അല്‍ ഖൈല്‍-ജുമൈറ റോഡുകളെ ബന്ധിപ്പിക്കുന്ന സമാന്തര പാത നിര്‍മാണം അവസാന ഘട്ടത്തില്‍

Posted on: May 27, 2018 8:46 pm | Last updated: May 27, 2018 at 8:46 pm
നിര്‍മാണം പുരോഗമിക്കുന്ന മേല്‍ പാലം

ദുബൈ: അല്‍ ഖൈല്‍ റോഡില്‍ നിന്ന് ജുമൈറയിലേക്കുള്ള പുതിയ മേല്‍പാലങ്ങളുടെയും പാതയുടെയും നിര്‍മാണം അന്തിമ ഘട്ടത്തിലേക്കെന്ന് അധികൃതര്‍. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു പാത ഉപയോഗ യോഗ്യമാക്കുമെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ 86 ശതമാനം നിര്‍മാണ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാന പാദത്തില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു സഞ്ചാര യോഗ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

രണ്ടാം ഘട്ടം നിര്‍മാണ പ്രവര്‍ത്തികള്‍ 60 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ ഈ ഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും.

80 കോടി ദിര്‍ഹം ചെലവില്‍ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതി അല്‍ ഖൈല്‍ റോഡില്‍ നിന്ന് ജുമൈറ ഭാഗത്തേക്കുള്ള സമാന്തര റോഡാകും. നിരവധി മേല്‍പാലങ്ങള്‍, ദീര്‍ഘമേറിയ റാമ്പുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമാകുന്നതോടെ അല്‍ ഖൈല്‍ മേഖലയില്‍ നിന്ന് ജുമൈറയിലേക്ക് നേരിട്ട് പോകുന്ന വാഹനങ്ങള്‍ക്ക് ഗതാഗതം ഏറെ സുഖകരമാകും.

മേല്‍പാലങ്ങളുടെയും റാമ്പുകളുടെയും നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ മേഖലയിലെ ഗതാഗത സ്തംഭനങ്ങള്‍ക്ക് കുറവ് വരും. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഗതാഗതം സുഗമമാക്കുക എന്ന ആര്‍ ടി എയുടെ പദ്ധതിയുടെ അടിസ്ഥാനത്തിലാണിത്. എയര്‍പോര്‍ട്ട് സ്ട്രീറ്റ്, ട്രിപ്പോളി സ്ട്രീറ്റ്, അല്‍ യലയെസ് സ്ട്രീറ്റ്, അല്‍ അസായേല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ലംബമായി അതിവേഗ പാതകള്‍ ഒരുക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് അല്‍ ഖൈല്‍-ജുമൈറ അതിവേഗ കോറിഡോര്‍ പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ജംഗ്ഷനുകളിലും നിര്‍മിക്കുന്ന അതി ബൃഹത്തായ ഇന്റര്‍സെക്ഷനുകള്‍ വാഹനങ്ങള്‍ക്ക് സമയ ദൈര്‍ഘ്യം കുറക്കുന്നതാകും.

തിരക്കേറിയ സമയത്തെ ഗതാഗതം 40 ശതമാനം കൂടുതല്‍ കൈകാര്യം ചെയ്യാന്‍ പാകത്തിലുള്ളതാകും. അല്‍ ഖൈല്‍ റോഡിലേക്കും സമാന്തരമായി കൂടുതല്‍ റാമ്പുകള്‍ വരുന്നതോടെ ജുമൈറയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഷാര്‍ജ, ബിസിനസ് ബേ ക്രോസിംഗ് എന്നിവിടങ്ങളിലേക്ക് കടന്നു പോകുന്നതിന് നിലവിലെ സമയ ക്രമത്തില്‍ നിന്നും വളരെ കുറഞ്ഞവ മതിയാകും എന്നതാണ് ഇതിന്റെ സവിശേഷതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.