Connect with us

Kerala

ഹര്‍ത്താലുകളെ സമര മാര്‍ഗ്ഗമാക്കുന്നത് ജനദ്രോഹം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

മലപ്പുറം: ഹര്‍ത്താലുകളെ സമര മാര്‍ഗ്ഗമാക്കുന്നത് ജനദ്രോഹമാണെന്നും നിസാര കാര്യങ്ങള്‍ക്കുപോലും ഹര്‍ത്താലാചരിക്കുന്നത് പൊതുജന നിലപാടുകള്‍ക്കെതിരാണെന്നും കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച വൈസനിയാരവം സ്‌നേഹ യാത്രയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രതിഷേധമറിയിക്കാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട് എന്നിരിക്കെ ഹര്‍ത്താലുകളെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലുകള്‍ക്ക് പകരം ജനജീവിതം തടസ്സപ്പെടുത്താത്ത സമര മാര്‍ഗ്ഗങ്ങള്‍ തേടണം. ഒരു വര്‍ഷത്തിനുള്ളില്‍ നൂറോളം ഹര്‍ത്താലുകളാണ് ഈ ചെറിയ സംസ്ഥാനത്തുണ്ടായത്. ആകസ്മികമായ സംഭവങ്ങള്‍ക്ക് പോലും രാഷ്ട്രീയ നിറം നല്‍കി നാടിന്റെ ദൈനംദിന വ്യവഹാരങ്ങളെ സ്തംഭിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസ, വ്യാപാര, വ്യവസായ മേഖലകള്‍ സാരമായ പ്രത്യാഘാതങ്ങളാണ് നേരിടുന്നത്. ഇതിനെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്നും വ്യാപാരികളുള്‍പ്പെടെ ജനദ്രോഹ പരമായ ഹര്‍ത്താലുകളെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുല്ല ഹബീബുര്‍റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി താനൂര്‍, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി തലപ്പാറ, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, പത്തപ്പിരിയം അബ്ദുര്‍റഷീദ് സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, വഹാബ് സഖാഫി മമ്പാട്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, കരുവള്ളി അബ്ദുര്‍റഹീം, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പൊന്മള, മുജീബുര്‍റഹ്മാന്‍ വടക്കേമണ്ണ, സിദ്ദീഖ് മുസ്‌ലിയാര്‍ മക്കരപറമ്പ്, സുബൈര്‍ മാസ്റ്റര്‍ കോഡൂര്‍ പ്രസംഗിച്ചു.

Latest