യുവെന്റസിനോട് ബുഫണ്‍ വിടവാങ്ങി

Posted on: May 20, 2018 11:28 am | Last updated: May 20, 2018 at 11:28 am

ടുറിന്‍: ലോക ഫുട്‌ബോളിലെ ഗോള്‍ കീപ്പിംഗ് ഇതിഹാസം ജിയാന്‍ ലൂജി ബുഫണ്‍ യുവെന്റസിനായി അവസാന മത്സരവും പൂര്‍ത്തിയാക്കി. പതിനേഴ് സീസണ്‍ നീണ്ട കരിയറിന് വിജയത്തോടെയാണ് പര്യവസാനം. വെറോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവെന്റസ് പരാജയപ്പെടുത്തിയത് ബുഫണിനുള്ള വിജയമാധുര്യമുള്ള യാത്രയയപ്പായി. യുവെന്റസ് രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നില്‍ക്കുമ്പോള്‍ ബുഫണ്‍ ആരാധകവൃന്ദത്തോട് യാത്ര ചോദിച്ചു. ക്യാപ്റ്റന്റെ ആംബാന്‍ഡ് മിഡ്ഫീല്‍ഡര്‍ ക്ലോഡിയോ മര്‍ചീസിയോക്ക് നല്‍കി, കെട്ടിപ്പുണര്‍ന്നു കൊണ്ട് ബുഫണ്‍ മൈതാനത്തിന് പുറത്തേക്ക് നടന്നു.

സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ഇതിഹാസ താരത്തിന് യാത്രയയപ്പ് നല്‍കിയത്. യുവെന്റസിനൊപ്പം ഒമ്പത് തവണ സീരി എ കിരീടം നേടിയ ബുഫണ്‍ നാല് ഇറ്റാലിയന്‍ കപ്പും സ്വന്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടുക എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ബുഫണ്‍ ടുറിന്‍ ക്ലബ്ബ് വിട്ടത്.
സീസണില്‍ 38 മത്സരങ്ങളില്‍ നിന്ന് 95 പോയിന്റുകളാണ് യുവെ സ്വന്തമാക്കിയത്. ഇതില്‍ മുപ്പത് ജയങ്ങളും അഞ്ച് സമനിലകളും മൂന്ന് തോല്‍വികളും.