Connect with us

Kozhikode

നാലാം വ്യാവസായിക വിപ്ലവം: മർകസ് നോളജ് സിറ്റിയിൽ ടെക്നോളജി സെമിനാര്‍ ഫെബ്രുവരി 23ന്

Published

|

Last Updated

കോഴിക്കോട്: സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ ഗവേഷണങ്ങൾ പരിചയപ്പെടുത്തുന്ന അന്തർദേശീയ ടെക്നോളജി സെമിനാര് മർകസ് നോളജ് സിറ്റിയിൽ ശനിയാഴ്ച (ഫെബ്രുവരി 23) നടക്കും. “നാലാം വ്യാവസായിക വിപ്ലവം: വെല്ലുവിളികളും സാധ്യതകളും” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധർ സംസാരിക്കും. ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്സ്ട്രക്ഷൻ രംഗത്തെ പ്രമുഖരായ ലിമോടെക്സ് ആണ് സംഘാടകർ.
മർകസ് നോളജ് സിറ്റിയിലെ ക്ലബ് ഹൗസിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സാങ്കേതിക സെമിനാറിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സാധ്യതകളും വിശദമായി ചർച്ച ചെയ്യും. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഏറ്റവും പുതിയ ഉപകരണങ്ങളും ഗവേഷണങ്ങളും സെമിനാറിൽ പ്രദർശിപ്പിക്കുമെന്ന് മർകസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് പറഞ്ഞു. കമ്പ്യൂട്ടറും ഇന്റർനെറ്റും നൽകിയ സാധ്യതകളെ പിന്നിലാക്കുന്ന രീതിയിലുള്ള ഞെട്ടിപ്പിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളാണ് നാലാം വ്യാവസായിക വിപ്ലവത്തിൽ വരാനിരിക്കുന്നത്. അനന്തമായ അത്തരം സാധ്യതകൾ മനസ്സിലാക്കിയാണ് സാങ്കേതിക ഗവേഷണങ്ങൾ ഇപ്പോൾ പുരോഗമിക്കുന്നത്. അത്തരം മുന്നേറ്റങ്ങളെ കൂടുതൽ ജനകീയമാക്കാനും സാങ്കേതിക രംഗത്തെ പുതിയ ചലനങ്ങൾ അടുത്തറിയാനും ഈ സെമിനാർ സഹായകരമാകുമെന്നും ഡോ. അബ്ദുസ്സലാം പറഞ്ഞു.
ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖരും വിദ്യാർഥികളും പങ്കെടുക്കുന്ന അന്തർദേശീയ സെമിനാറിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.
രജിസ്ട്രേഷന്: www.coeonline.in

Latest