Connect with us

Kerala

തിരുവനന്തപുരത്ത് കണ്ടത് കളിപ്പാട്ട ഡ്രോണ്‍; ദുരൂഹതയില്ലെന്ന് ഐജി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാനകേന്ദ്രങ്ങളില്‍ കണ്ടെത്തിയ ഡ്രോണ്‍ കളിപ്പാട്ടമാണെന്ന് പോലീസ് നിഗമനം. സംഭവത്തില്‍ സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ദുരൂഹതയില്ലെന്നും റെയ്ഞ്ച് ഐ.ജി. അശോക് യാദവ് വ്യക്തമാക്കി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അന്വേഷണം തുടരുകയാണെന്നും ഐ.ജി. പറഞ്ഞു.

കഴിഞ്ഞദിവസമാണ് തുമ്പയിലെ വി.എസ്.എസ്.സി. ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ പറക്കുന്നത് കണ്ടെത്തിയത്. ഇതിന് പിന്നാലെ കോവളം ബീച്ച്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം തുടങ്ങിയ കേന്ദ്രങ്ങളിലും ഡ്രോണ്‍ പറന്നതായി കണ്ടെത്തിയിരുന്നു. റെയില്‍വേ സര്‍വേയുമായി ബന്ധപ്പെട്ടാണ് ഡ്രോണുകള്‍ ഉപയോഗിച്ചതെന്ന് പോലീസ് സംശയിച്ചിരുന്നുവെങ്കിലും റെയില്‍വേ ഇക്കാര്യം നിഷേധിച്ചു. തിരുവനന്തപുരം നഗരത്തില്‍ 24 പേരുടെ കൈവശമാണ് ഡ്രോണുകളുള്ളത്. ഇതില്‍ ഒമ്പതെണ്ണത്തിനുമാത്രമാണ് ലൈസന്‍സുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.