Connect with us

Articles

ബാബരി മസ്ജിദ്: ഓര്‍മകളും ആപത്കരമായ വര്‍ത്തമാനവും

Published

|

Last Updated

ചരിത്രപ്രസിദ്ധമായ ബാബരിമസ്ജിദ് ഓര്‍മയായിട്ട് 26 വര്‍ഷം പിന്നിടുകയാണ്. നാനൂറ്റിചില്വാനം വര്‍ഷക്കാലം അയോധ്യയിലെ മുസ്‌ലിംകള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വവര്‍ഗീയവാദികള്‍ തകര്‍ത്തത്. ഇന്ത്യയുടെ സമകാലീന ചരിത്രത്തില്‍ ആ കറുത്ത ദിനം മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും വിശ്വാസ സംഹിതകള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഫാസിസ്റ്റ് ഭീകരതയുടെ പ്രകടനമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുത്വ വര്‍ഗീയവാദികള്‍ രാഷ്ട്രത്തിന്റെ ആത്മാവിന് തീകൊളുത്തിയതിന്റെ ബീഭത്സ ഓര്‍മകളാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചാദിനം നമ്മുടെ മനസ്സില്‍ എത്തിക്കുന്നത്.

ഇന്ത്യന്‍ സമൂഹത്തെ സാമുദായിക ധ്രുവീകരണത്തിന്റെയും വര്‍ഗീയ സംഘര്‍ഷങ്ങളുടെയും തീരത്തേക്ക് തള്ളിവിട്ട സംഭവമായിട്ടാണ് ലിബര്‍ഹാന്‍ കമ്മീഷന്‍ മസ്ജിദിന്റെ തകര്‍ച്ചയെ വിശേഷിപ്പിച്ചത്. ഇന്നിപ്പോള്‍ 2019ലെ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച് രാമക്ഷേത്ര നിര്‍മാണം മുഖ്യ അജന്‍ഡയായി സംഘ്പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ രാമപ്രതിമ സ്ഥാപിക്കുമെന്നും ക്ഷേത്രനിര്‍മാണത്തിനുള്ള നീക്കങ്ങളാരംഭിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. രാമന്റെ പിതാവായ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളജ് പണിയാനും അയോധ്യയില്‍ 282 മീറ്റര്‍ നീളമുള്ള രാമപ്രതിമ സ്ഥാപിക്കാനും നീക്കങ്ങളാരംഭിച്ചു. ഗുജറാത്തിലെ പട്ടേല്‍ പ്രതിമയുടെ ഉയരം 182 മീറ്ററാണ്. അയോധ്യയില്‍ ഏറ്റവും ഉയരംകൂടിയ രാമപ്രതിമ സ്ഥാപിച്ച് ഹിന്ദുത്വ വര്‍ഗീയവത്കരണത്തിന്റെ ഗതിവേഗം കൂട്ടാനുള്ള ആസൂത്രിത നീക്കങ്ങളാണ് യോഗി ആദിത്യനാഥിന്റെ നീക്കങ്ങളില്‍ പ്രകടമാവുന്നത്.

വര്‍ഗീയവത്കരിച്ച് ഭൂരിപക്ഷ വോട്ടുബേങ്കുകള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് രാജ്യമെമ്പാടും സംഘ്പരിവാര്‍ സംഘടനകള്‍ ആരംഭിച്ചിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം മാത്രമല്ല കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ഗ്യാങ്ങ്മാപി മസ്ജിദ് പൊളിക്കുമെന്നും മഥുരയിലെ കൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള മുസ്‌ലിം പള്ളി പിടിച്ചെടുക്കുമെന്നുമൊക്കെയുള്ള പ്രഖ്യാപനമാണ് അയോധ്യയില്‍ നടന്ന ധരംസഭയില്‍ മുഴങ്ങിക്കേട്ടത്. 1980-കളില്‍ 3,000 ആരാധനാലയങ്ങള്‍ മറ്റ് മതസ്ഥരില്‍ നിന്ന് പിടിച്ചടക്കാനുള്ള പട്ടികയുമായിട്ടാണ് ആര്‍ എസ് എസും വിശ്വഹിന്ദുപരിഷത്തും ക്ഷുദ്രവികാരങ്ങള്‍ ഉണര്‍ത്തുന്ന പ്രചാരണങ്ങള്‍ നടത്തിയതെങ്കില്‍ ഇപ്പോള്‍ 40,000 ആരാധനാലയങ്ങള്‍ മറ്റ് മതസ്ഥരില്‍ നിന്ന് പിടിച്ചെടുക്കുമെന്ന വിധ്വംസകമായ പ്രഖ്യാപനമാണ് സംഘ്പരിവാര്‍ സംഘടനകളും സന്യാസി സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് ഫൈസാബാദ് ജില്ലയുടെ പേര് മാറ്റിയിരിക്കുകയാണ്. പ്രയാഗ്‌രാജ് എന്നാണുപോലും പുതിയപേര്! ചരിത്രത്തെയും സ്ഥലനാമങ്ങളെയും ഹൈന്ദവ വത്കരിക്കുന്ന അത്യന്തം ലജ്ജാകരമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ആഗോളവത്കരണ നയങ്ങളുടെ ചുവടുപിടിച്ചാണ് ആരാധനാലയ തര്‍ക്കങ്ങളും ബാബരിമസ്ജിദ് വിവാദവുമെല്ലാം സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. സുപ്രീംകോടതി കഴിഞ്ഞ ഒക്ടോബര്‍ 30-ന്, അയോധ്യാഭൂമി വിഭജിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് 2019 ജനുവരിയിലേക്ക് മാറ്റിവെച്ചുകൊണ്ട് ഉത്തരവിട്ടു. ഹരജികള്‍ പരിഗണിക്കുന്നതിനായി പ്രതേ്യക ബഞ്ച് രൂപവത്കരിക്കാനും സുപ്രീം കോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ഗോഗോയി നിര്‍ദേശിക്കുകയുണ്ടായി. അയോധ്യയില്‍ 2.27 ഏക്കര്‍ ഭൂമി സുന്നി വഖഫ്‌ബോര്‍ഡ്, നിര്‍മ്മോഹി അഖാഡ, രാംലല്ല വിരാജ്മാന്‍ തുടങ്ങിയ കക്ഷികള്‍ക്ക് വിഭജിച്ചുകൊടുത്ത അലഹാബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത്. തീര്‍ച്ചയായും ഇത് ഭൂമി തര്‍ക്കമെന്ന നിലയില്‍ കേസിനെ പരിഗണിക്കാനും തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനുമുള്ള ഉത്തരവാദിത്വമാണ് സുപ്രീംകോടതിക്കുള്ളത്.

കോടതിവിധിയെ പരസ്യമായി ചോദ്യംചെയ്യുകയാണ് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി ജെ പി നേതൃത്വം ചെയ്തത്. നേരത്തെ അലഹാബാദ് ഹൈക്കോടതിവിധി പരിഗണിച്ച സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹാര്‍ കോടതിക്കുപുറത്ത് ബാബരിമസ്ജിദ് രാമജ•ഭൂമി തര്‍ക്കം പരിഹരിക്കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. ആ വിധിയെ ആവേശപൂര്‍വം സ്വാഗതം ചെയ്ത ഹിന്ദുത്വവാദികളാണ് ഇപ്പോള്‍ സുപ്രീംകോടതിയെ ആക്ഷേപിച്ച് എന്തുവന്നാലും ക്ഷേത്രം പണിയുമെന്ന് ആക്രോശിച്ചുനടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പ്രതേ്യക ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ഹിന്ദുത്വവാദികളുടെ ആവശ്യം. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ യു പിയില്‍ രാമക്ഷേത്രം പണിയാനുള്ള ഹിന്ദുത്വവാദികളുടെ നീക്കങ്ങള്‍ സജീവമാവുകയാണുണ്ടായത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഭരണനേട്ടങ്ങളോ വികസന പദ്ധതികളോ ഒന്നും പറയാനില്ലാത്ത ബി ജെ പി രാമക്ഷേത്രവും ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യവുമൊക്കെ ഉയര്‍ത്തി വര്‍ഗീയത പടര്‍ത്താനുള്ള വൃത്തികെട്ട നീക്കങ്ങളിലാണ്.
കാര്‍ഷികതകര്‍ച്ചയും വ്യവസായപ്രതിസന്ധിയും വിലക്കയറ്റവും ജനജീവിതത്തെയാകെ വഴിമുട്ടിച്ചിരിക്കുകയാണ്. 2014-ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും നടപ്പിലാക്കാന്‍ കഴിയാത്ത സമ്പൂര്‍ണമായ പരാജയമാണ് മോദി സര്‍ക്കാറെന്ന് സംഘ്പരിവാറിനകത്തുനിന്ന് പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നു. കള്ളപ്പണം പിടിച്ചെടുക്കുമെന്നും പെട്രോളിന്റെ വില കുറക്കുമെന്നും രൂപയുടെ അവമൂലനം തടയുമെന്നും കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തിലേറിയത്.

2019-ലെ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത സമ്പൂര്‍ണ പരാജയമാണ് മോദി സര്‍ക്കാറെന്ന തിരിച്ചറിവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വികസനമോ ജനകീയ പ്രശ്‌നങ്ങളോ പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാത്ത ബി ജെ പി പതിവുപോലെ അയോധ്യ പ്രശ്‌നമുയര്‍ത്തുകയാണ്. രാജ്യമെമ്പാടും അയോധ്യകള്‍ സൃഷ്ടിക്കാനാണ് സംഘ്പരിവാര്‍ ആസൂത്രിതമായി ശ്രമിക്കുന്നത്. കേരളത്തില്‍ ശബരിമല പ്രശ്‌നത്തെ മറ്റൊരു അയോധ്യയാക്കി മാറ്റാനുള്ള കുത്സിത നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മതാന്ധരായ ഒരാള്‍ക്കൂട്ടം ഇന്ത്യന്‍ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ ബാബരിമസ്ജിദ് തകര്‍ക്കുകയായിരുന്നു. കര്‍സേവകര്‍ക്ക് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ന്നുപോയ മൂന്ന് കുംഭഗോപുരങ്ങള്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകങ്ങളായിരുന്നു. രാജ്യത്തെ വര്‍ഗീയവത്കരിച്ച് ബ്രിട്ടീഷ് അധികാരം നിലനിര്‍ത്താനുള്ള ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രങ്ങളിലാണല്ലോ ബാബരി മസ്ജിദ് തര്‍ക്കപ്രശ്‌നമാകുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദു മുസ്‌ലിം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാരാണ് ഭിന്നിപ്പിക്കുക ഭരിക്കുക എന്ന രാഷ്ട്രതന്ത്രം പ്രയോഗിക്കുന്നത്. ഹിന്ദുക്കളും മുസല്‍മാന്‍മാരും തോളോടുതോള്‍ ചേര്‍ന്ന് ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരെ എതിര്‍ത്ത മണ്ണാണ് അയോധ്യയുടേത്.

ഹിന്ദുത്വത്തിന്റെ പിതാവായ സവര്‍ക്കര്‍ വര്‍ഗീയവാദിയാകുന്നതിനുമുമ്പ് എഴുതിയ “”1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം”” എന്ന പുസ്തകത്തില്‍ ചാള്‍സ്ബാളിനെ ഉദ്ധരിച്ച് ചേര്‍ത്തിരിക്കുന്നതുനോക്കൂ; “”അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്ത്രില്‍ തന്നെ വിരളമാണ്.”” സവര്‍ക്കറുടെ ഈ വിലയിരുത്തല്‍ പോലെതന്നെയാണ് ജോര്‍ജ് ഡബ്ല്യു ഫോറസ്റ്ററും ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസല്‍മാന്‍ ഐക്യത്തെ വിലയിരുത്തിയത്. “”ബ്രാഹ്മണരും ശ്രൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ വിപ്ലവം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പില്ല.””

കൊളോണിയല്‍ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗീയ അടിസ്ഥാനത്തില്‍ നിര്‍മിച്ചതോടെയാണ് ഇന്ത്യന്‍ സമൂഹത്തില്‍ മതവിഭജനത്തിനുള്ള ആശയപരിസരം രൂപപ്പെട്ടത്. ബാബരി മസ്ജിദ് പൊളിച്ച കര്‍സേവകര്‍ക്ക് അതിനുള്ള പ്രത്യയശാസ്ത്രപരിസരം ഒരുക്കിക്കൊടുത്തത് ബ്രിട്ടീഷ് ഭരണാധികാരികളായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ ഭരണവര്‍ഗങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വ കേന്ദ്രങ്ങളും ഹിന്ദുത്വവാദത്തിന് വെള്ളവും വളവും നല്‍കിയതിലൂടെയാണ് അത് ഇന്ന് ഹിംസാത്മകമായി വളര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ദേശീയസ്വത്വത്തിനും പരമാധികാരത്തിനും ഭീഷണിയായി സംഘ്പരിവാര്‍ രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുകയാണ്. വെറുപ്പിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയത്തിലധിഷ്ഠിതമായ സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം കൊളോണിയല്‍ സൃഷ്ടിയാണ്.

1813-ല്‍ “ബാബര്‍നാമ”യുടെ പരിഭാഷ നിര്‍വഹിച്ച ജോണ്‍ലെയ്ഡന്‍ ബാബറുടെ അയോധ്യയിലൂടെയുള്ള കടന്നുപോക്കിനെ സംബന്ധിച്ച് നടത്തിയ ഒരു പരാമര്‍ശത്തെ പിടിച്ചാണ് പിന്നീട് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ അയോധ്യയുമായി ബന്ധപ്പെട്ട കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കിയത്. 1949-ല്‍ വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിയതും പള്ളി തര്‍ക്കഭൂമിയാക്കി അടച്ചുപൂട്ടിയതും സംഘ്പരിവാറും യു പിയിലെ കോണ്‍ഗ്രസ് ഭരണാധികാരികളും നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ്. 1980-കളോടെ നമ്മുടെ രാജ്യത്താരംഭിച്ച നവലിബറല്‍ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയിലാണ് ബാബരിമസ്ജിദ് പ്രശ്‌നവത്കരിക്കപ്പെടുന്നത്. വാഷിംഗ്ടണില്‍ നടന്ന വിശാലഹിന്ദു സമ്മേളനം 3,000 ആരാധനാലയങ്ങള്‍ തര്‍ക്കഭൂമിയായി പ്രഖ്യാപിക്കുകയായിരുന്നു. വിശ്വഹിന്ദുപരിഷത്ത് അടിയന്തരമായി ക്ഷേത്രങ്ങള്‍ പൊളിച്ചുപണിത 144 പള്ളികള്‍ തിരിച്ചുപിടിക്കാനുള്ള പ്രസ്ഥാനം ആരംഭിച്ചു. അതിലാദ്യത്തേതായിരുന്നു അയോധ്യ.

ധര്‍മ്മസ്ഥാന്‍ മുക്തിയജ്ഞ സമിതിയും അതിന്റെ ഭാഗമായി രാമജ•ഭൂമി മുക്തിയജ്ഞ സമിതിയും രൂപീകരിച്ചു. 1986 മാര്‍ച്ച് 9 രാമജന്മ•ഭൂമിയുടെ വിമോചനമായി പ്രഖ്യാപിച്ചുകൊണ്ട് വി എച്ച് പി അക്രമാസക്തമായ വര്‍ഗീയവത്കരണത്തിന് തീകൊടുക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിന് മസ്ജിദ് പൊളിക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനുതന്നെയാണ് സംഘപരിവാര്‍ തീകൊളുത്തിയത്. രാമജന്മഭൂമി പ്രസ്ഥാനം ഹിന്ദുരാഷ്ട്രനിര്‍മിതിക്കുള്ള പ്രത്യയശാസ്ത്ര അജന്‍ഡയുടെ ഭാഗമായിരുന്നു. രാജ്യത്തെ വര്‍ഗീയവത്കരിച്ച് ഭൂരിപക്ഷ മതധ്രുവീകരണമാണ് ആര്‍ എസ് എസ് ലക്ഷ്യമിട്ടത്.
(തുടരും)

Latest