Connect with us

Editorial

കശ്മീരിലെ അധിക സൈനിക വിന്യാസം

Published

|

Last Updated

വ്യാപകമായ അറസ്റ്റുകളും അധിക സേനാ വിന്യാസവുമുൾപ്പെടെ കശ്മീരിൽ ഇപ്പോൾ നടക്കുന്ന സൈനിക ഇടപെടലുകൾ കശ്മീരികൾക്കെതിരെയല്ല, തീവ്രവാദത്തിനെതിരെയാണെന്നാണ് ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിക്കവെ പ്രധാനമന്ത്രി ശനിയാഴ്ച ജയ്പൂരിൽ പറഞ്ഞത്. കശ്മീർ മുസ്‌ലിംകൾ രാജ്യത്തിന്റെ ഭാഗമാണ്, അവർ തീവ്രവാദത്തിൽ തത്പരരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം അമർനാഥ് യാത്രക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഹൈന്ദവ സുഹൃത്തുക്കൾക്ക് രക്തം നൽകാൻ വരിനിന്നവരാണ് മുസ്‌ലിംകളെന്നും മോദി അനുസ്മരിച്ചു.
കശ്മീരിലെ കലുഷിതമായ അന്തരീക്ഷത്തിൽ ആശ്വാസമേകുന്നതാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. എങ്കിലും പുൽവാമക്കു ശേഷം കശ്മീരികൾ ഭയവിഹ്വലരായാണ് ദിനരാത്രികൾ തള്ളിനീക്കുന്നത്. അധിക സേനാ വിന്യാസത്തിന് ശേഷം വിശേഷിച്ചും. നിലവിൽ അവിടെ 65,000 സൈനികരുണ്ട്. സംസ്ഥാന പോലീസും ജാഗ്രത്താണ്. അതിന് പുറമെയാണ് 100 കമ്പനി കേന്ദ്രസേനയെ(പതിനായിരം അർധസൈനികർ) വെള്ളിയാഴ്ച അർധരാത്രി ശ്രീനഗറിൽ വിമാനമാർഗം എത്തിച്ചതും വ്യാപകമായ റെയ്ഡും അറസ്റ്റും നടത്തി വരുന്നതും. കശ്മീരികൾ സമാധാന പ്രിയരാണെന്ന് മോദി തന്നെ സാക്ഷ്യപ്പെടുത്തുന്നു. വിരലിൽ എണ്ണാകുന്നവരേയുള്ളൂ വിഘടന വാദികൾ. ഇവരെ പിടികൂടാൻ എന്തിനാണ് ഇത്ര വലിയ സജ്ജീകരണങ്ങൾ?

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമാണ് പുതിയ സേനാവിന്യാസമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ, പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനാണെന്നാണ് കശ്മീരികൾ വിശ്വസിക്കുന്നത്. മുൻകാലാനുഭവങ്ങൾ അങ്ങനെ വിശ്വസിക്കാൻ അവരെ നിർബന്ധിതരാക്കുന്നു. തീവ്രവാദ അക്രമങ്ങൾ അരങ്ങേറുമ്പോഴെല്ലാം സൈനിക ക്രൂരതകൾക്ക് ഇരയാകാറുണ്ട് കശ്മീരികൾ. അതിർത്തിക്കപ്പുറത്ത് നിന്നു കടന്നുവന്നവരായിരിക്കും മിക്കപ്പോഴും അക്രമികൾ. എന്നാൽ, സംശയത്തിന്റെ പേരിൽ സൈന്യം നിരപരാധികളായ കശ്മീരികളുടെ വീടുകൾ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യാനെന്ന പേരിൽ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ പിടിച്ചുകൊണ്ടു പോകുന്ന യുവാക്കളിൽ പലരും പിന്നീട് മടങ്ങിയെത്താറില്ല. സ്‌റ്റേറ്റ് ഹ്യൂമൺ റൈറ്റ് കമ്മീഷൻ കശ്മീരിലെ മൂന്ന് ജില്ലകളിൽ നടത്തിയ തെളിവെടുപ്പിൽ മാത്രം 2,730 അജ്ഞാത മൃതദേഹങ്ങളാണ് കിട്ടിയത്. ഇവയിൽ തിരിച്ചറിഞ്ഞ 574 എണ്ണവും കാണാതായ പ്രദേശ വാസികളുടെതായിരുന്നു.

കുട്ടികൾ പോലും ഇവരുടെ പീഡനത്തിനും വെടിയുണ്ടകൾക്കും ഇരയാകാറുണ്ട്. കശ്മീരിലെ മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായ ജമ്മു-കശ്മീർ കൊളീഷൻ ഓഫ് സിവിൽ സൊസൈറ്റി ഒരു വർഷം മുമ്പ് പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ 15 വർഷത്തിനിടെ ജമ്മു കശ്മിരിൽ 144 കുട്ടികൾ സൈനികാക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 1990 വരെ ഇടക്ക് വല്ലപ്പോവും വിഘടന വാദികളുടെ വിമോചന മുദ്രാവാക്യങ്ങളും പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറുന്ന തീവ്രാദികളുടെ ആക്രമണവും മാത്രമേ കാശ്മീരികൾ സഹിക്കേണ്ടിവന്നിരുന്നുള്ളൂ. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികളെ അടിച്ചമർത്താനായി ബ്രിട്ടീഷുകാരുടെ കരിനിയമത്തിന്റെ മാതൃകയിൽ തയാറാക്കിയ “അഫ്‌സ്പ” 1990ൽ കശ്മീരിലേക്കും വ്യാപിപ്പിച്ചതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പട്ടാള സാന്ദ്രമായ ഈ നാട് ഭരണകൂട ഭീകരതയുടെ ഇരയായി മാറിയിരിക്കുകയാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വെളിപ്പെടുത്തൽ. സമാധാനം സ്ഥാപിക്കാനെന്ന പേരിൽ പറന്നിറങ്ങുന്ന സൈനികർ “അഫ്‌സ്പ”യുടെ മറവിൽ കാശ്മീരിൽ ഉള്ള സമാധാനവും കൂടി തകർത്തുകൊണ്ടിരിക്കയാണെന്നാണ് ആംനസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇത്തരം വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്‌നമായി കശ്മീരിനെ എണ്ണിയതും.

തോക്കുകൾ കൊണ്ടോ പട്ടാളത്തെ കൊണ്ടോ കശ്മീരിനെ സമാധാനത്തിലേക്ക് നയിക്കാനാവില്ല. അധിക സൈനിക വിന്യാസമോ, “അഫ്‌സ്പ”യോ അല്ല നയചാതുരിയാണ് അവിടെ വേണ്ടത്. സുരക്ഷക്കെന്ന പേരിൽ വിന്യസിച്ച സൈന്യത്തെയാണ് കശ്മീരികൾ ഭയപ്പെടുന്നത്. സൈന്യത്തെ ഉപയോഗിച്ചു ഭരണകൂടം “ദേശസ്‌നേഹം” അടിച്ചേൽപ്പിക്കുമ്പോൾ പലരെയും അത് ചെന്നെത്തിക്കുന്നത് തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കുമാണ്.
വീട്ടിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിച്ച ശേഷം പുരുഷന്മാരെ അകാരണമായി പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചു ബൂട്ട്‌സ്പ്രയോഗം നടത്തിയാൽ എങ്ങനെയാണ് ദേശസ്‌നേഹം വളരുക? പൊതുസുരക്ഷാ നിയമപ്രകാരം ഇവിടെ ആയിരക്കണക്കിനാളുകൾ വിചാരണ കൂടാതെ ജയിലിൽ കഴിയുന്നുമുണ്ട്. പ്രത്യേഗധികാരവുമായി സൈന്യത്തെ നിയോഗിച്ച ശേഷം ഇന്ത്യയും കശ്മീർ ജനതയും തമ്മിലുള്ള അകലം വലുതായിരിക്കുകയാണെന്ന കാര്യം വിസ്മരിക്കരുത്. ജനങ്ങൾ നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ തോക്ക് കൊണ്ട് നേരിടാനേ സൈന്യത്തിനറിയൂ. ചർച്ചകളിലൂടെ കശ്മീരി ജനതയുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാനുള്ള വിവേകമാണ് ആവശ്യം.