇന്ത്യാ രാജ്യത്തിന്റെ ഭാവി ഭിന്നിപ്പിക്കലിന്റെ തലവനായിട്ടായിരിക്കും ചരിത്രത്തില്‍ ഇടം നേടുക എന്ന് ടൈം മാഗസിന്‍ നിരീക്ഷിച്ചിരിക്കുന്നു. ഭൂപടത്തിലല്ലാതെ ജനഹൃദയങ്ങളില്‍ ഒരേകീകൃത ഇന്ത്യയെ പ്രതീക്ഷിക്കാന്‍ നമ്മളെ ഭരിച്ച ഭരണാധികാരികള്‍ക്കാര്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല. ഇതിന്റെ പ്രത്യാഘാതമായിരിക്കും മെയ് 23ന് ശേഷം നമ്മള്‍ കാണാന്‍ പോകുന്ന പൂരം.
(ഫോണ്‍- 9447500628)