പ്രളയത്തിനു പിന്നാലെ കൊടും വരൾച്ചയിലേക്ക്?

Posted on: March 5, 2019 8:50 am | Last updated: March 4, 2019 at 10:57 pm

നാടും നഗരങ്ങളും വിഴുങ്ങിയ മഹാപ്രളയത്തിനു പിന്നാലെ കേരളം നീങ്ങുന്നത് വരൾച്ചാ ദുരന്തത്തിലേക്കോ? അസഹനീയമായ അത്യുഷ്ണമാണ് വരും ദിനങ്ങളിൽ കേരളം അഭിമുഖീകരിക്കാനിരിക്കുന്നതെന്നാണ് കാലാവസ്ഥാ നരീക്ഷകരുടെ മുന്നറിയിപ്പ്. സാധാരണ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനൽക്കാലമായി കണക്കാക്കുന്നത്. ഈ വർഷം ഫെബ്രുവരി പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് അത്യുഷ്ണം അനുഭവപ്പെട്ടു തുടങ്ങി. പലയിടങ്ങളിലും കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ കൃഷികൾ ഉണങ്ങി നശിക്കുന്നു. അങ്ങിങ്ങായി സൂര്യാഘാതവും റിപ്പോർട്ട് ചെയ്യുന്നു. ആറ് മാസം മുമ്പ് വലിയൊരു പ്രളയം കടന്നു പോയതിന്റെ ഒരു ലക്ഷണവും എവിടെയും അവശേഷിക്കുന്നില്ല. മാത്രമല്ല, അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വിശിഷ്യാ മലബാർ മേഖലയിൽ വൻതോതിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്നും മാർച്ച് 21 വരെ സൂര്യ രശ്മികൾ സംസ്ഥാനത്തേക്ക് തീഷ്ണമായി പതിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ പത്രക്കുറിപ്പിൽ പറയുന്നു. ഇന്നത്തെ നില തുടർന്നാൽ താപനില പത്ത് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടത്രെ. വേനൽമഴയെത്താൻ ഇനിയും വൈകിയാൽ എല്ലാ ജില്ലകളിലും ചൂട് പുതിയ റെക്കോർഡിലെത്തുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.

ഐ ഐ ടി ബോംബെ, ടി ഐ എസ് എസ്, ഓസ്‌ട്രേലിയ മൊണാഷ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനങ്ങളും ഉഷ്ണത്തിന്റെ തീവ്രതയും ആവൃത്തിയും ഇനിയും വർധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രളയാനന്തരം സംസ്ഥാനത്തെ നദികളിലെ വെള്ളം അസാധാരണമായ രീതിയിൽ പെട്ടെന്നു താഴ്ന്നപ്പോൾ, കടുത്ത വരൾച്ചയിലേക്കുള്ള സൂചനയായി കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെട്ടതാണ്. കാലവർഷത്തിൽ നിറഞ്ഞു കവിഞ്ഞ നദികൾ മിക്കതും ഒരു മാസം പിന്നിട്ടപ്പോഴേക്കും വറ്റിവരണ്ടത് പരിസ്ഥിതി വിദഗ്ധരിൽ ഉതകണ്ഠയും ഉളവാക്കിയിരുന്നു. കാലവർഷം താരതമ്യേന നേരത്തേ പെയ്‌തൊഴിഞ്ഞതും വരാനിരിക്കുന്ന വേനലിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. തുലാവർഷ മഴയുടെ കുറവ്, ഈർപ്പമില്ലാത്ത അന്തരീക്ഷത്തിലേക്ക് വരണ്ട വടക്കുകിഴക്കൻ കാറ്റിന്റെ വരവ്. ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ മാറ്റം തുടങ്ങിയവ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രളയ കാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ ധാരാളം വെള്ളം ഒഴുകിയെത്തിയെങ്കിലും അതു ഭൂമിയിലേക്ക് താഴാതെ നേരെ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. തണ്ണീർതടങ്ങളിൽ ഗണ്യഭാഗവും മണ്ണിട്ടു നികത്തുകയും തത്സ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു വരികയും ചെയ്തു. വരൾച്ചയെ തടുത്തു നിർത്തുന്ന മരങ്ങളും പച്ചപ്പുകളും കാവുകളും വെട്ടിനശിപ്പിച്ചു. മണലെടുപ്പും ജലസംഭരണത്തെ സാരമായി ബാധിച്ചു. പുഴകളിലെ വെള്ളം താഴ്ന്നതോടെ കിണറുകളുടെ ജലനിരപ്പും താഴ്ന്നു. പ്രളയത്തിന്റെ കുത്തൊഴുക്കിൽ അവശേഷിച്ചിരുന്ന മണലും ഒഴുകിപ്പോവുകയുണ്ടായി. പ്രളയത്തിന്റെ ആഘാതത്തിൽ മേൽമണ്ണിനു താഴെ ജലം സംഭരിച്ചു നിർത്തിയിരുന്ന മൺപാളിയിൽ വിള്ളലുണ്ടായത് മേൽമണ്ണിന് ജലം പിടിച്ചു നിർത്താനുള്ള ശേഷി കുറക്കുകയും ചെയ്തു. മലനിരകളും കുന്നുകളുമൊക്കെ ശേഖരിച്ചു വെക്കുന്ന ജലശേഖരമാണ് വേനൽക്കാലത്ത് പുഴകളുടെയും തടാകങ്ങളുടെയും സ്രോതസ്സ്. ഇത്തവണ വെള്ളം ശേഖരിച്ചുവെക്കേണ്ട മലമുടികൾ പലതും ഉരുൾ പൊട്ടിയും മണ്ണിടിഞ്ഞും താഴേക്കു പതിച്ചതിനാൽ ഭൂഗർഭത്തിൽ ജലം ശേഖരിക്കപ്പെട്ടില്ല. ഉള്ളവക്കുതന്നെ ജലാഗിരണശേഷി കുറയുകയും ചെയ്തു.

ആഗോള താപനത്തിന്റെ ഭാഗം കൂടിയാണ് കേരളത്തിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും അടുത്ത കാലത്തായി അനുഭവപ്പെടുന്ന ഉഷ്ണതരംഗം. ലോകം അടുത്തുതന്നെ വലിയ തോതിലുള്ള വരൾച്ചക്കും വെള്ളപ്പൊക്കത്തിനും സമുദ്രനിരപ്പ് വർധനവിനും സാക്ഷിയാകുമെന്നും കൃഷി, മത്സ്യബന്ധന മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന ഇന്ത്യ പോലുള്ള ജനസംഖ്യ കൂടിയ രാജ്യങ്ങളെയായിരിക്കും ഇത് കൂടുതലായി ബാധിക്കുകയെന്നും പരിസ്ഥിതി ബൗദ്ധിക കേന്ദ്രമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവിറോൺമെന്റ് (സി എസ് ഇ) റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നേരത്തെ തന്നെ ഐക്യരാഷ്ട്ര സഭയുടെ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്(ഐ പി സി സി)മുന്നറിയിപ്പ് നൽകിയതാണെങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെയും വേഗതയിലുമാണ് ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഐ പി സി സി വൃത്തങ്ങൾ പറയുന്നു. ആഗോള താപനത്തിൽ ഇപ്പോൾ ഒരു ഡിഗ്രി സെൽഷ്യസ് വ്യതിയാനമാണ് അനുഭവപ്പെട്ടത്. ഇത് 1.5 ഡിഗ്രി സെൽഷ്യസിൽ എത്താൻ ഏതാനും വർഷങ്ങൾ മാത്രം മതി. ഇതോടെ ലോകം ഇന്നു വരെ അനുഭവിച്ചിട്ടില്ലാത്ത വിധം വരൾച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗം തുടങ്ങിയ പ്രത്യാഘാതങ്ങൾ നേരിടും. ഇതോടെ മുഴുവൻ ജീവജാലങ്ങളും ജലത്തിനും ഭക്ഷണത്തിനും അത്യധികം പ്രയാസപ്പെടേണ്ടി വരികയും അനതിവിദൂരഭാവിയിൽ വൻ ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യും. ഐ പി സി സിയുടെ നിഗമന പ്രകാരം, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അനുഭവപ്പെട്ടു തുടങ്ങിയ ആഗോള താപ വർധനയുടെ പ്രധാന കാരണം ഹരിതഗ്രഹ വാതകങ്ങളുടെ അളവിലുണ്ടായ വർധനയാണ്. ലോക രാഷ്ട്രങ്ങൾ പാരിസ് ഉടമ്പടി പ്രകാരമുള്ള പ്രതിജ്ഞ ശക്തമായി നടപ്പിൽ വരുത്തുകയാണെങ്കിൽ ആഗോള താപനത്തിലെ വർധന പിടിച്ചു നിർത്താനാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. അമേരിക്ക ഈ ഉടമ്പടിയിൽ നിന്ന് പിന്മാറിയതോടെ ആ പ്രതീക്ഷക്ക് മങ്ങലേറ്റിട്ടുണ്ട്. ചൂഷണാത്മക വികസനം അവസാനിപ്പിക്കുകയും ‘ഹരിത കേരളം’ പോലെയുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്താൽ സംസ്ഥാനത്ത് താപനം കുറേയൊക്കെ നിയന്ത്രിക്കാൻ സാധിച്ചേക്കും.

അത്യാർത്തി വെടിഞ്ഞ് ആവശ്യത്തിനു മാത്രം പ്രകൃതിയിൽ നിന്നെടുക്കാനുള്ള ഒരു മാനസികാവസ്ഥ സമൂഹം ആർജിക്കുകയും വേണം.