Connect with us

National

പടക്കങ്ങള്‍ നിരോധിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി; വില്‍പ്പനക്കും ഉപയോഗത്തിനും നിയന്ത്രണം

Published

|

Last Updated

ന്യൂഡല്‍ഹി: വായുമലിനീകരണത്തിന്റേയും ശബ്ദമലിനീകരണത്തിന്റേയും പശ്ചാത്തലത്തില്‍ രാജ്യത്ത് പടക്ക നിര്‍മാണവും വില്‍പ്പനയും നിരോധിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. അതേ സമയം പടക്ക വില്‍പ്പനക്കും ഉപയോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഇ കൊമേഴ്‌സ് സൈറ്റുകള്‍ വഴിയുള്ള പടക്ക വില്‍പ്പന നിരോധിച്ച കോടതി ലൈസന്‍സ് ഉള്ളവര്‍ മാത്രമെ പടക്കങ്ങള്‍ വില്‍പ്പന നടത്താവു എന്നും ഉത്തരവിട്ടു.

ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വിധി പ്രസ്താവിച്ചത്. അനുവദനീയമായ അളവില്‍ പുകയും ശബ്ദവും ഉണ്ടാക്കുന്ന പടക്കങ്ങളെ നിര്‍മിക്കാനും വില്‍ക്കാനും പാടുള്ളു. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കം ഉപയോഗിക്കാം. എന്നാല്‍ ദീപാവലി ദിനത്തില്‍ രാത്രി എട്ടിനും പത്തിനും ഇടക്കുള്ള സമയത്തെ ഇവ ഉപയോഗിക്കാവു. ക്രിസ്തുമസ് പുതുവത്സര ദിനങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30വരെ പടക്കങ്ങള്‍ ഉപയോഗിക്കാം. ഡല്‍ഹിയില്‍ പടക്കം ഉപയോഗിക്കാന്‍ കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ അനുമതി വാങ്ങണം എന്നും കോടതി ഉത്തരവില്‍ പറയുന്നു.