ചരിത്രം കുറിച്ച് മാര്‍പാപ്പ യു എ ഇയില്‍

Posted on: February 3, 2019 11:57 pm | Last updated: February 4, 2019 at 10:23 am

അബൂദബി: ഫ്രാന്‍സിസ് മാര്‍പാപ്പ ത്രിദിന സന്ദര്‍ശനത്തിനായി യു എ ഇയിലെത്തി. റോമില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പക്ക് ഉജ്ജ്വല വരവേല്‍പ്പാണ് യു എ ഇ സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കിയത്. ചരിത്രത്തിലാദ്യമായാണ് മാര്‍പാപ്പ അറബ് മേഖല സന്ദര്‍ശിക്കുന്നത്.

തിങ്കളാഴ്ച രാവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അബൂദബി കിരീടാവകാശിയും യു എ ഇ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നെഹ്‌യാന്റെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കും. വൈകിട്ട് അബൂദബി ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. തുടര്‍ന്ന് അബൂദബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്ന മാര്‍പാപ്പ മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച രാവിലെ 10.30ന് അബൂദബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവുമുണ്ടാകും. ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യു എ ഇ സര്‍ക്കാര്‍ മുന്‍കൂര്‍ അവധി നല്‍കിയതിനു പുറമെ സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്.