കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്; ഏഴ് പേര്‍ക്ക് പരുക്ക് നാളെ യുഡിഎഫ് ഹര്‍ത്താല്‍

Posted on: October 24, 2018 7:25 pm | Last updated: October 24, 2018 at 7:25 pm

കായംകുളം: കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ, എല്‍ ഡിഎഫ് അംഗങ്ങളായ ഷാമില അനിമോന്‍, ജലീല്‍ എസ്.പെരുമ്പളത്ത്, ശശികല, അജയന്‍, പ്രതിപക്ഷ അംഗങ്ങളായ ഷിജിന നാസര്‍, ഷാനവാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നാമത്തെ അജന്‍ഡയായിട്ടാണ് ബസ് സ്റ്റാന്‍ഡിന് സ്ഥലം ഏറ്റെടുക്കല്‍ വിഷയം ഉള്‍പ്പെടുത്തിയത്. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില അനുമോന്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചതിന് മറുപടി പറയുന്നതിനിടെ യുഡിഎഫ് അംഗങ്ങള്‍ ബഹളം വെച്ച് സംസാരം തടസ്സപ്പെടുത്തി. ഇതിനെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും രംഗത്തെത്തി. തുടര്‍ന്ന് എല്‍ഡിഎഫ്- യുഡിഎഫ് കൗണ്‍സിലര്‍മാര് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കായംകുളം നഗരപരിധിയില്‍ നാളെ (വ്യാഴം) യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലല്‍ എന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വം അറിയിച്ചു.