ജയനഗറിലും ആര്‍ ആര്‍ നഗറിലും പോരാട്ടം കനക്കും

Posted on: May 26, 2018 6:05 am | Last updated: May 26, 2018 at 12:10 am

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബെംഗളൂരു ജയനഗറിലെയും ആര്‍ ആര്‍ നഗറിലെയും പോരാട്ടത്തിന് പതിവില്‍ കവിഞ്ഞ വീറും വാശിയുമുണ്ടാകുമെന്ന് ഉറപ്പായി. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലെത്താന്‍ നടത്തിയ നീക്കം പരാജയപ്പെട്ടതോടെ രണ്ട് മണ്ഡലങ്ങളിലും വിജയിച്ച് കയറാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ബി ജെ പി. എന്നാല്‍, രാമനഗര, ആര്‍ ആര്‍ നഗര്‍, ജയനഗര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന്റെ തീരുമാനം.

ജയനഗറില്‍ ബി ജെ പി സ്ഥാനാര്‍ഥി ബി എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. ഇവിടെ ജൂണ്‍ 11ന് തിരഞ്ഞെടുപ്പും 16ന് വോട്ടെണ്ണലും നടക്കും. ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ ഈ മണ്ഡലത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢിയുടെ മകള്‍ സൗമ്യ റെഡ്ഢിയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. വിജയകുമാറിന്റെ സഹോദരന്‍ പ്രഹ്ലാദ്കുമാറായിരിക്കും ഇവിടെ ബി ജെ പിക്ക് വേണ്ടി അങ്കത്തിനിറങ്ങുക. വിജയകുമാറിന്റെ സഹോദരനെ മത്സരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിക്കാനാണ് ബി ജെ പിയുടെ നീക്കം. രാമലിംഗ റെഡ്ഢി മത്സരിച്ചിരുന്ന സമയത്ത് ജയനഗര്‍ കോണ്‍ഗ്രസിന്റെ മണ്ഡലമായിരുന്നു. പിന്നീട് അദ്ദേഹം ബി ടി എം ലേഔട്ടിലേക്ക് മാറിയപ്പോള്‍ ജയനഗറില്‍ ബി ജെ പിയിലെ വിജയകുമാര്‍ ജയിച്ചു.

ഒരു ഫഌറ്റില്‍ നിന്ന് പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ആര്‍ ആര്‍ നഗറിലെ തിരഞ്ഞെടുപ്പ് മാറ്റിയത്. ഇവിടെ ഈ മാസം 28നാണ് വോട്ടെടുപ്പ്. 31ന് ഫലം പ്രഖ്യാപിക്കും. ബി ജെ പിയിലെ മുനിരാജു ഗൗഡും ജെ ഡി എ സിലെ ജി എച്ച് രാമചന്ദ്രയുമാണ് ഇവിടുത്തെ സ്ഥാനാര്‍ഥികള്‍.

കേന്ദ്രമന്ത്രിമാരായ എച്ച് എന്‍ അനന്ത്കുമാറിന് ജയനഗറിന്റെയും ഡി വി സദാനന്ദഗൗഡക്ക് ആര്‍ ആര്‍ നഗറിന്റെയും ചുമതല ബി ജെ പി നേതൃത്വം നല്‍കിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരുപോലെ നിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പുകള്‍.