അഭിമന്യു വധം: കൈവെട്ട് കേസിലെ പ്രതി ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് പോലീസ്

Posted on: July 17, 2018 5:01 pm | Last updated: July 17, 2018 at 8:45 pm

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കുള്ളതായി പോലീസ് ഹൈക്കോടതിയില്‍. കൈവെട്ട് കേസിലെ 13ാം പ്രതി മനാഫിന് ഗൂഢാലോചനയില്‍ മുഖ്യപങ്കുണ്ടെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പോലീസ് വ്യക്തമാക്കി. പോലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് മനാഫിന്റെയും പള്ളുരുത്തി സ്വദേശി ഷമീറിന്റെയും ഭാര്യമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പോലീസ് സത്യവാങ്മൂലം നല്‍കിയത്. തുടര്‍ന്ന് ഈ രണ്ട് ഹര്‍ജികളും കോടതി തള്ളി.

കൈവെട്ട് കേസില്‍ വിചാരണക്കിടെ മനാഫിനെ വെറുതെവിട്ടിരുന്നു. ഇയാള്‍ അഭിമന്യൂ വധക്കേസിലെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഷമീര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവര്‍ രണ്ട് പേരും ഒളിവിലാണ്.