Connect with us

Articles

കുഴിവെട്ടി മൂടരുത്‌ രാഷ്ട്രീയ നിലപാടുകള്‍

Published

|

Last Updated

രാജ്യത്ത് വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവം എന്ന് ഇതിനെ വിളിക്കാം. നൂറ് കോടിയോളം വരുന്ന സമ്മതിദായകര്‍ അടുത്ത രണ്ട് മാസത്തിനകം ദേശീയ ഭരണം അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആര്‍ക്കായിരിക്കണം എന്ന് നിര്‍ണയിക്കുന്ന ഒന്നാണിത്. ലോക്‌സഭയില്‍ 542 സീറ്റുകളില്‍ ആര്‍ക്കു ഭൂരിപക്ഷം കിട്ടുന്നുവോ അവരാകും ഭരണം കൈയാളുക. പല സംസ്ഥാന നിയമ സഭകളിലേക്കും ഈ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നുണ്ട്. അങ്ങേയറ്റം വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമായ രാജ്യമാണ് ഇന്ത്യ. ഓരോ സംസ്ഥാനത്തിനും ചിലപ്പോള്‍ അതിനകത്തെ വ്യത്യസ്ത പ്രദേശങ്ങള്‍ക്കും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വൈജാത്യങ്ങള്‍ ഉണ്ടാകും. അതൊക്കെ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘടകങ്ങളാണ്. മതവും ജാതിയും ഉപജാതിയും പണവും ആള്‍ബലവും കുടുംബ മഹിമയുമെല്ലാം ഇതില്‍ മാറ്റുരക്കുന്നു. അഖിലേന്ത്യാ തലത്തില്‍ നോക്കിയാല്‍ ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വളരെ വലുതാണ്. ജനാധിപത്യവും മതേതരത്വവും ഭരണഘടനയും അതിന്റെ സ്ഥാപനങ്ങളായ സുപ്രീം കോടതിയും റിസര്‍വ് ബേങ്കും സി ബി ഐയും തിരഞ്ഞെടുപ്പ് കമ്മീഷനുമടക്കം ഇന്ന് സംശയത്തിന്റെ നിഴലിലാണ്. ഇവയെ ഒക്കെ നിര്‍വീര്യമാക്കിയുള്ള ഭരണത്തിന് ശ്രമിക്കുന്ന ഇന്നത്തെ ഭരണകക്ഷി ഒരിക്കല്‍ കൂടി ജയിച്ചാല്‍ ഇനി ഒരു പക്ഷെ തിരഞ്ഞെടുപ്പ് തന്നെ ഉണ്ടാകുമോ എന്ന സംശയം വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഉണ്ട്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ജനാധിപത്യത്തിന്റെ സംരക്ഷണം തന്നെയാണ്.

2014ലെ തിരഞ്ഞെടുപ്പില്‍ കേവലം മൂന്നിലൊന്നു മാത്രം ജനങ്ങളുടെ പിന്തുണ ലഭിച്ച ഇവര്‍ക്ക് ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചതിനുള്ള ഒരേയൊരു കാരണം എതിര്‍പക്ഷം ഭിന്നിച്ചതാണ് എന്ന് ലളിതമായ കണക്കുകള്‍ നിരത്തിക്കൊണ്ട് തന്നെ പറയാം. ഇക്കാര്യം മിക്കവാറും എല്ലാ പ്രതിപക്ഷ കക്ഷികളും പരസ്യമായി സമ്മതിക്കുന്നുമുണ്ട്. കഴിഞ്ഞ തവണത്തെ അബദ്ധം വരാതിരിക്കാന്‍ പരസ്പരം സഹായിക്കാന്‍ തയ്യാറാണെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇങ്ങനെയൊന്ന് സംഭവിച്ചതാണല്ലോ. പക്ഷെ, ഇക്കാര്യത്തില്‍ ഈ കക്ഷികള്‍ പറയുന്ന നിലപാടുകള്‍ പലയിടത്തും പ്രയോഗത്തില്‍ വരുന്നില്ല എന്നതാണ് പ്രശ്‌നം. തലസ്ഥാന സംസ്ഥാനമായ ദില്ലി തന്നെ നല്ല ഉദാഹരണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളിലും വിജയിച്ചത് ബി ജെ പി ആണ്. അതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഴുപതില്‍ 67 സീറ്റും നേടി ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തി. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും കിട്ടിയില്ല. വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ ദില്ലിയിലെ എല്ലാ സീറ്റുകളും പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും ആഗ്രഹിക്കും. പക്ഷെ, അവിടുത്തെ യാഥാര്‍ഥ്യം മനസ്സിലാക്കുകയും ശക്തമായ സംഘടനാ അടിത്തറയും വോട്ടുമുള്ള, കേന്ദ്ര ഭരണത്തിന്റെ പിന്‍ബലവുമുള്ള ബി ജെ പിക്കു ഒരു സീറ്റുപോലും കിട്ടില്ലെന്ന് ഉറപ്പാക്കണമെങ്കില്‍ കോണ്‍ഗ്രസുമായി സഹകരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു. രാഷ്ട്രീയമായും മറ്റു രീതിയിലും കോണ്‍ഗ്രസുമായി ഏറെ വൈരുധ്യമുള്ള കക്ഷിയാണ് ആം ആദ്മി. അതെല്ലാം പിന്തള്ളിക്കൊണ്ട് കോണ്‍ഗ്രസിന് അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ വിഹിതം നല്‍കാന്‍ പാര്‍ട്ടി തയ്യാറായി. പക്ഷെ, അവിടെ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം എടുത്ത നിലപാടെന്താണ്? രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ടിട്ടും അവര്‍ വഴങ്ങുന്നില്ല. അടുത്ത വര്‍ഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദോഷം വരുമെന്നതാണ് അവരുടെ നിലപാട്. ദില്ലിയില്‍ ബി ജെ പിയെ നിലംപരിശാക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ ഏറ്റവും വലിയ നേട്ടം കോണ്‍ഗ്രസിനാണ് എന്ന പ്രാഥമിക രാഷ്ട്രീയം പോലും മനസ്സിലാക്കാത്തവരല്ല ഈ പ്രാദേശിക നേതാക്കള്‍. പക്ഷെ, അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ആം ആദ്മിയുടെ തോല്‍വിയാണ് ബി ജെ പിയുടെ വിജയത്തേക്കാള്‍ കോണ്‍ഗ്രസ് ഭയപ്പെടുന്നത് എന്നതല്ലേ സത്യം?

ഈ പ്രവണത ദില്ലിയില്‍ മാത്രമല്ല കാണുന്നത്. ഏറ്റവുമധികം സീറ്റുകളുള്ള യു പിയില്‍ പ്രമുഖ കക്ഷികളായ സമാജ് വാദിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യത്തില്‍ കോണ്‍ഗ്രസിലെ സീറ്റുകളുടെ എണ്ണം സംബന്ധിച്ച തര്‍ക്കം തന്നെയാണ് വിഷയം. ഒന്നോ രണ്ടോ സീറ്റിന്റെ പേരില്‍ ഒരു സംസ്ഥാനമാകെയുള്ള ഐക്യം തകര്‍ക്കരുതെന്ന് ഇവര്‍ക്ക് തോന്നാത്തതെന്ത് കൊണ്ട്? കാരണം വ്യക്തം. തങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങളാണ് ഈ നേതാക്കള്‍ക്ക് പ്രധാനം. ആവശ്യമെങ്കില്‍ തങ്ങള്‍ എതിര്‍ത്ത് പോന്ന കക്ഷിയിലേക്ക് കൂറുമാറാനും ഇവര്‍ക്ക് കഴിയുന്നു.
രാഷ്ട്രീയത്തില്‍ ഇല്ലാതാകുന്നത് നിലപാടുകളാണ്, നയങ്ങളാണ്. എന്ത് വിശ്വാസത്തില്‍ ജനങ്ങള്‍ ഇവര്‍ക്ക് വോട്ടു ചെയ്യും? കേരളം പൊതുവെ ഇത്തരം കാലുമാറ്റങ്ങളില്‍ പിന്നിലാണ്. ഇങ്ങനെ പെട്ടെന്ന് മാറുന്നവരെ ജനങ്ങള്‍ തിരിച്ചറിയും എന്നതിനാലാണിത്. എന്നിട്ടും ഈ തിരഞ്ഞെടുപ്പില്‍ നാം അതു കണ്ടു. കോണ്‍ഗ്രസിന്റെ പ്രമുഖ വക്താവെന്നു അറിയപ്പെട്ടിരുന്ന ടോം വടക്കന്‍ നടത്തിയ തകിടം മറിച്ചില്‍ ചാനലുകള്‍ക്ക് ഹരം പകര്‍ന്ന കോമഡിയായി.

പുല്‍വാമയിലെ ആക്രമണത്തോട് കോണ്‍ഗ്രസ് സ്വീകരിച്ച രീതിയാണ് ഇതിന് കാരണമെന്ന് ടോം പറയുന്ന സമീപനം, അതിലേറെ പരിഹാസ്യമായി. തലേന്ന് വരെ ആ നിലപാട് മാധ്യമങ്ങളോട് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. അതുപോലെ കേരളത്തിലെ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക മുഖമായിരുന്ന പി എസ് സിയുടെ മുന്‍ അധ്യക്ഷന്‍ രാധാകൃഷ്ണന്‍ കണ്ണടച്ചു തുറന്നപ്പോള്‍ ആലപ്പുഴയിലെ ബി ജെ പി സ്ഥാനാര്‍ഥിയായി. മുമ്പ് ഇടതു എം എല്‍ എ ആയിരുന്ന കണ്ണന്താനം ഇപ്പോള്‍ മോദി മന്ത്രിസഭയിലെ അംഗമാണ്. ചുരുക്കത്തില്‍ പ്രത്യയശാസ്ത്രമൊന്നും ആര്‍ക്കും ഇന്നൊരു ഭാരമല്ല.
ഈ തിരഞ്ഞെടുപ്പില്‍ ദേശസ്‌നേഹവും സുരക്ഷയും ഭീകരാക്രമണവുമെല്ലാം വിഷയമാക്കാനാണ് സ്വാഭാവികമായും ഭരണകക്ഷി ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ ദുരന്തം നിറഞ്ഞ ഓര്‍മകള്‍ കുഴിച്ചു മൂടപ്പെടണം. കര്‍ഷകരുടെ ആത്മഹത്യകളും കടബാധ്യതയും നോട്ടു നിരോധനം വഴി തകര്‍ന്ന മനുഷ്യ ജീവിതങ്ങളും അതിവേഗം വര്‍ധിച്ച തൊഴിലില്ലായ്മയും മറക്കണം. രാജ്യമാകെ പടരുന്ന വര്‍ഗീയ വിഭജനങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ശുദ്ധവായുപോലും കിട്ടാതെ പിടഞ്ഞു മരിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ മുഖങ്ങളും മറന്നുകളയണം. രാജ്യത്തെ കൊള്ളയടിച്ച് ആകാശത്തോളം വളര്‍ന്ന കോര്‍പറേറ്റുകളും നമ്മുടെ ചില്ലിക്കാശുകള്‍ ചേര്‍ന്ന ബേങ്കുകളുടെ നിക്ഷേപങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ കൊള്ളയടിച്ചു രക്ഷപ്പെട്ട മോദിമാരുടെ കഥകളും ഒരിക്കലും ചര്‍ച്ചയാകരുതല്ലോ.
ഓരോ സംസ്ഥാനത്തെയും സ്ഥിതി പരിശോധിച്ചാല്‍ ബോധ്യമാകുന്ന യാഥാര്‍ഥ്യങ്ങളുണ്ട്. കേരളത്തില്‍ കാര്യങ്ങള്‍ കുറച്ചു വ്യത്യസ്തമാണ്. ഭീകരാക്രമണവും ശബരിമലയുമൊന്നും പ്രതീക്ഷിച്ച പോലെ സംഘ്പരിവാറിന് തുണയാകില്ലെന്ന് ബോധ്യപ്പെട്ടുവരുന്നു. ഇവിടെ പ്രധാന മത്സരം എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ്. ചില മണ്ഡലങ്ങളില്‍ ബി ജെ പി ജയസാധ്യത കാണുന്നുണ്ടെങ്കിലും അതത്ര ഗൗരവതരമാണെന്നു പറയാന്‍ കഴിയില്ല.
പക്ഷെ, കേരളത്തിലെ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്ന ഒരു ഘടകം, സിറ്റിംഗ് എം എല്‍ എമാരുടെ കൂട്ടത്തോടെയുള്ള രംഗപ്രവേശമാണ്. ഇടതുപക്ഷത്ത് നിന്ന് ആറും പ്രതിപക്ഷത്തു നിന്ന് മൂന്നും പേര്‍ ഇങ്ങനെ പോരാട്ട രംഗത്തുണ്ട്. ഇത് ശക്തമായ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ആയിരക്കണക്കിന് നേതാക്കള്‍ ഉള്ള പാര്‍ട്ടികള്‍ എന്തിന് ഇങ്ങനെ ചെയ്യുന്നു? നിയമത്തിന്റെ വഴികള്‍ നോക്കിയാല്‍ ഇതില്‍ തെറ്റില്ല. പക്ഷെ, സാമൂഹികമായി ഇത് വലിയൊരു തെറ്റ് തന്നെയല്ലേ? ഇവര്‍ ജയിച്ചു വന്നാല്‍ ഈ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് വരും. ഇതിനായി സര്‍ക്കാറും പാര്‍ട്ടികളും കോടികള്‍ ചെലവഴിക്കും. ഇതെല്ലാം ജനങ്ങളുടെ തലയില്‍ വരുന്ന ഭാരമാണ്. ഇതൊഴിവാക്കാന്‍ കഴിയുമായിരുന്നില്ലേ?.

യുവാക്കള്‍ക്ക് കുറച്ചു കൂടി പരിഗണന കിട്ടിയിരിക്കുന്നത് യു ഡി എഫിലാണ് എന്ന് പൊതുവെ പറയാം. സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ഇരു കൂട്ടരും ഒരു പോലെ തന്നെ.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉയര്‍ന്നു വന്ന ഒരു വിഷയം കര്‍ഷകരുടെ കടാശ്വാസപദ്ധതി വേണ്ടരീതിയില്‍ നടപ്പായില്ല എന്നതാണ്. കേവലം മൊറൊട്ടോറിയം എന്നതുകൊണ്ട് വലിയ കാര്യമില്ല, തത്കാലം തിരഞ്ഞെടുപ്പിന്റെ കടമ്പ കടക്കാം എന്നേയുള്ളു. ഈ കാലത്തും പലിശ കൂടിക്കൊണ്ടിരിക്കും എന്നതും മറക്കരുത്. ഇത് ശരിയായി നടപ്പാകാതിരുന്നതിന് ആരാണ് കുറ്റക്കാര്‍? ചീഫ് സെക്രട്ടറി ടോം ജോസ് വീഴ്ച വരുത്തി എന്നാണ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പറയുന്നത്. ആ ഉദ്യോഗസ്ഥനെ അറിയാവുന്ന ആരും അത് വിശ്വസിക്കും. തീര്‍ത്തും ജനവിരുദ്ധമാണ് അദ്ദേഹത്തിന്റെ നിലപാടുകള്‍. പക്ഷെ, ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ തെറ്റും കാണാതിരിക്കരുത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഏഴിലധികം ആത്മഹത്യകള്‍ നടന്നു.
പ്രളയ ദുരിതാശ്വാസമടക്കമുള്ള പദ്ധതികള്‍ ശരിയായി നടപ്പാക്കിയിരുന്നെങ്കില്‍ ആത്മഹത്യകളില്‍ പലതും ഒഴിവാക്കാമായിരുന്നു. അതില്‍ ഗുരുതരമായ വീഴ്ചവന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേന്ന് മാത്രമാണോ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നുണ്ടോ? രണ്ടാഴ്ച മുമ്പ് ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ ശരിയായി നടപ്പാക്കാന്‍ കഴിയുമായിരുന്നില്ലേ? ആത്മാര്‍ഥത തന്നെയാണ് പ്രശ്‌നം.

സി ആര്‍ നീലകണ്ഠന്‍

Latest