ഇന്ത്യക്കു ജയിക്കാന്‍ 273

Posted on: March 13, 2019 6:02 pm | Last updated: March 13, 2019 at 7:05 pm

ന്യൂഡല്‍ഹി: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെയും നിര്‍ണായകവുമായ മത്സരത്തില്‍ ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ ശതകത്തിന്റെയും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ അര്‍ധ ശതകത്തിന്റെയും കരുത്തില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. പരമ്പരയില്‍ ഖവാജയുടെ രണ്ടാം സെഞ്ച്വറിയാണിത്.

ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്താണ് ഓസീസ് തുടങ്ങിയത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നായകന്‍ ആരോണ്‍ ഫിഞ്ചും ഖവാജയും ചേര്‍ന്ന് അടിച്ചു കൂട്ടിയത് 76 റണ്‍സ്. 27 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത് ഫിഞ്ച് പുറത്തായി. തുടര്‍ന്നെത്തിയ ഹാന്‍ഡ്‌സ്‌കോമ്പ് ഖവാജയോടൊപ്പം ചേര്‍ന്ന് സ്‌കോറിംഗിന് വേഗം കൂട്ടി. ഈ കൂട്ടുകെട്ടില്‍ നിന്ന് പിറന്നത് 99 റണ്‍സ്. സെഞ്ച്വറി പൂര്‍ത്തിയാക്കി ഖവാജ മടങ്ങിയതോടെ ഓസീസിന് അടി തെറ്റി തുടങ്ങി.

ഒരു റണ്‍സുമായി തിരിച്ചുപോയ ഗ്ലെന്‍ മാക്‌സ്‌വെലിനു പിന്നാലെ ഹാന്‍ഡ്‌സ്‌കോമ്പും വീണു. കുറഞ്ഞ സ്‌കോറിനു ഇന്നിംഗ്‌സിനു വിരാമം കുറിക്കേണ്ടി വരുമെന്ന് തോന്നിപ്പിച്ച ഘട്ടം. എന്നാല്‍ ജയ് റിച്ചാര്‍ഡ്‌സണും പാറ്റ് കമ്മിന്‍സും ചേര്‍ന്ന വാലറ്റം ഉണര്‍ന്നു കളിച്ചതോടെ തെറ്റില്ലാത്ത ടോട്ടല്‍ ഇന്ത്യക്കു മുന്നില്‍ വെക്കാന്‍ ഓസീസിന് കഴിഞ്ഞു. ഇരുവരും ചേര്‍ന്ന് 34 റണ്‍സെടുത്തു. ഇതില്‍ 29 ഉം 21 പന്തില്‍ നിന്ന് റിച്ചാര്‍ഡ്‌സണിന്റെ വകയായിരുന്നു.

ഭുവനേശ്വര്‍ കുമാര്‍ മൂന്നും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.