ഇന്ത്യന്‍ മുസ്‌ലിം ചരിത്രം; കാന്തപുരത്തിന്റെ പുസ്തകം ഷാര്‍ജാ ഭരണാധികാരിക്ക് സമ്മാനിച്ചു

Posted on: October 31, 2018 8:40 pm | Last updated: October 31, 2018 at 11:30 pm
SHARE
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ താന്‍ എഴുതിയ ഇന്ത്യന്‍ മുസ്‌ലിം ചിത്രത്തെക്കുറിച്ചുള്ള പുസ്തകം ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കൈമാറുന്നു

ഷാര്‍ജ: ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെക്കുറിച്ച് അറബിയില്‍ രചിച്ച പുസ്തകം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഷാര്‍ജ സുല്‍ത്താന്‍ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് സമ്മാനിച്ചു. ഈജിപ്തിലെ അല്‍ അസ്ഹര്‍ ലൈബ്രറി പ്രസിദ്ധീകരിച്ച പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കൈമാറിയത്.

ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചു മുസ്‌ലിം പണ്ഡിതന്മാരുടെ രേഖകളും ആധുനിക അക്കാദമിക വിവരണങ്ങളും എല്ലാം ഉള്‍പ്പെടുത്തി തയ്യാറാക്കിയ തന്റെ പുസ്തകം സുല്‍ത്താന് സമ്മാനിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കാന്തപുരം പറഞ്ഞു. അറിവിന്റെയും അക്ഷരങ്ങളുടെയും ഭരണാധികാരിയാണ് അദ്ദേഹം. വായനക്കും എഴുത്തിനും മൂല്യം കല്‍പ്പിക്കുന്ന ഭരണാധികാരികള്‍ ചരിത്രത്തെയും സംസ്‌കാരത്തെയും പുതുമയോടെ കെട്ടിപ്പടുക്കുന്നവരാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാറിന്റെ അതിഥിയായി എത്തിയ ഷാര്‍ജ സുല്‍ത്താനെ പ്രകീര്‍ത്തിച്ചു കാന്തപുരം രചിച്ച അറബി കവിതയും ശ്രദ്ധേയമായിരുന്നു. പുസ്തക മേളയിലെ സിറാജ് ദിനപത്രം പവലിയനും ഐ.പി.ബി പ്രവാസി രിസാല സ്റ്റാളും കാന്തപുരം ഉദ്ഘാടനം ചെയ്തു.

ഇന്ന് ആരംഭിച്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ലോകത്തെ ഏറ്റവും പ്രധാന പുസ്തക പ്രദര്‍ശന വില്‍പ്പന മേളയാണ്. പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തക മേളയില്‍ ലോകത്തെ 1600 ലധികം പ്രസാധകരാണ് പങ്കെടുക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here