Connect with us

Articles

പ്രശ്‌നങ്ങള്‍ പലത്, പരിഹാരം ഒന്ന്

Published

|

Last Updated

ഹസന്‍ (റ)വിന്റെ അടുത്ത് ഒരാള്‍ വന്ന് ഏറെ വരള്‍ച്ചയുണ്ടെന്ന് ആവലാതിപ്പെട്ടു. അല്ലാഹുവിനോട് പൊറുക്കലിനെ തേടുക എന്ന് മഹാന്‍ പരിഹാരം പറഞ്ഞു. പിന്നീട് ദാരിദ്ര്യം, സന്താന ലഭ്യതക്കുറവ്, ഭൂമിയുടെ ഊഷരത തുടങ്ങിയ പരാതികളുമായി ആളുകളെത്തിയപ്പോഴും മറുപടി ഒന്നുതന്നെ; നിങ്ങള്‍ പൊറുക്കലിനെ തേടുക. ഇതുകണ്ട ചിലര്‍ മഹാനോട് ആരാഞ്ഞു, വ്യത്യസ്ത വിഷയങ്ങളുമായി വിവിധ ആളുകള്‍ വന്നപ്പോഴെല്ലാം എന്താണ് താങ്കള്‍ ഇസ്തിഗ്ഫാര്‍ തന്നെ പരിഹാരം നിര്‍ദേശിച്ചത്? അപ്പോള്‍ അവിടന്ന് സൂറത്ത് നൂഹിലെ 10,11,12 ആയത്തുകള്‍ ഓതിക്കൊടുത്തു. “”ഞാന്‍ അവരെ ഉത്‌ബോധിപ്പിക്കുകയുണ്ടായി, നിങ്ങള്‍ നാഥനോട് മാപ്പപേക്ഷിക്കൂ. നിശ്ചയം, ധാരാളം പാപങ്ങള്‍ പൊറുക്കുന്നവനാണവന്‍. എങ്കില്‍ നിങ്ങള്‍ക്കവന്‍ മഴ വര്‍ഷിക്കുകയും സമ്പത്തും സന്താനങ്ങളും കൊണ്ട് അനുഗ്രഹിക്കുകയും ആരാമങ്ങളും അരുവികളും സംവിധാനിച്ചുതരികയും ചെയ്യുന്നതാണ്”” (തഫ്‌സീറുര്‍റാസി).

നിപാ വൈറസ് അടക്കമുള്ള പകര്‍ച്ച വ്യാധികളും മറ്റനേകം അപൂര്‍വ രോഗങ്ങളുമെല്ലാമായി പരീക്ഷണവിധേമാക്കപ്പെടുന്ന സാഹചര്യമാണ് നമുക്ക് മുമ്പിലുള്ളത്. അഷ്‌റഫുല്‍ഖല്‍ഖ് (സ) നിര്‍ദേശിച്ചതുപോലെ ഓരോ രോഗത്തിനും ഉചിതമായ ചികിത്സ തേടുന്നതോടൊപ്പം തന്നെ പാപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പാപമോചനം വര്‍ധിപ്പിക്കാനും വിശ്വാസി സമൂഹം ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. ആപത്തുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്തിഗ്ഫാറും ഒരു മാര്‍ഗമാണ്. അഷ്‌റഫുല്‍ഖല്‍ഖ് (സ) പറഞ്ഞു, വല്ലവനും ഇസ്തിഗ്ഫാറിനെ പതിവാക്കിയാല്‍ അവന് അല്ലാഹു സര്‍വ മുഷിപ്പില്‍ നിന്നും മോചനം നല്‍കുകയും എല്ലാ കുടുസ്സില്‍ നിന്നും വിശാലത നല്‍കുകയും അവനറിയാത്ത വിധത്തില്‍ അവനു വേണ്ടതെല്ലാം നല്‍കുകയും ചെയ്യും. (ഇബ്‌നുമാജ)

റമസാനിലെ രണ്ടാമത്തെ പത്ത് അതിനുള്ള ഒരു വലിയ അവസരം കൂടെയാണ്. ലക്ഷക്കണക്കിന് പാവങ്ങളായ തന്റെ അടിയങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ പറ്റിപ്പോയ തെറ്റുകളെ പൊറുത്ത് നല്‍കാന്‍ ഒരുങ്ങി നില്‍ക്കുന്ന സമയം. തന്നിലേക്ക് നെഞ്ചുരുകി ഹൃദയം നൊന്ത് കേഴുന്നവരുണ്ടോ എന്ന് പ്രത്യേകം വീക്ഷിക്കുന്ന ദിനങ്ങള്‍. ഇതിനെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നിടത്താണ് വിശ്വാസിയുടെ വിജയം. നബി തങ്ങള്‍ പറയുകയുണ്ടായി, ഒരടിമയും അവന്റെ രക്ഷിതാവിനെ ഇസ്തിഗ്ഫാറിനേക്കാള്‍ ഉത്തമമായ ഒന്ന് അവന്റെ ഏടിലുള്ളതായി കണ്ടുമുട്ടില്ല. സര്‍വപാപങ്ങളില്‍ നിന്നും മുക്തനായ നബി തങ്ങള്‍ തന്നെയും ദിനവും നൂറു തവണ ഇസ്തിഗ്ഫാറ് ചൊല്ലുമായിരുന്നു. സ്വഹാബീപ്രമുഖന്‍ അബൂ ഹുറൈറ(റ)ദിനവും 12,000 തവണ ഇസ്തിഗ്ഫാര്‍ നടത്തും. എങ്കില്‍ പാപികളായ നാം എത്രമാത്രം ഇസ്തിഗ്ഫാര്‍ ചൊല്ലണം?

അതിശക്തമായ ഖേദമാണ് തൗബ. ചെയ്തതു തെറ്റാണെന്ന ബോധം വന്ന് അത് പൊറുത്ത് തരാനുള്ള അടിമയുടെ അപേക്ഷ. വായുവും വെള്ളവും ഭക്ഷണവും തുടങ്ങി സര്‍വ ആനുഗ്രഹങ്ങളും ചെയ്തുതരുന്ന യജമാനന് എതിര് പ്രവര്‍ത്തിക്കുമ്പോള്‍ അതെത്രമാത്രം വലിയ നന്ദികേടാണ്? തന്റെ ശരീരത്തിലെ ഓരോ അവയവവും അവക്ക് പ്രവൃത്തിക്കാന്‍ വേണ്ട ഊര്‍ജവും തന്നവനെങ്ങനെ നാം എതിര് ചെയ്യും? ആയതിനാല്‍ ഖേദിച്ച് മടങ്ങാന്‍ മനസ്സ് കാണിക്കണം. ചെയ്ത തെറ്റില്‍ അതിയായ ഖേദം, തെറ്റില്‍ നിന്ന് പരിപൂര്‍ണമായി വിട്ടുനില്‍ക്കല്‍, ഇനി ഒരിക്കലും ആ തെറ്റു ചെയ്യില്ലെന്ന ദൃഢബോധം എന്നിവ പാപമോചനം സ്വീകരിക്കാനുള്ള നിബന്ധനകളാണ്. ഈ മൂന്ന് കാര്യങ്ങളും സമ്മേളിച്ച് കൊണ്ടാകണം നാം ചൊല്ലുന്ന ഇസ്തിഗ്ഫാറുകള്‍. ഹൃദയമറിയാതെയുള്ള നാവിന്റെ കേവല വ്യായാമമാകരുത്. വഹബ് ബ്‌നു മുനബ്ബഹ് (റ) പറയുമായിരുന്നു, ഖേദം വരും മുമ്പ് ആരെങ്കിലും ഇസ്തിഗ്ഫാര്‍ ചൊല്ലുന്നെങ്കില്‍ അവന്‍ അല്ലാഹുവിനെ പരിഹസിക്കും പോലെയാണ്. (തന്‍ബീഹുല്‍ മുഗ്തര്‍രീന്‍)
സ്രഷ്ടാവുമായി ബന്ധപ്പെട്ട പാപങ്ങള്‍ക്കാണ് ഈ മൂന്ന് നിബന്ധനകള്‍. സൃഷ്ടികളുമായി ബന്ധപ്പെട്ടതാകുമ്പോള്‍ നാലാമതൊന്നുകൂടെ ഉണ്ട്. മനുഷ്യരുടെ മുഴുവന്‍ ബാധ്യതയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണം. മോഷണം, പിടിച്ചുപറി തുടങ്ങിയ സാമ്പത്തിക കുറ്റങ്ങളില്‍ നിന്നും ഏഷണി, പരദൂഷണം, പരിഹാസം തുടങ്ങിയ ഇതര തെറ്റുകളില്‍ നിന്നും മുക്തി നേടിയിരിക്കണം. ആ വിഷയത്തിലാണ് പുതിയ ലോകത്ത് വലിയ വീഴ്ച വന്നിരിക്കുന്നത്. യാതൊരു ദയയുമില്ലാതെ അന്യരുടേത് അപഹരിക്കുന്നു, അതിര്‍ത്തി കല്ല് നീക്കി പറമ്പ് പിടിച്ചെടുക്കുന്നു, പലിശയിലൂടെയും അതിക്രമത്തിലൂടെയും അപരന്റെ സ്വത്ത് തന്റെ വയറ്റിലാക്കി നാം പാപമോചനം നടത്തിയാല്‍ നിഷ്ഫലമാണ്. ആയതിനാല്‍ പാപമോചനത്തിനു മുമ്പ് മനുഷ്യ ബാധ്യത തീര്‍ക്കാന്‍ ശ്രദ്ധിക്കണം.

അന്യരുടെ ധനം തങ്ങളുടെയും കുഞ്ഞുങ്ങളുടേയും വയറ്റിലാകാതരിക്കാന്‍ പരമാവധി ശ്രദ്ധിക്കാന്‍ ഓരോ കുടുംബനാഥനും ഉമ്മമാരും ശ്രദ്ധിക്കണം. പഴയ കാലത്തെ ഉമ്മമാര്‍ക്ക് ഇത്തരം കാര്യങ്ങളിലെല്ലാം വലിയ സൂക്ഷ്മതയായിരുന്നു.

എന്റെ കുട്ടിക്കാലം. മദ്‌റസയില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഏഴ് വയസ്സ് മാത്രമുളള സമയം. ഒരുദിവസം മദ്‌റസ വിട്ട് കൂട്ടുകാര്‍ക്കൊപ്പം ഞാന്‍ മടങ്ങിവരുമ്പോള്‍ എന്റെ അയല്‍വാസിയുടെ മാവിന്‍ ചുവട്ടില്‍ ധാരാളം പഴുത്ത മാങ്ങ കിടക്കുന്നത് കണ്ട് കുട്ടികളെല്ലാം പെറുക്കിയ കൂട്ടത്തില്‍ ഞാനും ഒന്നെടുത്തു. ഉമ്മയുടെ അടുക്കല്‍ കൊണ്ടുപോയി കൊടുത്തു. അത് ഉമ്മയുടെ നിര്‍ബന്ധമാണ്. വീടിന്റെ പുറത്ത് നിന്ന് ഒരു സാധനവും തിന്നാന്‍ പാടില്ല, എന്തു കിട്ടിയാലും ഉമ്മയുടെ കൈയില്‍ കൊണ്ടുപോയി നല്‍കണം. നല്ല പഴുത്ത മാങ്ങ, നല്ല വിശപ്പുളള സമയം, കുട്ടിക്കാലം, തിന്നാന്‍ കൊതിച്ചിരിക്കെ ഉമ്മ ചോദിച്ചു, ഇതെവിടുന്ന് കിട്ടിയതാണ്. ഇതാരുടെ മാവില്‍ നിന്നാണ്. ഞാന്‍ പറഞ്ഞു, വീരാന്‍ കുട്ട്യാക്കയുടെ മാവില്‍ നിന്നു വീണ് വഴിയില്‍ നിന്നു കിട്ടിയതാണ്. വീരാന്‍കുട്ട്യാക്ക, വീട്ടില്‍ സാധനങ്ങളെല്ലാം വാങ്ങുന്ന ഖാദിമാണ്. ഒരു കുടുംബാംഗത്തെ പോലെ ജീവിക്കുന്നു. ആ കുടുംബത്തിന് എല്ലാ ദിവസവും നാസ്ത വീട്ടില്‍ നിന്നാണ്. മാവില്‍ നിന്നാണങ്കില്‍ ഇഷ്ടം പോലെ മാങ്ങ ദിനവും കൊഴിഞ്ഞ് വീഴുന്നുമുണ്ട്. ഇതൊക്കെ വെച്ചാണ് ഞാന്‍ എടുത്തതും, ഉമ്മയില്‍ നിന്ന് സമ്മതം പ്രതീക്ഷിച്ചതും. പക്ഷേ പെട്ടെന്ന് ഉമ്മയുടെ, ശൈലി മാറി. ഉമ്മ പറഞ്ഞു, “”അല്ലാഹ്… ആരാന്റെ മാങ്ങയല്ലേ ഇത്. നമുക്ക് തിന്നാന്‍ പാടില്ല. മോനെ ആരാന്റെ ഇഷ്ടമില്ലാത്ത ഒന്നും തിന്നരുത്, തിന്നാല്‍ നമ്മുടെ രക്തം ചീത്തയായിപ്പോകും, പിന്നെ ദുആ ചെയ്താല്‍ ഉത്തരം കിട്ടില്ല, നിസ്‌കരിക്കാന്‍ തോന്നില്ല, ആരാധനകള്‍ക്ക് മധുരം തോന്നില്ല, ഇവയൊന്നും പടച്ചവന്‍ സ്വീകരിക്കില്ല.””ഉമ്മയുടെ അന്നത്തെ വാചകങ്ങളും നടപടിക്രമങ്ങളും ഇന്നും ഹൃദയത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നു.

ചെറുപ്പം മുതലേ മക്കളെ വളര്‍ത്തുമ്പോള്‍ രക്ഷിതാക്കള്‍ ഏറെ ഗൗരവത്തോടെ ഇതു ശ്രദ്ധിക്കണം. അല്ലാഹുവുമായി ബന്ധപ്പെട്ടവ അവനോട് ഒറ്റക്ക് കരഞ്ഞ് ചോദിച്ചാല്‍ അവന്‍ പൊറുത്തു തരും. പക്ഷേ, അടിമയുമായി ബന്ധപ്പെട്ടത് ഇങ്ങനെയല്ല. അത് അതാത് വ്യക്തികളെ കണ്ട് പൊരുത്തപ്പെടീക്കുകയും മുതല്‍ തിരിച്ച് നല്‍കുകയും വേണം.

തൗബ ചെയ്ത് ഖേദിച്ച് മടങ്ങുന്ന അടിമകളെ അല്ലാഹുവിന് വലിയ പ്രിയമാണ്. അതിനുള്ള നിബന്ധനകള്‍ കൂടെ ശ്രദ്ധിച്ച് റമസാനിലെ രണ്ടാം പത്തില്‍ ഇസ്തിഗ്ഫാര്‍ വര്‍ധിപ്പിച്ച് അല്ലാഹുവിലേക്ക് അടുക്കാന്‍ നമുക്ക് കഴിയട്ടെ.

Latest