കണ്ണൂര്‍ കേസില്‍ ഹാജരാക്കാനായി കെ സുരേന്ദ്രനെ കോഴിക്കോടേക്ക് കൊണ്ടുപോയി

Posted on: November 25, 2018 10:10 am | Last updated: November 25, 2018 at 12:04 pm

പത്തനംതിട്ട: ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റിലായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോടേക്ക് കൊണ്ടുപോയി. കണ്ണൂരില്‍ പോലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വാറണ്ടുള്ള സുരേന്ദ്രനെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോടേക്ക് കൊണ്ടുപോയത്.

ഇന്ന് കോഴിക്കോട് സബ് ജയിലില്‍ താമസിപ്പിച്ച ശേഷം നാളെ രാവിലെ കണ്ണൂരിലെത്തിച്ച് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സുരേന്ദ്രനെ ഹാജരാക്കും. അതേ സമയം ഈ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ കണ്ണൂരിലെ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രനെ തിരികെ കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പോലീസിന്റെ തീരുമാനം.