Connect with us

National

കമല്‍നാഥിന്റെ സത്യപ്രതിജ്ഞ രാഷ്ട്രീയ സംഗമ വേദിയാകും

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്ന ചടങ്ങിലേക്ക് രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മറികടന്നുള്ള ക്ഷണം. നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായി നാളെ ഭോപ്പാലിലെ ഭെല്‍ ജംബോരി മൈതാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

ലാല്‍ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങ് സംഘടിപ്പിക്കുക എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കൂടുതല്‍ രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കേണ്ടതുകൊണ്ടും വലിയ സദസ്സ് പ്രതീക്ഷിക്കുന്നത് കൊണ്ടുമാണ് മുന്‍ നിശ്ചയിച്ചതില്‍ നിന്ന് മാറ്റം ഉണ്ടായിരിക്കുന്നത്. 2008ല്‍ ബി ജെ പിയുടെ ശിവ്‌രാജ് സിംഗ് ചൗഹാന്റെ സത്യപ്രതിജ്ഞ നടന്നതും ജംബൂരി മൈതാനിലായിരുന്നു.

യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി മേധാവിയുമായ ചന്ദ്രബാബു നായിഡു, ബി എസ് പി മേധാവി മായാവതി, സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് തുടങ്ങിയ വന്‍ നേതാക്കള്‍ തന്നെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഇവരെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, വ്യവസായ പ്രമുഖ്യര്‍, മതനേതാക്കള്‍ തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

താന്‍ മാത്രമായിരിക്കും നാളെ സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് ഇന്നലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കമല്‍നാഥ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് വന്‍ തിരിച്ചുവരവിന് കഴിഞ്ഞെങ്കിലും കേവല ഭൂരിക്ഷത്തിലേക്കെത്താന്‍ കഴിയാത്ത കോണ്‍ഗ്രസിന് നേരത്തേ തന്നെ ബി എസ് പിയും എസ് പിയും പിന്തുണ അറിയിച്ചിരുന്നു. 230 അംഗ നിയമസഭയില്‍ 114 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത്. എന്നല്‍, ഒരു എസ് പി അംഗത്തിന്റെയും രണ്ട് ബി എസ് പിക്കാരുടെയും നാല് സ്വതന്ത്രരുടെയും ഉള്‍പ്പെടെ 121 പേരുടെ പിന്തുണ ഉറപ്പാക്കിയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. 2003ല്‍ ദിഗ്‌വിജയ് സിംഗിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി അധികാരമേറുന്നത്.

 

Latest