രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്നുകൂടി മത്സരിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം

Posted on: March 15, 2019 9:01 pm | Last updated: March 16, 2019 at 1:20 pm

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തി കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം. രാഹുല്‍ കര്‍ണാടകയില്‍ കൂടി സ്ഥാനാര്‍ഥിയാകണമെന്ന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു ആവശ്യപ്പെട്ടു.

‘തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്നുള്ള നമ്മുടെ പ്രതിനിധിയായിരിക്കണം. കര്‍ണാടകയില്‍ നിന്ന് മത്സരിക്കണമെന്ന് രാഹുല്‍ അദ്ദേഹത്തോട് അപേക്ഷിക്കുകയാണ്.’-ഗുണ്ടുറാവു ട്വീറ്റ് ചെയ്തു.

ആവശ്യത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും രംഗത്തെത്തി. ‘കര്‍ണാടക എപ്പോഴും കോണ്‍ഗ്രസ് നേതാക്കളെ പിന്തുണച്ചു പോന്നിട്ടുണ്ട്. ഇന്ദിരയുടെയും സോണിയയുടെയും കാര്യത്തിലെല്ലാം ഇത് മുമ്പ് വ്യക്തമായിട്ടുള്ളതാണ്. ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്ന് മത്സരിക്കണം’- സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

രാജ്യം പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിച്ച അവസരങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിച്ചിട്ടുണ്ടെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥും സ്മരിച്ചു. രാഹുലിനെ കര്‍ണാടകയില്‍ മത്സരിക്കാന്‍ ക്ഷണിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.