ശബരിമല: സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും

Posted on: November 14, 2018 10:21 am | Last updated: November 14, 2018 at 4:41 pm

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. സര്‍വകക്ഷി യോഗത്തിനെതിരെ നിലപാടെടുത്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളിയാണ് മുന്നണി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. യോഗം സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫോണില്‍ സംസാരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസ്് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഘടകകക്ഷികള്‍ ശക്തമായ നിലപാടെടുത്തു. ശബരിമലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് യോഗത്തില്‍ യുഡിഎഫ് മുന്നോട്ടുവെക്കുകയെന്നാണറിയുന്നത്.