ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു; അടച്ചിരുന്ന വിമാനത്താവളങ്ങള്‍ തുറന്നു

Posted on: February 27, 2019 4:35 pm | Last updated: February 27, 2019 at 6:22 pm

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ജാഗ്രതയുടെ ഭാഗമായി താത്കാലികമായി അടച്ചിരുന്ന വിമാനത്താവളങ്ങള്‍ തുറന്നു. ലേ, ജമ്മു, ശ്രീനഗര്‍, ചണ്ഡീഗഡ്, അമൃത്‌സര്‍, ഷിംല, ധരംശാല, ഡെറാഡൂണ്‍, ഭുന്ധര്‍, ഗഗല്‍ എന്നീ വിമാനത്താവളങ്ങളാണ് തുറന്നത്. പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്ന നോട്ടാം ജാഗ്രതാ നിര്‍ദേശവും പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം, സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനു മുകളിലൂടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസ് ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ റദ്ദാക്കി. ഡല്‍ഹിക്ക് വടക്കോട്ടുള്ള വ്യോമ മേഖലയില്‍ നിന്നും വിമാന സര്‍വീസ് ഒഴിവാക്കിയിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ തടഞ്ഞത് നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ലേ, ജമ്മു, ശ്രീനഗര്‍ വിമാനത്താവളങ്ങളിലേക്കുള്ള പല വിമാനങ്ങളും തിരിച്ചുവിട്ടു.