അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട്: ക്രിസ്റ്റ്യന്‍ മിഷേല്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

Posted on: December 22, 2018 4:29 pm | Last updated: December 22, 2018 at 5:42 pm

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുകേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഏഴ് ദിവസത്തേക്കാണ് ഡല്‍ഹി പ്രത്യേക കോടതി ജഡ്ജ് അരവിന്ദ് കുമാര്‍ മിഷേലിനെ കസ്റ്റഡിയില്‍ വിട്ടത്.
പണമിടപാട് സംബന്ധിച്ച് സിബിഐയുടെ കണ്ടെത്തലും എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തലും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 15 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്.

കള്ളപ്പണം വെളുപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണം, ഹവാല ഇടപാടിലൂടെയാണ് കള്ളപ്പണം വന്നത്. സിബിഐക്കില്ലാത്ത മറ്റ് ചില സാക്ഷി മൊഴികള്‍ തങ്ങളുടെ പക്കലുണ്ട് എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചിരുന്നു. കസ്റ്റഡി അപേക്ഷയെ മിഷേലിന്റെ അഭിഭാഷകര്‍ എതിര്‍ത്തുവെങ്കിലും ഇക്കാര്യം കോടതി തള്ളി.