Connect with us

National

ദിവസം ഒന്ന്, സത്യപ്രതിജ്ഞ മൂന്ന്; ഛത്തീസ്ഗഡില്‍ ഭൂപേഷ് ബഘേല്‍ അധികാരമേറ്റു

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ബഘേല്‍ സത്യപ്രതിജ്ഞ ചെയ്തു. റായ്പൂരില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആനന്ദ് ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബഘേലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുന്‍ പ്രതിപക്ഷ നേതാവ് ടി എസ് സിംഗ് ഡിയോ, പിന്നാക്ക വിഭാഗം കോണ്‍ഗ്രസ് മേധാവിയും ലോക്‌സഭാംഗവുമായ താമ്രധ്വജ് സാഹു, മുന്‍ കേന്ദ്ര മന്ത്രി ചരണ്‍ ദാസ് മഹന്ത് എന്നിവരും മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചിരുന്നു. ഇവരെ അനുനയിപ്പിച്ചാണ് അമ്പത്തേഴുകാരനായ ഭൂപേഷ് ബഘേലിനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നിശ്ചയിച്ചത്. 15 വര്‍ഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് 90ല്‍ 68 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അജിത് ജോഗി പാര്‍ട്ടി വിട്ടതോടെ പരുങ്ങലിലായിരുന്ന കോണ്‍ഗ്രസ് നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധികാരത്തില്‍ തിരിച്ചെത്തുന്നത്.

നേരത്തെ, മധ്യപ്രദേശില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഭോപാലിലെ ജംബൂരി മൈതാനത്തു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇന്ന് രാവിലെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടും ഉപ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും അധികാരമേറ്റിരുന്നു. ഇവിടുത്തെ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Latest