നീരവ് മോദിയുടെ സുഖവാസം

Posted on: March 11, 2019 9:42 am | Last updated: March 11, 2019 at 9:42 am

പഞ്ചാബ് നാഷനൽ ബേങ്കിൽ നിന്ന് 13,500 കോടി വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യവസായി നീരവ് മോദി ലണ്ടനിൽ സുഖവാസത്തിലാണെന്ന വസ്തുത ദൃശ്യ സഹിതം പുറത്ത് വന്നിരിക്കുകയാണ്. ലണ്ടനിൽ അദ്ദേഹത്തിന് വജ്ര വ്യാപാര സ്ഥാപനമുണ്ട്. നന്നായി കച്ചവടം നടക്കുകയും ചെയ്യുന്നു. പ്രതിമാസം 17,000 പൗണ്ട് (ഏകദേശം 15.5 ലക്ഷം രൂപ) വാടകയുള്ള ഫഌറ്റിലാണ് താമസം. ലണ്ടനിൽ എട്ട് മില്യൺ പൗണ്ടിന്റെ പുതിയ ആഡംബര വില്ല പണിയുകയാണെന്നും സോഹോയിൽ പുതിയ വജ്ര വ്യാപാരം ആരംഭിച്ചതായും ദൃശ്യങ്ങൾ പുറത്തുവിട്ട ദി ടെലിഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു. നീരവ് മോദിക്ക് ബ്രിട്ടനിലെ പെൻഷൻ മന്ത്രാലയത്തിൽ നിന്ന് ഇൻഷ്വറൻസ് നമ്പർ അനുവദിച്ചതായും ഓൺലൈൻ ബേങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള അനുമതിയുണ്ടെന്നും ബ്രിട്ടനിലെ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടെലിഗ്രാഫ് വ്യക്തമാക്കുന്നു.
ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ഇന്റർപോൾ നോട്ടീസ് ഇറക്കുകയും ചെയ്തയാളാണ് നീരവ് മോദി. അങ്ങനെയൊരാൾ ഒരു നിയമവ്യവസ്ഥയെയും പേടിക്കാതെ സുഖലോലുപനായി ലണ്ടനിൽ കഴിയുന്നുവെന്നത് ഇന്ത്യൻ സംവിധാനം എത്രമാത്രം ദുർബലവും മറ്റ് രാജ്യങ്ങളിൽ സ്വാധീനം ചെലുത്താൻ അശക്തവുമാണെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, വൻകിട തട്ടിപ്പുകാരോടും കള്ളപ്പണക്കാരോടും സന്ധിയില്ലാ പോരാട്ടത്തിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറെന്ന അവകാശവാദവും തകർന്നു വീഴുകയാണ്. സർക്കാറിന്റെ അലംഭാവം വ്യക്തമാണെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു.

രൂക്ഷ പരിഹാസമാണ് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ചൊരിഞ്ഞത്. മോദിയുണ്ടെങ്കിൽ എല്ലാം സാധ്യം എന്ന ബി ജെ പിയുടെ മുദ്രാവാക്യം ഉപയോഗിച്ചായിരുന്നു വിമർശം. മോദിയാണെങ്കിൽ എന്തും നടക്കും. 23,500 കോടി തട്ടിയെടുക്കാം. വിദേശത്ത് സുഖമായി കഴിയാം. ഈ ദൃശ്യാവിഷ്‌കാരത്തിന്റെ സംവിധായകനും നിർമാതവും നരേന്ദ്ര മോദിയാണ്; എഡിറ്റിംഗ് അരുൺ ജെയ്റ്റ്‌ലിയും- ഇങ്ങനെ പോകുന്നു കോൺഗ്രസ് നേതാവിന്റെ പരിഹാസം. പ്രധാനമന്ത്രി മോദിയുമായുള്ള നീരവ് മോദിയുടെ അടുപ്പം നേരത്തേ തന്നെ വാർത്തകളിൽ നിറഞ്ഞതാണ്. 2018 ജനുവരി 23ന് ദാവോസിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുക്കാൻ ക്ഷണം ലഭിച്ച ഇന്ത്യൻ വ്യാപാരികളുടെ കൂട്ടത്തിൽ നീരവ് മോദിയും ഉണ്ടായിരുന്നു. ആ കൂട്ടത്തിലേക്ക് പ്രവേശനം കിട്ടണമെങ്കിൽ എസ് പി ജിയുടെ സൂക്ഷ്മമായ വിലയിരുത്തലുകളും പരിശോധനയും കടന്നു പോകേണ്ടതുണ്ട് എന്നിരിക്കെ നീരവ് മോദി പ്രധാനമന്ത്രിയുമായുള്ള സൗഹൃദത്തെ ഉപയോഗപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു. 2016ൽ തന്നെ നീരവ് മോദിയുടെ തട്ടിപ്പുകൾ സർക്കാർ ഏജൻസികൾ പിടിച്ചതാണെന്നോർക്കണം.

നീരവ് മോദി ലണ്ടനിൽ ഉണ്ടെന്ന കാര്യം സർക്കാറിന് അറിയാമായിരുന്നെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ഇപ്പോൾ പറയുന്നത്. നീരവ് മോദിയെ ലണ്ടനിൽ കണ്ടെത്തി എന്നതുകൊണ്ടു മാത്രം അദ്ദേഹത്തെ ഉടൻ ഇന്ത്യയിൽ എത്തിക്കും എന്ന് അർഥമില്ല. നീരവ് മോദിയെ കൈമാറാനുള്ള അപേക്ഷയോട് ബ്രിട്ടന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കേസുള്ളത് ഇത്തരം വ്യവസായ പ്രമുഖരുടെ കാര്യത്തിൽ വികസിത രാജ്യങ്ങൾക്ക് ഒരു പ്രശ്‌നമായി തോന്നാറേയില്ല. 9,000 കോടിയുടെ ബേങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ വിജയ് മല്യയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. 2017ൽ മല്യക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് സ്‌കോട്ട്‌ലൻഡ് യാർഡിന് മുമ്പിൽ കീഴടങ്ങിയെങ്കിലും മല്യയെ ഇന്ത്യയിലെത്തിക്കാൻ സാധിച്ചിട്ടില്ല. കൈമാറ്റ ഉത്തരവിനെതിരെ അപ്പീൽ നടപടികൾ ആരംഭിച്ചതോടെ മല്യ ഇപ്പോഴും പുറത്താണ്. നീരവിന്റെ കാര്യത്തിൽ ഈ ഘട്ടത്തിലേക്കെങ്കിലും എത്താൻ ഇനിയുമേറെ സമയമെടുക്കും. ബ്രിട്ടനിൽ എല്ലാ പരിരക്ഷകളോടെയുമാണ് നീരവ് കഴിയുന്നത്. വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷയിൽ നടപടി ഒച്ചു വോഗത്തിലാണ് താനും.
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ക്രിസ്റ്റിയൻ മിഷേലിന്റെ കാര്യത്തിൽ മൃദു സമീപനം സ്വീകരിക്കാൻ നീരവിനെ വെച്ച് സമ്മർദം ചെലുത്തുകയാണ് ബ്രിട്ടനെന്ന വിലയിരുത്തലും പുറത്ത് വന്നിട്ടുണ്ട്. മിഷേലിന് മതിയായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ബ്രിട്ടനുണ്ട്. നീരവിനെ വിട്ടു നൽകുന്നതിനുള്ള അപേക്ഷ മിഷേലിന്റെ ജുഡീഷ്യൽ കസ്റ്റഡിയുമായി ബന്ധപ്പെടുത്തുകയെന്ന ബ്രിട്ടന്റെ തന്ത്രത്തെ മറികടന്നേ തീരൂ. എന്നാൽ നീരവ് എപ്പിസോഡ് ആകെ പരിശോധിച്ചാൽ വ്യക്തമാകുന്നത് സർക്കാറിലും ഉദ്യോഗസ്ഥതലത്തിലുമുള്ള ഉന്നതർ സംരക്ഷണ കവചമൊരുക്കുന്നുവെന്നാണ്. നീരവ് രാജ്യം വിട്ട ശേഷമാണ് പി എൻ ബി അധികൃതർ പരാതിപ്പെട്ടതെന്നോർക്കണം. കോൺഗ്രസ് സർക്കാറിന്റെ കാലത്താണ് നീരവ് തട്ടിപ്പ് നടത്തിയതെന്ന് ബി ജെ പിയും തട്ടിപ്പുകാരുടെ പേരിന് പിറകേ മോദിയുണ്ടാകുമെന്ന് പരിഹസിച്ച് കോൺഗ്രസും രംഗം കൊഴുപ്പിക്കുമ്പോഴും നീരവും ചോക്‌സിയുമെല്ലാം വിദേശത്ത് സുഖവാസം തുടരുകയാണ്. ചെറു തുകകൾ വായ്പയെടുത്ത് തിരിച്ചടക്കാനാകാതെ ഉഴലുന്ന കർഷകർ ജപ്തി നടപടികൾ നേരിടുകയും ഒടുവിൽ ജീവത്യാഗത്തിൽ അഭയം തേടുകയും ചെയ്യുമ്പോഴാണ് ഈ വമ്പൻമാർ ഒട്ടകപ്പക്ഷിയുടെ തോലു കൊണ്ടുണ്ടാക്കിയ, ഒൻപത് ലക്ഷം രൂപ വിലയുള്ള കോട്ടിട്ട് ക്യാമറക്ക് മുമ്പിൽ ചിരിക്കുന്നത്.