Connect with us

Cover Story

ഇതാ ഒരു ഹിച്ച്‌ഹൈക്കര്‍

Published

|

Last Updated

ശാക്കിര്‍ സുബ്ഹാന്‍ യാത്രക്കിടെ

കഴിഞ്ഞ ജൂലൈ ആറ് വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ശാക്കിര്‍ സുബ്ഹാന്റെ കൈയിലുള്ളത് 750 രൂപ. നേപ്പാള്‍ ആണ് ലക്ഷ്യം. ഇരിട്ടിയില്‍ നിന്ന് സുഹൃത്തിന്റെ കൂടെ ബെംഗളൂരുവിലേക്ക്. ബെംഗളൂരു മുതല്‍ വാഹനങ്ങള്‍ക്ക് കൈ കാണിച്ച് തുടങ്ങി. രണ്ട് ബൈക്കുകളിലായി ബെഗാപ്പള്ളി വരെയെത്തി. വീണ്ടും വഴിയോരത്ത് കാത്തിരിപ്പ്. കുറേ സമയം കൈ കാണിച്ചിട്ടും ഒരു വാഹനവും നിര്‍ത്തിയില്ല. അടുത്തുള്ള കുടുംബ സുഹൃത്തിനെ വിളിച്ചന്വേഷിച്ചപ്പോള്‍ വൈകുന്നേരം ഹൈദരാബാദിലേക്ക് ലോറി പോകുന്നുണ്ടെന്നറിഞ്ഞു. പൂക്കളുമായി ഹൈദരാബാദിലേക്ക് പോകുന്ന ലോറിയാണ്. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്ന ലോറിക്കാരുടെ ജീവിതം ശരിക്കും അനുഭവിച്ച യാത്രയായിരുന്നു അവിടുന്നങ്ങോട്ട്. ഹൈദരാബാദില്‍ നിന്ന് നാഗ്പൂരിലേക്കും ലക്‌നോയിലേക്കുമൊക്കെ വണ്ടി പോകാറുണ്ടെന്നും മാറിക്കയറാമെന്നും അറിയാന്‍ സാധിച്ചു. ഉത്തരേന്ത്യയിലെ കള്ളന്മാരെ സൂക്ഷിക്കണമെന്നും ലോറിക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള നെഹ്‌റു ഔട്ടര്‍ റിംഗ് റോഡ് ടോള്‍ബൂത്തില്‍ അവര്‍ ഇറക്കി.

ഇനിയങ്ങോട്ടുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. അപകടങ്ങള്‍ പലതും വന്നേക്കാം. ലോറിക്കാര്‍ തന്നെ അപായപ്പെടുത്തിയേക്കാം. ആശങ്കകള്‍ ഏറെയുണ്ടെങ്കിലും യാത്ര തുടരാനായിരുന്നു തീരുമാനം. “ഹംകൊ ബഹുത് ദൂര്‍ ജാനാഹെ ഭായ്” (ഞങ്ങള്‍ ഒരുപാട് ദൂരം യാത്ര ചെയ്യും), ഒരു ലോറിക്ക് കൈ കാണിച്ച് എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയായിരുന്നു ഇത്. സന്തോഷമായി, പോകേണ്ടത് ലക്‌നോയിലേക്കാണ്, അവിടെ വരെയുണ്ടെങ്കില്‍ യാത്ര എളുപ്പമാകും. ആശങ്കയും ഇല്ലാതില്ല. രണ്ട് പേരും ഉത്തര്‍ പ്രദേശുകാരാണ്. നാല് മാസമായി വീട്ടില്‍ നിന്നിറങ്ങിയിട്ട്, ഇനി രണ്ട് മാസം കൂടി കഴിയും വീടണയാന്‍. അതുവരെ ലോറിയുമായി വിവിധ ട്രിപ്പുകളെടുത്ത് ഇന്ത്യ ചുറ്റും. പിന്നെ ഒരു മാസം ലീവ്. വഴിയില്‍ ഇടക്കിടെ ടോള്‍ ബൂത്തുണ്ട്. അവിടെയൊക്കെ പോലീസും. രണ്ടിടത്തും പൈസ കൊടുക്കണം. ഇടക്ക് ഡ്രൈവര്‍ക്ക് ഒരു ഫോണ്‍ വന്നു. ജബല്‍പൂരില്‍ നിന്ന് അയോധ്യയിലേക്ക് ചരക്കുണ്ടെന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ അയോധ്യയില്‍ വിടാമെന്നായി.

അവിടെ നിന്ന് നേപ്പാളിലേക്ക് പോകാന്‍ എളുപ്പമാണെന്ന് അവര്‍ പറഞ്ഞു. അലഹബാദും യമുന, ഗംഗ നദികളും കടന്ന് അയോധ്യയെത്തി. ഹൈദരാബാദില്‍ നിന്ന് 52 മണിക്കൂര്‍ നീണ്ട 1600 കി. മി. ദൂരം പിന്നിട്ട ഈ ലോറിക്കാരുമൊത്തുള്ള യാത്ര ഇവിടെ അവസാനിക്കുന്നു. ഇറങ്ങിയ സ്ഥലത്ത് നിന്ന് ഘോരക്പൂര്‍ ഹൈവേയിലെത്തിയാലേ നേപ്പാള്‍ അതിര്‍ത്തിയിലേക്ക് വണ്ടി കിട്ടൂ. ഗ്രാമമാണ്, കള്ളന്മാര്‍ ഉണ്ടാകും, സൂക്ഷിക്കണമെന്ന് ലോറിക്കാരുടെ മുന്നറിയിപ്പ്. അവര്‍ തന്നെ ഓട്ടോ ഏര്‍പ്പാടാക്കി തന്നു. ഹൈവേയില്‍ നിന്ന് മൂന്ന് ബൈക്കുകള്‍ മാറിക്കയറി അടുത്തുള്ള ദാബയിലെത്തി. അവിടെ നിന്ന് അതിര്‍ത്തി വരെ പോകുന്ന ഒരു ലോറി കിട്ടി. രാത്രി പത്തിന് അതിര്‍ത്തിയില്‍. കസ്റ്റംസ് ഓഫീസിന്റെ അടുത്ത് ടെന്റ് കെട്ടി സുഖസുഷുപ്തി. രാവിലെ എണീറ്റ് നടന്ന് നേപ്പാള്‍ അതിര്‍ത്തി കടന്നു.
***

നയാപൈസയില്ലാതെ
ഉലകം ചുറ്റും മല്ലു ട്രാവലര്‍…
ഇതാണ് ഹിച്ച്‌ഹൈക്കിംഗ്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ലിഫ്റ്റടി. ഓണ്‍ലൈന്‍ ലോകത്ത് മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ശാക്കിറിന്റെ യാത്രകള്‍ ഇങ്ങനെയാണ്. അഞ്ച് പൈസ ചെലവില്ലാതെ കേരളത്തില്‍ നിന്ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു വരെ 3300 കിലോ മീറ്റര്‍ പോയി തിരിച്ചുവന്നു, കണ്ണൂര്‍ ഇരിട്ടി വികാസ് നഗര്‍ സ്വദേശിയായ ഈ 28കാരന്‍. ഇത്തരത്തില്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയായി ഇദ്ദേഹം. മറ്റു യാത്രികരില്‍ നിന്ന് വ്യത്യസ്തനാകണം എന്ന ചിന്തയാണ് ശാക്കിറിനെ, വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്യുന്ന ഹിച്ച്‌ഹൈക്കിംഗില്‍ എത്തിച്ചത്. ഗൂഗിള്‍ ചെയ്തപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം യാത്രികര്‍ ധാരാളമുണ്ടെന്ന് മനസ്സിലായി. ഇന്ത്യയില്‍ ഇതുവരെ അങ്ങനെ യാത്ര ചെയ്തതായി കണ്ടില്ല. അങ്ങനെയാണ് ഈ മാര്‍ഗം തിരഞ്ഞെടുത്തത്.

ശാക്കിറിന്റെ ഹിച്ച്‌ഹൈക്കിംഗിലേക്ക് തന്നെ വരാം. അതിര്‍ത്തി കടന്നു നേപ്പാളിലെത്തി. കാഠ്മണ്ഡുവാണ് ലക്ഷ്യം. മറ്റൊരു രാജ്യമാണ്. എന്താകുമെന്ന് അറിയില്ല. ഇന്ത്യന്‍ ലോറികള്‍ക്ക് രാത്രി 10 മണി കഴിഞ്ഞാല്‍ മാത്രമെ അതിര്‍ത്തി കടക്കാനാകൂ. അതുകൊണ്ട് ലോറി കിട്ടും എന്ന പ്രതീക്ഷ ഇല്ല. പിന്നെ പല വാഹനങ്ങളിലായി ലിഫ്റ്റടിച്ച് യാത്ര തുടര്‍ന്നു. 150 കി. മീ. പിന്നിട്ടു. ഒരു ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോള്‍, ഫോട്ടോ എടുക്കാനായി സെല്‍ഫി സ്റ്റിക്ക് പുറത്തേക്ക് നീട്ടിയപ്പോള്‍ മറ്റൊരു ബൈക്കിടിച്ച് മൊബൈല്‍ താഴെ വീണ് തകര്‍ന്നതിനാല്‍ മാപ്പ് നോക്കാന്‍ വഴിയില്ലാതായി. പക്ഷേ ധൈര്യം ചോര്‍ന്നില്ല. ഗയ്ന്റക്കോട്ട് എത്തിയപ്പോള്‍ കുറച്ചകലെ പോലീസ് ഔട്ട്‌പോസ്റ്റ് കണ്ടു. അവിടെ ചെന്ന് കാര്യം പറഞ്ഞു. അവര്‍ ഒരു മിനി ലോറിയില്‍ കയറ്റി വിട്ടു. രാത്രി പത്തിന് കാഠ്മണ്ഡുവില്‍. ടെന്റ് കെട്ടാന്‍ പറ്റിയ സ്ഥലമുണ്ടോ എന്ന് അവിടെയുള്ള സുഹൃത്ത് സിറാജിനോട് വിളിച്ചന്വേഷിച്ചു. ബസ് സ്റ്റാന്‍ഡ് ഉണ്ടെന്നായിരുന്നു മറുപടി.

സെക്യൂരിറ്റിക്കാരന്റെ അടുത്ത് ചെന്ന് സിറാജിന്റെ നമ്പര്‍ കൊടുത്തു. സിറാജുമായി അയാള്‍ ഫോണില്‍ സംസാരിച്ചു. ടെന്റ് എടുത്ത് തുറക്കാന്‍ തുടങ്ങിയപ്പോള്‍ ആറേഴ് സെക്യൂരിറ്റിക്കാരന്‍ ഓടിവന്ന് ടെന്റ് എടുത്ത് മാറ്റാനും പുറത്ത് പോകാനും പറഞ്ഞു. അടിവീഴാറായപ്പോഴേക്കും സമ്മതം തന്ന സെക്യൂരിറ്റി ഓടിയെത്തി കാര്യം പറഞ്ഞു. അങ്ങനെ നെപ്പാളിലെ കാഠ്മണ്ഡു ബസ് സ്റ്റാന്‍ഡില്‍, ചുറ്റും സെക്യൂരിറ്റികളുടെ കാവലില്‍, കൈയില്‍ പൈസയില്ലെങ്കിലും വി ഐ പിയെ പോലെ ഉറക്കം. പിറ്റേദിവസം തന്നെ അവിടെ നിന്ന് തിരിച്ച് നാട്ടിലേക്ക്. തിരിച്ചുള്ള യാത്ര ഹിച്ച്‌ഹൈക്കിംഗ് അല്ലായിരുന്നു.

ലിഫ്റ്റടി, ഇരിട്ടി മുതല്‍
സിംഗപ്പൂര്‍ വരെ…
മല്ലുട്രാവലറിന്റെ രണ്ടാമത്തെ ഹിച്ച്‌ഹൈക്കിംഗ്, ഇന്ത്യയില്‍ നിന്ന് തുടങ്ങി ഭൂട്ടാന്‍, മ്യാന്‍മര്‍, ലാവോസ്, വിയറ്റ്‌നാം, കംബോഡിയ, തായലാന്‍ഡ്, മലേഷ്യ വഴി സിംഗപ്പൂരിലാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ തവണ പോലെ അഞ്ച് പൈസ ഇല്ലാതെയല്ല ഈ യാത്ര. വിവിധ രാജ്യങ്ങളുടെ അതിര്‍ത്തി കടക്കേണ്ടതിനാലും പല രാജ്യങ്ങളിലും ഹിച്ച്‌ഹൈക്കിംഗ് പാടില്ലാത്തതിനാലും കുറച്ച് പണം കരുതിയിരുന്നു. ഇരിട്ടിയില്‍ നിന്നും അമരാവതിയിലേക്ക് ഓറഞ്ച് എടുക്കാന്‍ പോകുന്ന ലോറിയിലായിരുന്നു ആദ്യ ലിഫ്റ്റ്. അമരാവതിയില്‍ നിന്ന് നാഗ്പൂരിലേക്ക് മലപ്പുറത്തുകാരുടെ ലോറിയില്‍. തുടര്‍ന്ന് മറ്റൊരു ലോറിയില്‍ കൊല്‍ക്കത്ത വരെയെത്തി. ശേഷം ലോറിയിലും ബൈക്കുകളിലും കാറിലുമൊക്കെയായി പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍. ഈ യാത്രയില്‍ ഒരു യാദൃച്ഛികതയുണ്ടായി. കാഠ്മണ്ഡു യാത്രയില്‍ ഹൈദരാബാദില്‍ നിന്ന് അയോധ്യ വരെ എത്തിച്ച ലോറിക്കാര്‍ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ കാത്ത് നിന്നിരുന്നു. അവരുടെ അടുത്ത വേഗം എത്താനായി ബസിലും യാത്ര ചെയ്തു. ഭൂട്ടാന്‍ വിസ കിട്ടാന്‍ കടമ്പകള്‍ നിരവധിയാണ്.

ഹോട്ടല്‍ ബുക്കിംഗ് വേണം, ഒറ്റക്ക് വരുന്നവരാകരുത് അങ്ങനെയങ്ങനെ… ഒരു വിധം പറഞ്ഞ് വിസ തരപ്പെടുത്തി. ആദ്യം പെര്‍മിറ്റ് തന്നത് തിംഫുവിലേക്ക്. അവിടുന്ന് വേറെ പെര്‍മിറ്റ് എടുക്കണം. രണ്ട് വാഹനങ്ങളിലായി തിംഫുവിലെത്തി. രണ്ട് ദിവസം അവിടെ കറങ്ങി. ഇനി ജിലൂഫു വഴി അസാമിലേക്ക്. അതിന് വേറെ പെര്‍മിറ്റ് എടുത്തു. ഈ പാസ് കിട്ടണമെങ്കില്‍ ബസ് ടിക്കറ്റെടുക്കണം. പിറ്റേദിവസം രാവിലെ ജിലൂഫുവിലേക്ക് തിരിച്ചു. ജിലൂഫുവില്‍ നിന്ന് അസാമിലെ ഗുവാഹത്തിയിലേക്ക് ലോറി കിട്ടി. 250 കിലോമീറ്റര്‍ യാത്ര ഏറെ അപകടകരമായിരുന്നു. വഴിയില്‍ പലയിടത്തായി മുപ്പതോളം വരുന്ന ബോഡോവദികള്‍ വണ്ടി തടയുന്നു. പണം കൊടുത്താലേ പോകാന്‍ കഴിയൂ. അല്ലെങ്കില്‍ ഏത് വിധത്തിലുള്ള ആക്രമണവും ഉണ്ടായേക്കാം. തനിച്ച് ആരും ഈ വഴി യാത്ര ചെയ്യാറില്ല. നാല് ലോറികള്‍ ഒരുമിച്ചാണ് പോയിക്കൊണ്ടിരിക്കുന്നത്. മുതലാളി മറ്റൊരു വാഹനത്തില്‍ കൂടെയുണ്ട്. അയാള്‍ അവര്‍ക്ക് പണം കൊടുക്കുന്നു. ഇടക്ക് പഞ്ചാബികളുടെ രണ്ട് ലോറികള്‍ കണ്ടു. ഡ്രൈവര്‍ എന്നെ ആ ലോറിയിലേക്ക് മാറ്റി. കാരണം, പഞ്ചാബികളെ ഇവര്‍ ആക്രമിക്കില്ല.

ഭാഷ പ്രശ്‌നമേ
അല്ല
ജിലൂഫുവില്‍ നിന്ന് വാഹനങ്ങളെന്നും കിട്ടിയില്ല. ബസില്‍ നാഗാലാന്‍ഡ് വഴി മണിപ്പൂരിലെ ഇംഫാലിലെത്തി. തുടര്‍ന്ന് മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് വയനാട്ടുകാരന്‍ ബൈക്ക് റൈഡറെ കിട്ടി. മ്യാന്‍മര്‍ വിസക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അതിര്‍ത്തിയില്‍ തമിഴ് വംശജരുണ്ട്. അവരോട് കൂടെ ഒരു ദിവസം തങ്ങി. പിറ്റേന്ന് വിസ തരപ്പെട്ടു. തമുവില്‍ നിന്ന് മണ്ടലയയിലേക്ക് കാര്‍ കിട്ടി. ഭാഷയറിയാത്തവരുടെ കൂടെ ആംഗ്യഭാഷയുമായി ദീര്‍ഘദൂര യാത്ര. ഗൂഗിള്‍ ട്രാന്‍സലേഷന്‍ ഉപയോഗിച്ച് ഭക്ഷണം, ബാത്ത് റൂം സൗകര്യങ്ങള്‍ നടത്തി. മണ്ടലയയില്‍ നിന്ന് പോകേണ്ടത് തായ്‌ലാന്‍ഡിലേക്കാണ്. പക്ഷേ എങ്ങനെ അന്വേഷിക്കും എന്നറിയാതെ കുഴങ്ങി. അവസാനം ഇന്ത്യന്‍ ഹോട്ടല്‍ ഉണ്ടെന്നറിഞ്ഞു. അവിടേക്ക് ഒരു ബൈക്ക് തരപ്പെടുത്തി.

യാംഗൂണ്‍ വരെ ട്രെയിനില്‍. ബസില്‍ തായ്‌ലാന്‍ഡ് അതിര്‍ത്തിയിലേക്ക്. തായ്‌ലാന്‍ഡില്‍ നിന്ന് ലാവോസിലേക്ക് പൂര്‍ണമായും ഹിച്ച്‌ഹൈക്ക് ആയിരുന്നു. ബൈക്ക്, കാര്‍, ലോറി എന്നിവയില്‍ യാത്ര. രണ്ട് ദിവസം കൊണ്ട് ലാവോസിലെ വിയന്റിയനില്‍. അവിടെ കണ്ണൂര്‍ സ്വദേശി സ്വലാഹുദ്ദീന്റെ കൂടെ കുറച്ച് ദിവസം താമസിച്ചു. പിന്നെ വിയറ്റ്‌നാമിലേക്ക് തിരിച്ചു. പക്ഷേ വാഹനങ്ങളൊന്നും നിര്‍ത്തുന്നില്ല. നടക്കാന്‍ തന്നെ തീരുമാനിച്ചു. ലാവോസിന്റെ ഗ്രാമപ്രദേശത്ത് കൂടി കിലോമീറ്ററുകളോളം നടന്നു. രണ്ട് ദിവസം കൊണ്ട് വിയറ്റ്‌നാമില്‍ എത്തി. ഹിച്ച്‌ഹൈക്കിംഗ് നടക്കില്ലെന്ന് വിയറ്റ്‌നാമിലെ സുഹൃത്തുക്കള്‍ പറഞ്ഞു. അതുകൊണ്ട് ട്രെയിനില്‍ കംബോഡിയയിലേക്ക്. തുടര്‍ന്ന് കംബോഡിയ, തായ്‌ലാന്‍ഡ്, മലേഷ്യ വഴി സിംഗപ്പൂര്‍ വരെ വിവിധ വാഹനങ്ങളിലായി യാത്ര തിരിച്ചു.

ഹിച്ച്‌ഹൈക്കിംഗ് പറ്റുന്നിടത്തൊക്കെ അങ്ങനെയായിരുന്നു യാത്ര. ചില രാജ്യങ്ങളില്‍ ഹിച്ച്‌ഹൈക്കിംഗിന് നിരോധമുണ്ട്. അത്തരം സ്ഥലങ്ങളില്‍ സാധാരണ വാഹനങ്ങളിലും നടന്നും യാത്ര ചെയ്തു. ഏറ്റവും കുറഞ്ഞ ചെലവില്‍ എങ്ങനെ യാത്ര ചെയ്യാമെന്ന് ബോധ്യപ്പെട്ടു. അങ്ങനെ ഒമ്പത് രാജ്യങ്ങളുടെ ഗ്രാമാന്തരങ്ങളിലൂടെ 65 ദിവസത്തെ യാത്രയും കഴിഞ്ഞ് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലേക്ക്.

യൂട്യൂബ്, ഫേസ്ബുക്ക് ഫോളോവേഴ്‌സാണ് പ്രചോദനമെന്ന് ശാക്കിര്‍ പറയുന്നു. അതേസമയം, വിദ്യാര്‍ഥികളടക്കമുള്ള ചെറുപ്രായക്കാര്‍ ഈ സാഹസത്തിന് മുതിരരുതെന്ന അപേക്ഷയുണ്ട് ശാക്കിറിന്. യാത്രക്കിടയിലെ അനുഭവങ്ങളും പേടിപ്പെടുത്തുന്ന കാഴ്ചകളുമൊക്കെത്തന്നെ കാരണം. ഉപ്പയും ഉമ്മയും അനിയനും സഹോദരിയും ഭാര്യയും മകനും അടങ്ങുന്ന സാധാരണ കുടുംബമാണ് ശാക്കിറിന്റെത്. മുന്‍പ്രവാസിയായ ശാക്കിര്‍, പാചകം അടക്കമുള്ള സാധാരണ ജോലികള്‍ ചെയ്താണ് കഴിയുന്നത്. മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുന്നതിന് സഹായമാകുന്ന രൂപത്തില്‍ വെബ്‌സൈറ്റ് തുടങ്ങാനിരിക്കുകയാണ് ഇപ്പോള്‍ മല്ലുട്രാവലര്‍. മല്ലുട്രാവലര്‍ ബാക്പാക്കിംഗ് മുറുക്കുക തന്നെയാണ്. ഭൂഖണ്ഡാന്തര യാത്രയാണ് ലക്ഷ്യം. ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ ഹിച്ച്‌ഹൈക്കിംഗ് എന്ന ആഗ്രഹവുമായി കെനിയയിലാണ് ഇപ്പോള്‍ ശാക്കിര്‍ സുബ്ഹാന്‍.

-അനസ് ക്ലാരി

 

സബ് എഡിറ്റർ, സിറാജ്

Latest