Connect with us

National

ഇന്ധന വില വര്‍ധന തിരിച്ചടിയായി: കൂപ്പുകുത്തി രൂപ

Published

|

Last Updated

തിരുവനന്തപുരം: ഒന്നര വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ 68.26 രൂപയാണ് ഇന്ത്യന്‍ കറന്‍സിയുടെ ഇപ്പോഴത്തെ മൂല്യം. നേരത്തെ രൂപ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത് 2016 നവംബറിലാണ്. 68.86 ആയിരുന്നു അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് രൂപക്ക് തിരിച്ചടിയായത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് പെട്രോള്‍ വില വര്‍ധിക്കുന്നതിന് സമാന്തരമായി രൂപയുടെ മൂല്യം കുത്തനെ ഇടിയുകയായിരുന്നു. അടുത്ത കാലത്തെ ഏറ്റവും വലിയ കുറവായ 84 പൈസ വരെ ഒരു ദിവസമുണ്ടായത് ശ്രദ്ധേയമാണ്.

രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന മൂല്യമിടിച്ചില്‍ തടയാന്‍ റിസര്‍വ് ബേങ്ക് നേരിട്ട് ഇടപെട്ടെങ്കിലും ഡോളറിനെതിരെ രൂപയുടെ മൂല്യം 68ല്‍ നിന്ന് മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റത്തോടൊപ്പം ക്രമാനുഗതമായി ഡോളര്‍ ശക്തിപ്രാപിക്കുന്നതും രൂപയുടെ മൂല്യം കൂപ്പുകുത്തുന്നതിന് കാരണമായി. എണ്ണവില പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. ഒരു ബാരല്‍ എണ്ണയില്‍ പത്ത് ഡോളറിന്റെ വര്‍ധന വരുമ്പോള്‍ എണ്ണൂറ് കോടി ഡോളറിന്റെ ഇറക്കുമതി ബാധ്യതയാണ് രാജ്യം അധികം വഹിക്കേണ്ടി വരിക. ഇതോടൊപ്പം ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതും തിരിച്ചടിയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരി വിപണിയില്‍ പ്രകടമായ തകര്‍ച്ചയും വിദേശ സ്ഥാപന നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് ഡോളറിലേക്ക് മാറ്റുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

എണ്ണവില ഉയര്‍ന്നതിനാല്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഉത്പാദനം വര്‍ധിച്ചതിനെ തുടര്‍ന്ന് എണ്ണവിലയിടിഞ്ഞ ഗള്‍ഫ് രാഷ്ട്രങ്ങള്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഉത്പാദനത്തില്‍ നിയന്ത്രണം വരുത്തിയിരുന്നു. ഇത് മുതലെടുത്ത് അമേരിക്ക എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉയര്‍ന്ന രീതിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ എണ്ണ ഉത്പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഡോളറിനെതിരെ രൂപ എഴുപതിലേക്ക് വീണേക്കും.

സി എ ഡി വര്‍ധിക്കും

നിലവിലെ സാഹചര്യത്തില്‍ എണ്ണവില കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നത് എണ്ണ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ നല്‍കേണ്ട അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം ഇറക്കുമതിച്ചെലവേറുന്നത് കറന്റ് അക്കൗണ്ട് കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ്) ഉയര്‍ത്തുകയും ചെയ്യും. നടപ്പു സാമ്പത്തിക വര്‍ഷം സി എ ഡി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.9 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ഇത് 2.5 ശതമാനം വരെ ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. .
അതേസമയം രൂപയുടെ മൂല്യം ഇടിയുന്നത് വിദേശ മലയാളികള്‍ക്ക് ഏറെ ഗുണകരമാണ്. വിദേശ ഇന്ത്യക്കാര്‍ വഴി നാട്ടിലേക്ക് പണമൊഴുക്ക് വര്‍ധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പണം രാജ്യത്തെത്തുന്നത്.

യു എസ് പരീക്ഷിച്ചു; ഇന്ത്യ പിന്തുടരും
പലിശനിരക്ക് ഉയര്‍ത്തും

പ്രതിസന്ധി മറികടക്കാന്‍ നേരത്തെ അമേരിക്ക പരീക്ഷിച്ച പലിശ നിരക്ക് നയം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാന്‍ പലിശ നിരക്ക് ഉയര്‍ത്തിയുള്ള തന്ത്രമാണ് അമേരിക്ക പരീക്ഷിച്ചത്. തുടര്‍ന്ന് അമേരിക്കയുടെ ജി ഡി പിയില്‍ അറുപത് ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. പലിശ നിരക്കുകള്‍ ഉയര്‍ത്തി സ്വദേശ നിക്ഷേപം രാജ്യത്ത് പിടിച്ചുനിര്‍ത്താമെന്ന ഗുണവും പലിശ വര്‍ധന നയത്തിനുണ്ട്.

യു എസ് കേന്ദ്ര ബേങ്കായ ഫെഡറല്‍ റിസര്‍വിന്റെ അടുത്ത പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അമേരിക്കയുടെ പണനയങ്ങള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ പ്രകടമായി സ്വാധീനിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാനാണ് സാധ്യത. കുറഞ്ഞ പലിശനിരക്കിനെ തുടര്‍ന്ന് അമേരിക്ക മറ്റു രാജ്യങ്ങളില്‍ നടത്തിയ നിക്ഷേപം, നിരക്കുയര്‍ത്തുന്നതോടെ പിന്‍വലിക്കുമെന്നതിനാലാണ് ഇത് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. അടുത്ത മാസം ആറിന് റിസര്‍വ് ബേങ്കിന്റെ പുതിയ പണനയ അവലോകന യോഗം ചേരാനിരിക്കെ വിപണിയില്‍ നിക്ഷേപകരുടെ ഇടപെടലുകളും രൂപയുടെ മൂല്യത്തെ ബാധിച്ചേക്കും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest