അഖിലേഷിനും മുലായത്തിനുമെതിരായ അനധികൃത സ്വത്തു സമ്പാദന കേസ്: സി ബി ഐക്ക് സുപ്രീം കോടതി നോട്ടീസ്

Posted on: March 25, 2019 2:40 pm | Last updated: March 25, 2019 at 5:23 pm

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനും മുതിര്‍ന്ന നേതാവ് മുലായം സിംഗ് യാദവിനുമെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീം കോടതി സി ബി ഐക്ക് നോട്ടീസയച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്കിത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതു താത്പര്യ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.

2007ലാണ് ഇരു നേതാക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. അതിനിടെ, രാഷ്ട്രീയ വൈരാഗ്യത്താല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും എന്‍ ഡി എ സര്‍ക്കാറും തനിക്കെതിരെ സി ബി ഐയെ ഉപയോഗിക്കുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.