Connect with us

Ongoing News

ആര്‍ എസ് പിയുണ്ട് എല്ലായിടത്തും

Published

|

Last Updated

രണ്ടരകോടിയോളം വരുന്ന വോട്ടര്‍മാരുള്ള കേരളം പൊതുവെ രാജ്യത്ത് രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സല്‍പ്പേര് നിലനിര്‍ത്തുന്നതില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഒരളവ് വരെ സഹായകമായിട്ടുണ്ടെന്ന് പറഞ്ഞാല്‍ തെറ്റാകാനിടയില്ല. നിലവില്‍ നാല് പ്രമുഖ ദേശീയ പാര്‍ട്ടികളും എട്ട് സംസ്ഥാന പാര്‍ട്ടികളും 49 ചെറുപാര്‍ ട്ടികളുമാണുള്ളത്. എന്നാല്‍ ഇതിലധികവും പിളര്‍ന്ന് പിളര്‍ന്ന് ഉണ്ടായതാണെന്നതാണ് ഏറെ രസകരം. പല പാര്‍ട്ടികളും രൂപവത്കൃത ലക്ഷ്യങ്ങളില്‍ നിന്ന് മാറിയുള്ള കൂട്ടുകെട്ടുകളും സഖ്യങ്ങളും തുടരുന്നുവെന്നത് അതിലേറെ കൗതുകകരമാണ്. വളരുംതോറും പിളരും, പിളരും തോറും വളരും എന്ന പഴഞ്ചൊല്ല് കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ അച്ചട്ടാണ്.

അധികാരം പ്രധാന ലക്ഷ്യമാകുമ്പോള്‍ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് മാറി നേരെ വിപരീത ദിശയിലുള്ള മുന്നണികളില്‍ ചേക്കേറുന്നതിനോ പാര്‍ട്ടിയുടെ നയപരിപാടികളില്‍ നിന്ന് വിഭിന്നമായ നിലപാടുകളെ പിന്തുണക്കാനോ ഇത്തരം പാര്‍ട്ടികള്‍ ഒരു മടിയും കാണിക്കുന്നില്ലെന്നതും രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തില്‍ നിന്നുള്ള കാഴ്ച തന്നെയാണ്.

മാര്‍ക്‌സിസവും ലെനിനിസ്റ്റ് വിശ്വാസ പ്രമാണങ്ങളും ആധാര ശിലയാക്കി 1940 മാര്‍ച്ച് 19ന് രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി. ആദ്യഘട്ടത്തില്‍ സമാന ചിന്താഗതിക്കാരായ സോഷ്യലിസ്റ്റ് നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിക്ക് പശ്ചിമ ബംഗാളിലും കേരളത്തിലും പിന്നീട് ചെറിയ തോതില്‍ ത്രിപുരയിലും മാത്രമാണ് വേരുണ്ടാക്കാന്‍ കഴിഞ്ഞിരുന്നത്. ഇതിലൂടെ കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും പ്രതിനിധികളെ ലോക്‌സഭയില്‍ എത്തിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഈ പാര്‍ട്ടി പിളര്‍ന്ന് പിളര്‍ന്ന് അഞ്ച് വിഭാഗങ്ങളായി മാറിയിട്ടുണ്ട്. നിലവില്‍ മാതൃസംഘടനയായ ആര്‍ എസ് പി ദേശീയ തലത്തില്‍ ഇടതുപക്ഷത്തോടൊപ്പവും കേരളത്തില്‍ യു ഡി എഫിനൊപ്പവുമാണ് നില്‍ക്കുന്നത്.

രൂപവത്കരണത്തിന് ശേഷം ഒമ്പത് വര്‍ഷം കഴിഞ്ഞ് 1949 ഒക്‌ടോബറിലാണ് ആദ്യമായി ആര്‍ എസ് പി ദേശീയ തലത്തില്‍ പിളരുന്നത്. തുടര്‍ന്ന് അന്നത്തെ മുതിര്‍ന്ന നേതാക്കളായിരുന്ന എന്‍ ശ്രീകണ്ഠന്‍ നായര്‍, ബേബിജോണ്‍, കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആര്‍ എസ് പി കേരളഘടകത്തിന് രൂപം നല്‍കി. പിന്നീട് 1952ലെ പൊതുതരിഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നുമായി മൂന്നു പ്രതിനിധികളെ ലോക്‌സഭയിലെത്തിച്ചു. ഇതില്‍ കേരളത്തില്‍ രണ്ട് സീറ്റില്‍ മത്സരിച്ച ശ്രീകണ്ഠന്‍ നായര്‍ രണ്ട്‌സീറ്റിലും വിജയിച്ചിരുന്നു. ഇതിനിടെ 1953 സ്ഥാപക നേതാക്കളിലൊരാളായ ജഗദീഷ് ചന്ദ്ര ചാറ്റര്‍ജി കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയിരുന്നു.

പിന്നീട് 1977ല്‍ ആര്‍ എസ് പി കേരള ഘടകം പിളര്‍ന്ന് ഒരു വിഭാഗം നാഷനല്‍ റവല്യൂഷണറി പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ച് സി പി എം നേതൃത്വം നല്‍കുന്ന മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. 2000ത്തില്‍ ആര്‍ എസ് പി നെടുകെ പിളര്‍ന്നു. ബേബിജോണ്‍ ആര്‍ എസ് പി (ബോള്‍ഷെവിക്) രൂപവത്കരിച്ച് യു ഡി എഫിനൊപ്പം നിന്നു. ഔദ്യോഗിക വിഭാഗം ഇടതുപക്ഷത്തോടൊപ്പം തന്നെ തുടര്‍ന്നു.
2005ല്‍ പാര്‍ട്ടി സെക്രട്ടറി എ വി താമരാക്ഷനും ബാബുദിവാകരനും തമ്മില്‍ തര്‍ക്കം രൂക്ഷമായി ബാബുദിവാകരന്‍ ആര്‍ എസ് പി (മാര്‍ക്‌സിസ്റ്റ്) രൂപവത്കരിച്ചു. പിന്നാലെ എ വി താമരാക്ഷന്‍ പാര്‍ട്ടി വിട്ട് മറ്റൊരു വിഭാഗമായി ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയില്‍ ചേക്കേറി. ഇതോടെ ആര്‍ എസ് പി (ബി) ശോഷിച്ചെങ്കിലും ഓദ്യോഗിക വിഭാഗം മൂന്ന് അംഗങ്ങളുമായി ഇടതുമുന്നണിയോടൊപ്പം തുടര്‍ന്നു. ഇതിനിടെ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചക്കിടെ കൊല്ലം സീറ്റ് നല്‍കണമെന്ന ആവശ്യം മുന്നണി നിരാകരിച്ചതോടെ നാടകീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ച് യു ഡി എഫിലെത്തി. പിന്നീട് യു ഡി എഫ് പിന്തുണയോടെ കൊല്ലത്ത് വിജയിച്ചെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ സീറ്റ് തര്‍ക്കത്തില്‍ മുന്നണി വിടാനുള്ള തീരുമാനം ചോദ്യം ചെയ്ത കോവൂര്‍ കുഞ്ഞിമോന്‍ ആര്‍ എസ് പി ലെനിനിസ്റ്റ് എന്നപേരില്‍ മത്സരിച്ച് എം എല്‍ എയായി ഇപ്പോഴും ഇടതുപക്ഷത്തോടൊപ്പം തുടരുന്നുണ്ട്.

കാസിം എ ഖാദര്‍

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest