Connect with us

Sports

ആരും പറയണ്ട, യുവിക്കറിയാം വിരമിക്കാന്‍

Published

|

Last Updated

യുവരാജ് സിംഗ്

മുംബൈ: ക്രിക്കറ്റ് പ്ലെയിംഗ് കരിയര്‍ അവസാനിപ്പിക്കാന്‍ തോന്നിയാല്‍ ഒട്ടും മടിയില്ലാതെ അത് ചെയ്യും. സമയമായാല്‍ മറ്റാരുടെയും നിര്‍ദേശമില്ലാതെ തന്നെ താനത് ചെയ്യും – ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിന് ശേഷം യുവരാജ് സിംഗ് പറഞ്ഞതാണിത്. ഡല്‍ഹി കാപ്പിറ്റല്‍സിനോട് 37 റണ്‍സിന് പരാജയപ്പെട്ടെങ്കിലും യുവരാജ് പ്രതാപകാലത്തെ ബാറ്റിംഗ് കാഴ്ചയൊരുക്കി. തലങ്ങും വിലങ്ങും പന്ത് പായിപ്പിച്ച യുവിയുടെ ഫഌക് ഷോട്ടുകള്‍ അതിര്‍ത്തിവരക്ക് മുകളിലൂടെ പറന്നത് അവിസ്മരണീയ കാഴ്ചയായി.

ഐ പി എല്‍ ട്രാക്ക് റെക്കോര്‍ഡ് മോശമാണ് യുവിയുടേത്. ഇത്തവണ, അത് മാറ്റാനുറച്ചതു പോലെയാണ് പഞ്ചാബുകാരന്റെ ബാറ്റിംഗ്. ലോകകപ്പ് സ്‌ക്വാഡില്‍ തിരിച്ചെത്താന്‍ രംഗത്തുണ്ടെന്ന സൂചനയാണ് യുവിയുടെ ഇന്നിംഗ്‌സ്. 35 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറുകളും ഉള്‍പ്പടെ 53 റണ്‍സാണ് യുവരാജ് നേടിയത്. അണ്ടര്‍ 16 താരത്തെ പോലെയാണിപ്പോള്‍ താന്‍.

ദേശീയ സീനിയര്‍ ടീം സെലക്ഷനെ കുറിച്ച് ചിന്തിക്കാതെയാണ് കളിക്കുന്നത്. എനിക്ക് ഒരു ഉദ്ദേശ്യമേ ഉള്ളൂ. എങ്ങനെയാണ് കരിയര്‍ ആരംഭിച്ചത് അതുപോലെ അവസാനിപ്പിക്കണം.

ഓരോ പന്തും ആസ്വദിച്ച് കളിക്കുന്നു. ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചപ്പോള്‍ ഇങ്ങനെ ആയിരുന്നു. അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകള്‍ക്കായി കളിച്ചപ്പോഴാണ് ഏറ്റവുമധികം ആസ്വദിച്ച് കളിച്ചത്. ആ മാനസികാവസ്ഥയിലാണിപ്പോള്‍ ഞാന്‍ – യുവരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷം ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു. ക്രിക്കറ്റ് തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ല-മുപ്പത്തേഴുകാരന്‍ പറഞ്ഞു. ഇതേ അവസ്ഥയിലൂടെ കടന്നു പോയ വ്യക്തിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. പറ്റാവുന്ന കാലത്തോളം ആസ്വദിച്ച് കളിക്കുക എന്ന പാഠമാണ് ഞാന്‍ ഉള്‍ക്കൊണ്ടത് -യുവി പറഞ്ഞു.

15 പന്തില്‍ 32 റണ്‍സടിച്ച ക്രുനാല്‍ പാണ്ഡ്യയും 16 പന്തില്‍ 27 റണ്‍സടിച്ച ക്വുന്റന്‍ ഡി കോകും ശ്രമിച്ചിട്ടും മുംബൈക്ക് ഡല്‍ഹി ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. 19.2 ഓവറില്‍ 176ന് ആള്‍ ഔട്ടാവുകയായിരുന്നു. നേരത്തെ റിഷഭ് പന്തിന്റെ മാസ്മരിക ബാറ്റിംഗാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ ഒരുക്കിയത്.

പുറത്താകാതെ 78 റണ്‍സടിച്ച റിഷഭ് 27 പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഏഴ് ഫോറും ഏഴ് സിക്‌സറും ഉള്‍പ്പെടുന്ന കിടിലന്‍ ഇന്നിംഗ്‌സ്. ശിഖര്‍ ധവാന്‍(43), കോളിന്‍ ഇന്‍ഗ്രാം (47) എന്നിവരാണ് റിഷഭിന് പിന്തുണയേകിയ മറ്റ് താരങ്ങള്‍.

---- facebook comment plugin here -----

Latest