Connect with us

National

രാമക്ഷേത്ര നിര്‍മാണം കത്തിച്ച് നിര്‍ത്തി ബി ജെ പി; രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്‌നമെന്ന് ഉമാ ഭാരതി

Published

|

Last Updated

പാറ്റ്‌ന/ലക്‌നോ: രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള അയോധ്യാ ചര്‍ച്ച ആര്‍ എസ് എസ്- ബി ജെ പി നേതാക്കള്‍ വീണ്ടും സജീവമാക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജന്‍ഡ ബലപ്പെടുത്തുകയാണ് നീക്കത്തിന് പിന്നില്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് തുടക്കമിട്ട രാമക്ഷേത്ര നിര്‍മാണ ചര്‍ച്ച ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ബി ജെ പി നേതാക്കള്‍ നേരിട്ടാണ്. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി തുടങ്ങിവെച്ച രാഷ്ട്രീയ പ്രഖ്യാപനം ഇന്നലെ കേന്ദ്ര മന്ത്രി ഉമാഭാരതി ആവര്‍ത്തിക്കുകയും ചെയ്തു. അതിനിടെ, ഡിസംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ രാംവിലാസ് വേദാന്തിയും വ്യക്തമാക്കി.

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് ഉമാ ഭാരതി ഇന്നലെ പ്രഖ്യാപിച്ചത്. രാം ജന്മഭൂമി പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആളെന്ന നിലയില്‍ അതില്‍ അഭിമാനിക്കുന്നു. രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്‌നമാണ്. അതിന് എന്ത് സഹായവും നല്‍കാന്‍ ഒരുക്കമാണെന്നും ഉമാ ഭാരതി പറഞ്ഞു.
അയോധ്യാ കേസില്‍ സുപ്രീം കോടതി വിധി വൈകുന്ന പശ്ചാത്തലത്തില്‍ അത് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് മറ്റൊരു കേന്ദ്ര മന്ത്രിയായ പി പി ചൗധരിയുടെ ആവശ്യം. രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് തന്റെ നിലപാട്. സര്‍ക്കാറിന്റെ കാര്യം പറയാനാളല്ല. സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുമെങ്കില്‍ അത് മറികടക്കാനുള്ള നിയമനിര്‍മാണം വേണമെന്ന് തന്നെയാണ് തന്റെ വ്യക്തിപരമായ ആവശ്യമെന്നും ചൗധരി വ്യക്തമാക്കി.

അയോധ്യാ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് മാറ്റിവെക്കാനുള്ള സുപ്രീം കോടതി തീരുമാനം ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആര്‍ എസ് എസ് സഹകാര്യ വാഹക് സുരേഷ് ഭയ്യാജി ജോഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മോഹന്‍ ഭാഗവത് തന്റെ ദസറ പ്രസംഗത്തില്‍ രാമക്ഷേത്ര നിര്‍മാണ ചര്‍ച്ചകള്‍ തുടക്കമിട്ടതോടെ, വികസനമല്ല രാം മന്ദിര്‍ തന്നെയാകും 2019ല്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണായുധമാകുകയെന്ന് വ്യക്തമാണ്. അനുയായികള്‍ വികാസ് പുരുഷന്‍ എന്ന് വാഴ്ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര കാര്യത്തില്‍ തത്കാലം നിശ്ശബ്ദത തുടരുകയാണ്. എന്നാല്‍, അദ്ദേഹത്തിന് വേണ്ടി യോഗി ആദിത്യനാഥ് ഈ വിഷയം ശക്തമായി അന്തരീക്ഷത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു.

പല ബി ജെ പി നേതാക്കളും മൗനം തുടരുമ്പോഴാണ് അധികാര സ്ഥാനത്തിരുന്ന് രാമക്ഷേത്ര നിര്‍മാണത്തിന് ആദിത്യനാഥ് ആഹ്വാനം ചെയ്യുന്നത്. “അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും” എന്നാണ് ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. ദീപാവലി ദിവസം യു പി മുഖ്യമന്ത്രി വീണ്ടും അയോധ്യ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹം ഉടന്‍ ക്ഷേത്രത്തിനുള്ള ശിലാസ്ഥാപനം നടത്തുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നുണ്ട്.

അതിനിടെ, അയോധ്യയില്‍ അടുത്ത മാസം രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് രാംവിലാസ് വേദാന്തിയും പറഞ്ഞു. ഇതോടൊപ്പം ലക്‌നോവില്‍ മുസ്‌ലിം പള്ളിയുടെ നിര്‍മാണം ആരംഭിക്കും. ഈ നിര്‍മാണങ്ങള്‍ക്ക് ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ല. ഉഭയകക്ഷി സമ്മതത്തോടെയായിരിക്കും രണ്ട് ആരാധനാലയങ്ങളുടെയും നിര്‍മാണമെന്നും വേദാന്തി പറഞ്ഞു.