Connect with us

Prathivaram

#തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം

Published

|

Last Updated

മകള്‍ ബുര്‍ഖ ധരിച്ചതിന് സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശങ്ങള്‍ നേരിടുകയാണ് എ ആര്‍ റഹ്മാന്‍. മുഖം മറച്ച് മകള്‍ വേദിയിലെത്തിയതിന് ലഭിച്ച ട്രോളുകള്‍ക്ക് മര്‍മത്തില്‍ കൊള്ളുന്ന ഒറ്റ മറുപടി നല്‍കി കൈയടി നേടിയിട്ടുമുണ്ട് അദ്ദേഹം. “തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്യം” എന്ന ഹാഷ്ടാഗോടെ ഭാര്യയുടെയും മക്കളുടെയും ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് മകളുടെ മുഖപടത്തെ കുറിച്ചുള്ള വിമര്‍ശങ്ങളെ റഹ്മാന്‍ നേരിട്ടത്. സ്ലം ഡോഗ് മില്യനെയറിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ എ ആര്‍ റഹ്മാനോടൊപ്പം മകള്‍ ഖദീജ മുഖം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ച് പങ്കെടുത്തതാണ് ചിലരെ പ്രകോപിപ്പിച്ചത്.
റഹ്മാന് രണ്ട് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിക്കൊടുത്ത ചിത്രമാണ് സ്ലം ഡോഗ് മില്യനെയര്‍. ഇതിന്റെ പത്താം വാര്‍ഷികാഘോഷത്തിലാണ് ഖദീജ വേദിയിലെത്തി റഹ്മാനോട് ചോദ്യങ്ങള്‍ ചോദിച്ചത്. കറുത്ത പട്ട് സാരി ധരിച്ച ഖദീജ കണ്ണ് മാത്രം കാണുന്ന തരത്തില്‍ മുഖപടവും ഇട്ടിരുന്നു. ഈ വേഷധാരണം യാഥാസ്ഥിതികമാണെന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശം ഉയര്‍ന്നത്. വിവാദങ്ങള്‍ക്കിടെ സംഭവത്തിന് വിശദീകരണവുമായി അദ്ദേഹം തന്നെ വന്നു. “ഫ്രീഡം ടു ചൂസ്” എന്ന ഹാഷ് ടോഗോടെ ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തില്‍ ഭാര്യ സൈറ തല മാത്രമേ മറച്ചിട്ടുള്ളൂ. മറ്റൊരു മകള്‍ റഹീമ മതപരമായ യാതൊരു അടയാളങ്ങളും ഇല്ലാതെയാണ് വസ്ത്രധാരണം നടത്തിയത്. ഈ ഫോട്ടോയിലും ഖദീജ മുഖം മറച്ച് കറുത്ത പര്‍ദയിട്ടിട്ടുണ്ട്. ആരുടെയും നിര്‍ബന്ധപ്രകാരമല്ല താന്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് ഖദീജയും ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. തന്റെ മുഖപടവുമായി മാതാപിതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സ്വന്തം തിരഞ്ഞെടുപ്പാണെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്. ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രധാരണം നടത്താനുള്ള സ്വതന്ത്ര്യമുണ്ടെന്ന് പറയുന്ന ഖദീജ, കാര്യങ്ങള്‍ അറിയാതെ ആളുകള്‍ വിലയിരുത്തലിന് മുതിരുന്നതിനെയും വിമര്‍ശിച്ചു.

. മെസഞ്ചറില്‍ ഇനി ഡിലീറ്റ് ഒപ്ഷനും
“സന്ദേശങ്ങള്‍ ഡിലീറ്റ്” ചെയ്യുന്ന ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന ഉപഭോക്താക്കള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് മെസഞ്ചര്‍. സന്ദേശം അയച്ച് 10 മിനുട്ടിനുള്ളില്‍ ഡിലീറ്റ് ചെയ്യാം. ആപ്പിള്‍ ആപ്പ് സ്റ്റോറിലാണ് ഫീച്ചര്‍ ആദ്യം എത്തുകയെന്ന് കമ്പനി അറിയിച്ചിരുന്നതെങ്കിലും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കുന്നതിനോ ഡിലീറ്റ് ചെയ്യുന്നതിനോ നിലവില്‍ മാര്‍ഗമില്ല. ഇതിനൊരു പരിഹാരം ഉടനുണ്ടാകുമെന്ന് ഫേസ്ബുക്ക് സി ഇ ഒ മാര്‍ക് സക്കര്‍ബര്‍ഗ് തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പിനോട് സമാനമായ സൗകര്യമായിരിക്കുമെങ്കിലും, ചില മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ടാകും. അബദ്ധത്തില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി വാട്സ്ആപ്പ് റീകോള്‍ (ഞലരമഹഹ) എന്ന ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയക്കുന്ന ആളും സ്വീകരിക്കുന്നയാളും വാട്സ്ആപ്പിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ഉപയോഗിക്കണം. ചിത്രങ്ങള്‍, ടെക്സ്റ്റ്, ജിഫ് ചിത്രങ്ങള്‍, വീഡിയോ എന്നിവയെല്ലാം ഡിലീറ്റ് ചെയ്യാം. അപ്ഡേറ്റില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി പ്രത്യേക ഐക്കണും പ്രത്യക്ഷപ്പെടും.

. “മാതൃഭൂമി” അപമാനിച്ചുവെന്ന് യുവ കഥാകൃത്തുക്കള്‍;
ചൂടന്‍ വിവാദം
യുവ കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാനായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാമത്സരം സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുന്നു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 10 കഥകളില്‍ ഒന്നിനു പോലും നിലവാരമില്ല എന്ന കാരണത്താല്‍ മൊത്തം സമ്മാനത്തുകയും മാതൃഭൂമി പിന്‍വലിക്കുകയും മത്സരം തന്നെ റദ്ദാക്കുകയും ചെയ്തതാണിപ്പോള്‍ പ്രതിഷേധത്തിനിടയാക്കിയത്.
തിരഞ്ഞെടുക്കപ്പെടുന്ന രചനകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം രണ്ട് ലക്ഷം, ഒരു ലക്ഷം, എഴുപത്തയ്യായിരം എന്നിങ്ങനെയായിരുന്നു പ്രഖ്യാപിച്ച സമ്മാനത്തുക. ഇതിനായി എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും പ്രശസ്ത എഴുത്തുകാരായ എം മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍, ഇ സന്തോഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റി രൂപവത്കരിച്ചിരുന്നു. പോയവാരം തിരുവന്തപുരത്ത് നടന്ന മാതൃഭൂമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ മത്സര ജേതാക്കളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവയടക്കം അയച്ചു കിട്ടിയ കഥകള്‍ക്കൊന്നിനും നിലവാരമില്ല എന്ന കാരണത്താല്‍ ആര്‍ക്കും സമ്മാനം നല്‍കേണ്ടതില്ല എന്നായിരുന്നു അന്തിമ തീരുമാനം. ഈ വിവരം രണ്ട് ദിവസം മുന്നേ ഇ മെയില്‍ സന്ദേശമായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അയച്ചിരുന്നെങ്കിലും കൂടുതല്‍ പേരും അതറിയാതെയാണ് സമ്മേളന സ്ഥലത്ത് എത്തിയത്. ഷോര്‍ട്ട് ലിസ്റ്റില്‍ വന്ന പത്ത് പേരില്‍ മിക്കവരും കഥകള്‍ പിന്‍വലിച്ചിട്ടുണ്ട്. അതിലൊരാളായ സിവിക് ജോണ്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലെ ചില ചോദ്യങ്ങള്‍ ഇങ്ങനെയാണ്:
. അന്താരാഷ്ട്ര നിലവാരമുള്ളതെന്ന് അവകാശപ്പെടുന്ന മേളയില്‍ ക്ഷണിക്കപ്പെട്ട് വന്ന ഞങ്ങള്‍ക്ക് ഒരു ഗസ്റ്റ് ടാഗ് പോലും ചോദിച്ചു വാങ്ങേണ്ടി വന്നത് എന്തുകൊണ്ട്? തിരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ നിന്നു പോലും ഡെലിഗേറ്റ് പാസിന്റെ വിലയായി പണം ഈടാക്കിയതെന്തിന്?
2. under the tree എന്ന മുന്നേ പറഞ്ഞിരുന്ന വേദിയില്‍ നിന്നും നമ്മുടെ പ്രോഗ്രാം മാറ്റിയത് എന്തിന്? അന്ന് അഞ്ച് മണിക്ക് യഥാര്‍ഥ under the tree വേദിയില്‍ വേറെ പ്രോഗ്രാം ഒന്നുമില്ലായിരുന്നു. ഷെഡ്യൂള്‍ പ്രകാരം നാല് മണിക്ക് അംബികാസുതന്‍ മാങ്ങാട്, ആന്റോ സബിന്‍ ജോസഫ്, പി വി ഷാജികുമാര്‍, ഫ്രാന്‍സിസ് നോറോണ എന്നിവര്‍ പങ്കെടുക്കുന്ന “പുതുകഥയിലേക്ക് കയറിവരുന്ന നാട്ടുഭാഷ” എന്ന ചര്‍ച്ചയായിരുന്നു. ശേഷം അവിടെ നടന്നത് ആറ് മണിക്ക് ജോയ് മാത്യു പങ്കെടുത്ത “ബദലുകളില്ലാത്ത മലയാളി” എന്ന പ്രോഗ്രാമും. അപ്പോള്‍ അഞ്ച് മണിക്ക് ഒറിജിനല്‍ വേദി ലഭ്യമായിരുന്നിട്ടും ആളൊഴിഞ്ഞ ഒരിടത്ത് ഈ ചടങ്ങ് വെച്ചത് എന്തിനാണ്? (ചടങ്ങ് കാണാന്‍ എത്തിയ സുഹൃത്തുക്കളില്‍ പലര്‍ക്കും ഈ ആശയക്കുഴപ്പത്താല്‍ വളരെ വൈകി മാത്രമാണ് എത്താന്‍ കഴിഞ്ഞത്..)
3. സമ്മാനത്തുകയുടെ പ്രലോഭനമാവരുത് എഴുത്തിന്റെ മുഖ്യപ്രചോദനം എന്ന വിധിപ്രസ്താവത്തിലെ വാചകം. ആനന്ദ് നീലകണ്ഠനെയും ബെന്യാമിനെയും അവര്‍ നേടിയ സാമ്പത്തിക നേട്ടങ്ങളുടെ പേരില്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തിയത് സുഭാഷ് ചന്ദ്രനാണ്. ഞങ്ങളല്ല.. 2013ല്‍ എഴുതിത്തുടങ്ങി ഇത്രയും വര്‍ഷത്തിനിടയില്‍ എഴുതിയ ചുരുക്കം കഥകള്‍ക്ക് വായനക്കാര്‍ നല്‍കിയ മറുപടികള്‍ മാത്രമാണ് ഇന്നും എഴുത്ത് തുടരാനുള്ള കാരണം. കൂടുതല്‍ വായനക്കാരിലേക്ക് നമ്മുടെ കഥയെത്തും എന്നതായിരുന്നു, രണ്ട് ലക്ഷം രൂപ സമ്മാനം എന്നതിനേക്കാള്‍ പ്രചോദനം. (അത് എം ടി ക്ക് മനസ്സിലാകും എന്ന് കരുതുന്നു. പക്ഷെ എഴുത്തിന്റെ പേരില്‍ നേടിയ സാമ്പത്തികനേട്ടങ്ങള്‍ കൊണ്ട് സഹയെഴുത്തുകാരെ വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്ക് പരിചയപ്പെടുത്തുന്നവര്‍ക്ക് മനസ്സിലാകാന്‍ പ്രയാസമാണ്.)
4. ഏതൊരു ചടങ്ങിലും സ്വയം പരിചയപ്പെടുത്താന്‍ ഒരു അവസരം ലഭിക്കാറുണ്ട്. എന്റെ പേരിതാണ്. ഇന്ന കഥയാണ് ഞാന്‍ അയച്ചത്. ഞാന്‍ ഈ സ്ഥലത്തു നിന്നാണ് വരുന്നത് എന്നൊക്കെ.. അങ്ങനെ ഒരു അവസരം പോലും നല്‍കാതെ, തിരഞ്ഞെടുക്കപ്പെട്ടവരില്‍ പകുതിയിലധികം ആളുകള്‍ വരുന്നതിനു മുമ്പേ, ആവശ്യത്തിന് കസേരകള്‍ പോലും കരുതാന്‍ കഴിയാതെ, ഇങ്ങനെ ധൃതി വെച്ച് നടത്തേണ്ടുന്ന ഒന്നായിരുന്നുവോ ഈ ചടങ്ങ്? ആരൊക്കെയാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന് കൈപൊക്കി കാണിക്കേണ്ട ഗതികേട് നിങ്ങളുടെ “സംഘാടന മികവല്ലെങ്കില്‍” വേറെയെന്താണ്?
5. ഒന്നിലധികം കഥകള്‍ അയച്ച കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഇപ്പോഴും തങ്ങള്‍ അയച്ചതില്‍ ഏത് കഥയാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നറിയില്ല. “വേണ്ടത്ര നിലവാരമില്ലാത്തവരെങ്കിലും” തങ്ങളുടെ ഏത് കഥയാണ് അവസാന പത്തിലേക്ക് തിരഞ്ഞെടുത്തത് എന്നവരോട് ഒന്ന് സൂചിപ്പിക്കാന്‍ പോലും കഴിയാഞ്ഞതെന്തുകൊണ്ടാണ്?
6. “ഇത്തവണ ഇതില്‍ നിന്നൊരു കഥക്ക് ഒന്നാം സ്ഥാനം കൊടുത്താല്‍ അതാവും ഏറ്റവും നല്ല സാഹിത്യം എന്ന തെറ്റിദ്ധാരണ ഉണ്ടാവാന്‍ സാധ്യതയുണ്ട് അവര്‍ക്ക്. അതുകൊണ്ട് ഇത്തവണ സമ്മാനത്തിന് പകരം പത്ത് പേരെയും വിളിച്ചു സംസാരിക്കൂ. മൂന്ന് പേരെ ഫോക്കസ് ചെയ്യുന്നതിനേക്കാള്‍ നല്ലത് ഭാവിയിലേക്ക് പത്ത് പുതിയ ആള്‍ക്കാരെ വളര്‍ത്തിയെടുക്കുന്നതാണ്” എന്ന് എം ടി പറഞ്ഞു എന്നാണ് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്. എം ടിയുടെ നിര്‍ദേശം പൂര്‍ണമനസ്സോടെ അംഗീകരിച്ചുകൊണ്ടുതന്നെ സംഘാടകരോട് ഒരു ചോദ്യം. ഈ പത്ത് പേരുടെ ഏത് കഥയെ കുറിച്ചാണ് അവിടെ സംസാരിച്ചത്.. സമ്മാനത്തുക ഇല്ല എന്നറിഞ്ഞിട്ടും ഇത്ര ദൂരം യാത്ര ചെയ്ത് വന്നത് നമ്മുടെ കഥയെ കുറിച്ച് അവര്‍ എന്ത് പറയുന്നു എന്ന് കേള്‍ക്കാനുള്ള ആകാംക്ഷ കൊണ്ട് കൂടിയാണ്.. ആരുടെ കഥയെ കുറിച്ചാണ് അവിടെ ഒരു വാക്കെങ്കിലും പരാമര്‍ശിച്ചത്?? അതോ മോശം കഥകളായത് കൊണ്ട് അവയെക്കുറിച്ച് സംസാരിക്കണ്ട എന്നാണോ?
.

 

---- facebook comment plugin here -----

Latest