ആരുടെ മഞ്ചേശ്വരം?

Posted on: October 30, 2018 9:00 am | Last updated: October 29, 2018 at 9:59 pm
SHARE

മഞ്ചേശ്വരം നിയമസഭാ മണ്ഡലം പിന്നെയും ശ്രദ്ധാ കേന്ദ്രമാകുകയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുമോ? എപ്പോഴാണ് നടക്കുക? കെ സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസിന്റെ ഗതിയെന്താകും? ഈ അനിശ്ചിതത്വത്തിന് എന്നാണ് അറുതിയാകുക? അബ്ദുര്‍റസാഖ് എം എല്‍ എ അന്തരിച്ച സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുന്നോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

2016ല്‍ കള്ളവോട്ട് നടന്നെന്നും ഈ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും കാണിച്ച് രണ്ടാം സ്ഥാനത്തെത്തിയ ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. വിദേശത്തുണ്ടായിരുന്നവരും ജീവിച്ചിരിപ്പില്ലാത്തവരും വോട്ട് ചെയ്‌തെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍, മരിച്ചവരെന്നും വിദേശത്തുള്ളവരെന്നും സുരേന്ദ്രന്‍ ആരോപിച്ചവരില്‍ 191 പേര്‍ ഹൈക്കോടതിയില്‍ ഹാജരായി തെളിവ് നല്‍കി. ഇനി 70 പേരാണ് കോടതിയില്‍ ഹാജരാകാനുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ വിദേശത്താണ്. 191 പേര്‍ ഹാജരായതോടെ സുരേന്ദ്രന്റെ വാദം അസ്ഥാനത്തായെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. സാക്ഷികള്‍ പലരെയും ഹാജരാകാനനുവദിക്കാതെ ലീഗ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സുരേന്ദ്രനും കുറ്റപ്പെടുത്തുന്നു. ഈ വാദപ്രതിവാദങ്ങള്‍ക്കിടെ, ഹൈക്കോടതി വിധി പ്രസ്താവിക്കുന്നതിനു മുമ്പാണ് പി ബി അബ്ദുര്‍റസാഖിന്റെ വിയോഗം.

ജനപ്രതിനിധി മരണപ്പെട്ടാല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ആ നിലക്ക് 2019 ഏപ്രില്‍ 19ന് മുമ്പ് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും നടക്കണം. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഈ കാലയളവിനകം തിരഞ്ഞെടുപ്പ് നടക്കുമെന്ന് പറയാനുമാകില്ല. കേസ് കെ സുരേന്ദ്രന്‍ പിന്‍വലിക്കുകയാണ് തിരഞ്ഞെടുപ്പിനുള്ള ഏക പോംവഴി. ഇതിന് തയ്യാറാണോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം കാസര്‍കോട്ട് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത് ഉദ്ദേശിക്കുന്നില്ലെന്നാണ്. ഇതോടെ കേസ് നീണ്ടുപോകാന്‍ തന്നെയാണ് സാധ്യത. അതാകട്ടെ ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന് കാരണമാകുകയും ചെയ്യും. കേസ് അവസാനിക്കാന്‍ അധികം കാലതാമസമെടുത്തില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മഞ്ചേശ്വരം തിരഞ്ഞെടുപ്പും നടത്താനാകും.

നിയമതടസ്സങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ ഇരുമുന്നണികളിലും ബി ജെ പിയിലും സജീവമാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ 1982 മുതല്‍ യു ഡി എഫ് തന്നെയാണ് വിജയിച്ചുവരുന്നത്. 2006ല്‍ മാത്രമാണ് യു ഡി എഫിലെ ചെര്‍ക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തി എല്‍ ഡി എഫിലെ സി എച്ച് കുഞ്ഞമ്പു വിജയിച്ചത്. പലപ്പോഴും ഇവിടെ ബി ജെ പി രണ്ടാം സ്ഥാനത്തെത്തി. ഇതുകൊണ്ട് തന്നെ വളരെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന തിരിച്ചറിവില്‍ ഇരുമുന്നണികളും എത്തിയിട്ടുണ്ട്.

വേങ്ങര, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുകളെ പോലെയല്ല മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ബി ജെ പി വിജയത്തിനടുത്തെത്തി എന്നതുകൊണ്ടുതന്നെ ഇക്കുറി എല്‍ ഡി എഫും യു ഡി എഫും ശക്തമായി രംഗത്തുണ്ടാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി ജെ പി ഒരു അക്കൗണ്ട് തുറക്കുകയും ഒ രാജഗോപാല്‍ നിയമസഭാംഗമാകുകയും ചെയ്തു. മഞ്ചേശ്വരത്തും ബി ജെ പി വിജയിക്കുന്ന ഘട്ടമെത്തിയെങ്കിലും തലനാരിഴ വ്യത്യാസത്തില്‍ മുസ്‌ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖ് വിജയിക്കുകയായിരുന്നു.

2006ല്‍ മഞ്ചേശ്വരത്ത് വിജയം കൈവരിച്ച എല്‍ ഡി എഫാകട്ടെ 2016ലെ തിരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയാണുണ്ടായത്. കഴിഞ്ഞ തവണ പി ബി അബ്ദുര്‍റസാഖിന് 56,870 വോട്ടുകളാണ് ലഭിച്ചത്. കെ സുരേന്ദ്രന് 56,781 വോട്ടുകളും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന സി എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടുകളും ലഭിച്ചു. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ജീവന്‍ മരണ പോരാട്ടം തന്നെ നടത്തേണ്ടിവരുമെന്നുറപ്പാണ്.

പൊതുസ്വീകാര്യതയുള്ളവരും കരുത്തരുമായ നേതാക്കളുടെ ലിസ്‌റ്റെടുത്ത് ഇവരില്‍ സ്ഥാനാര്‍ഥിത്വത്തിന് കൂടുതല്‍ യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ എല്‍ ഡി എഫ്, യു ഡി എഫ് ക്യാമ്പുകളില്‍ നടക്കുന്നുണ്ട്. പി ബിക്ക് പകരക്കാരായി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാപ്രസിഡന്റ് എം സി ഖമറുദ്ദീന്‍ എന്നിവര്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ഇവര്‍ മണ്ഡലത്തിന് പുറത്തുള്ളവരാണ്. മണ്ഡലത്തിനകത്തെ പ്രമുഖ നേതാക്കളില്‍ ആരെയെങ്കിലും പരിഗണിക്കണമെന്ന അഭിപ്രായത്തിനും ലീഗില്‍ മുന്‍തൂക്കമുണ്ട്. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി ആരാകണമെന്നതിനെക്കുറിച്ച് സി പി എമ്മിലും ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം വി പി പി മുസ്തഫ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അറിയപ്പെടുന്ന കരുത്തനായ നേതാവിനെ മഞ്ചേശ്വരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശവും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ബി ജെ പിയില്‍ കെ സുരേന്ദ്രന്റെ പേരിന് തന്നെയാണ് മുന്‍തൂക്കമെങ്കിലും സുരേന്ദ്രനെക്കാള്‍ സ്വാധീനമുള്ള രവീശ തന്ത്രി കുണ്ടാറിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉണ്ട്. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ രവീശ തന്ത്രി മത്സരിച്ചിരുന്നു. യു ഡി എഫ് ഇവിടെ വിജയിച്ചപ്പോള്‍ തന്ത്രി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. കെ സുരേന്ദ്രനാകട്ടെ സമീപകാലത്തായി കാസര്‍കോടന്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നു.

മഞ്ചേശ്വരത്ത് വിജയിക്കേണ്ടത് എല്‍ ഡി എഫിനെ സംബന്ധിച്ചിടത്തോളം അഭിമാനവിഷയം കൂടിയാണ്. ഇന്ധനവിലക്കയറ്റവും റാഫേല്‍ ഇടപാട് അഴിമതിയും അടക്കം കേന്ദ്രസര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രശ്‌നങ്ങള്‍ അനവധി. ശബരിമല വിഷയം അടക്കം വിഷയങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ മഞ്ചേശ്വരത്ത് പരാജയം ആവര്‍ത്തിച്ചാല്‍ അത് സര്‍ക്കാറിന്റെ പ്രതിഛായയെ കൂടി ബാധിക്കും. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും എതിര്‍ത്തും വിവാദം കത്തിനില്‍ക്കുന്ന സമയം കൂടിയാണിത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പകുതിവോട്ടുകള്‍ ഭൂരിപക്ഷസമുദായത്തിനുണ്ട്. ഈ വോട്ടുകള്‍ എല്‍ ഡി എഫിനും ബി ജെ പിക്കും അനുകൂലമായി വിനിയോഗിക്കപ്പെടുമ്പോള്‍ യു ഡി എഫിന് വിജയിക്കാന്‍ സാധിക്കുന്നു. ശബരിമല വിഷയത്തില്‍ സി പി എമ്മിന്റെ വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീഴുമെന്നാണ് ബി ജെ പി കണക്കുകൂട്ടല്‍. വിശ്വാസികളുടെ ആശങ്കയും തെറ്റിദ്ധാരണയും അകറ്റിയുള്ള പ്രചാരണ തന്ത്രമായിരിക്കും ഈ സാഹചര്യത്തില്‍ സി പി എം സ്വീകരിക്കുക. അതേ സമയം ശബരിമലയുടെ കാര്യത്തില്‍ ബി ജെ പിക്കും ലീഗിനും ഒരേ നിലപാടാണെന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. ഈ അവസ്ഥ നിലനില്‍ക്കെ ശബരിമല വിവാദത്തില്‍ ബി ജെ പിയെ ഏതുരീതിയില്‍ എതിര്‍ക്കുമെന്നത് ലീഗിനകത്ത് ആശയക്കുഴപ്പത്തിന് കാരണമാകുകയും ചെയ്യും,

യു ഡി എഫിനോട് അയഞ്ഞ സമീപനമാണ് പൊതുവെ എല്‍ ഡി എഫിനുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പെട്ട എന്‍മകജെ പഞ്ചായത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഒരുമിച്ച് നിന്ന് അവിശ്വാസപ്രമേയം പാസാക്കി ബി ജെ പിയെ പുറത്താക്കുകയായിരുന്നു. ഇവിടെ ഇപ്പോള്‍ സി പി എം പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കുന്നു. കാസര്‍കോട് മണ്ഡലത്തിലെ കാറടുക്ക പഞ്ചായത്തിലും എല്‍ ഡി എഫും യു ഡി എഫും ഒറ്റക്കെട്ടായി നിന്നതോടെ ബി ജെ പിക്ക് ഭരണം നഷ്ടമായി. വോര്‍ക്കാടി സഹകരണ ബേങ്കിലും യു ഡി എഫ്-എല്‍ ഡി എഫ് കൂട്ടുകെട്ടാണ്. ഉപതിരഞ്ഞെടുപ്പില്‍ ഈ സഖ്യം ഉണ്ടാകില്ലെങ്കില്‍ കൂടിയും അതുയര്‍ത്തിയ സ്വാധീനം ഏതെങ്കിലും തരത്തില്‍ പ്രതിഫലിക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here