ജേക്കബ് തോമസിന്റെ 31 സര്‍ക്കുലറുകള്‍ റദ്ദാക്കി

Posted on: May 26, 2018 6:21 am | Last updated: May 26, 2018 at 12:27 am

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ വീണ്ടും തിരുത്തി വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ കൂട്ടത്തോടെ റദ്ദാക്കി. രണ്ട് വര്‍ഷങ്ങളിലായുള്ള 31 സുപ്രധാന സര്‍ക്കുലറുകളാണ് വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താന റദ്ദാക്കിയത്്.

സര്‍ക്കുലറുകള്‍ ചട്ടവിരുദ്ധമാണെന്ന മൂന്നംഗ സമിതിയുടെ കണ്ടെത്തലിലാണ് നടപടി. ജേക്കബ് തോമസ് പുറപ്പെടുവിച്ച 31 സര്‍ക്കുലറുകളാണ് ഇപ്പോള്‍ ഒരുമിച്ച് റദ്ദാക്കിയത്. സര്‍ക്കാര്‍ സംവിധാനങ്ങളിലെയും പദ്ധതികളിലെയും അഴിമതി കണ്ടെത്താനുള്ള സോഷ്യല്‍ ഓഡിറ്റ്, ഉന്നത നിയമനങ്ങളിലടക്കം ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത്, വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകളിലെ ഡയറക്ടറുടെ ഇടപെടല്‍ അവസാനിപ്പിച്ചത്, വിസില്‍ ബ്ലോവര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത് എന്നിവയടക്കമുള്ള സുപ്രധാന സര്‍ക്കുലറുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
ഡയറക്ടര്‍മാരുടെ ഉത്തരവുകള്‍ പരിശോധിക്കുന്ന എസ് പി, ഡി വൈ എസ് പി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയുടെ ശിപാര്‍ശയിലാണ് എന്‍ സി അസ്താനയുടെ നടപടി. സര്‍ക്കുലറുകള്‍ ചട്ടവിരുദ്ധമാണെന്നും വിജിലന്‍സ് മാന്വല്‍ പാലിക്കുന്നില്ലെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍.
സുപ്രീം കോടതി, ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലുള്ള അഞ്ച് സര്‍ക്കുലറുകള്‍ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്. 2016ല്‍ 36, 2017ല്‍ 12 സര്‍ക്കുലറുകളാണ് ജേക്കബ് തോമസ് പുറപ്പെടുവിച്ചത്. ഇതില്‍ ചില സര്‍ക്കുലറുകള്‍ ലോക്‌നാഥ് ബെഹ്‌റ ഡയറക്ടറായിരിക്കെ റദ്ദാക്കിയിരുന്നു.
വകുപ്പ് തലവനായിരിക്കെ ജേക്കബ് തോമസ് കഴിഞ്ഞ ജൂണില്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ തിരുത്തിയിരുന്നു. പരാതികള്‍ യൂനിറ്റ് തലത്തില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന ജേക്കബ് തോമസിന്റെ ഉത്തരവാണ് സര്‍ക്കാറിന്റെ വിമര്‍ശത്തിന് കാരണമായത്. ഇതോടെ തീരുമാനം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ട് ഡിവൈ എസ് പിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കുലറുകള്‍ കൂട്ടത്തോടെ റദ്ദാക്കുകയായിരുന്നു.

ഇതാദ്യമായാണ് വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലറുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞ് അസ്താന ഈ മാസം 31ന് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാനിരിക്കെയാണ് നടപടി. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ജേക്കബ് തോമസ് പരാതികള്‍ യൂനിറ്റ് തലത്തില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന സര്‍ക്കുലര്‍ ഇറക്കിയത്.

മന്ത്രിമാര്‍, രാഷ്ട്രീയപ്രമുഖര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ രഹസ്യാന്വേഷണം നടത്തി കേസെടുക്കാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നായിരുന്നു സര്‍ക്കുലര്‍. ഇത് തിരുത്തിയ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങള്‍ പുതുക്കി പുതിയ ഉത്തരവിറക്കുകയായിരുന്നു.