Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ്. രണ്ട് ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. അതേ സമയം കസ്റ്റഡിയിലുള്ളവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെ പിടികൂടാനായി കര്‍ണാടക പോലീസിന്റെ സഹായവും കേരള പോലീസ് തേടിയിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിടാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണിത്.

അതേ സമയം പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ മുന്‍ വൈരാഗ്യമാണ് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊലയാളികള്‍ അതിക്രൂരമായാണ് കൊലപാതകം നടപ്പിലാക്കിയതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൃപേഷിന്റെ തല വെട്ടേറ്റ് പിളര്‍ന്ന നിലയിലായിരുന്നു. പതിമൂന്ന് സെന്റീമീറ്ററോളം ആഴത്തിലുള്ളതായിരുന്നു ഈ മുറിവ്. കാലില്‍ പത്തിലധികം വെട്ടേറ്റിട്ടുണ്ട്. ശരത് ലാലിന്റെ തല വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. കഴുത്തില്‍ ഇരുപത്തിമൂന്ന് സെന്റീമീറ്റര്‍ നീളത്തിലുള്ള മുറിവുണ്ട്. വാളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പരിശോധനയില്‍ കണ്ടെത്തി. രാഷ്ട്രീയ വൈരാഗ്യവും ഗൂഢാലോചനയും കൊലപാതകത്തിന് പിന്നിലുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശരത്‌ലാല്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ശരത്‌ലാലിനെയാണ് അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ക്യപേഷ് കെണിയില്‍ വീഴുകയായിരുന്നു. കൊലപാതകത്തില്‍ ദൃക്‌സാക്ഷിയില്ലാതിരിക്കാനാണ് കൃപേഷിനെ വകമരുത്തിയതെന്നാണ് കരുതുന്നത്.