പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ്: തൃണമൂല്‍ തൂത്തുവാരി

Posted on: May 18, 2018 6:13 am | Last updated: May 18, 2018 at 12:19 am
ബിര്‍ഭൂമില്‍ ഏറ്റുമുട്ടുന്ന പ്രവര്‍ത്തകര്‍

കൊല്‍ക്കത്ത: അക്രമ സംഭവങ്ങളാലും രാഷ്ട്രീയ കോളിളക്കങ്ങളാലും ശ്രദ്ധേയമായ പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ആകെയുള്ള 58,692 സീറ്റുകളില്‍ പോളിംഗ് നടന്ന 38,616 സീറ്റുകളിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 80 ശതമാനത്തോളം സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. സി പി എമ്മിനെ മറികടന്ന് ബി ജെ പി മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രണ്ടാം സ്ഥാനത്തെത്തി. 20,076 സീറ്റുകളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 ജില്ലാ പരിഷത്തിലും തൃണമൂല്‍ ഭരണം ഉറപ്പിച്ചിട്ടുണ്ട്. 9,240 പഞ്ചായത്ത് സമിതികളിലും വന്‍ മുന്നേറ്റമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയത്. 31,802 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ 24,254 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ വൈകുന്നേരവും തുടര്‍ന്നു. വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് ബോക്‌സുകളായിരുന്നു തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചത്. ഇതാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നീളാന്‍ കാരണമായത്. 20 ജില്ലകളിലായി ആകെ 271 പോളിംഗ് കേന്ദ്രങ്ങളായിരുന്നു സജ്ജീകരിച്ചത്.

2013ല്‍ 13 ജില്ലാ പരിഷത്തും 57 ശതമാനം പഞ്ചായത്ത് സമിതിയും 51 ശതമാനം ഗ്രാമ പഞ്ചായത്തുമായിരുന്നു തൃണമൂല്‍ ഭരിച്ചിത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മത്സരിക്കാനുള്ള അവസരം പോലും ഒരുക്കാതെയായിരുന്നു ഇക്കുറി പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെപ്പിന് തൃണമൂല്‍ സര്‍ക്കാര്‍ കളം ഒരുക്കിയത്. ഭീഷണിപ്പെടുത്തിയും പ്രലോഭിച്ചും എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

351 ജില്ലാ പരിഷത്ത് സീറ്റുകള്‍ തൃണമൂല്‍ നേടിയപ്പോള്‍ കേവലം ഒമ്പത് സീറ്റാണ് ബി ജെ പിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് നാലും ഇടതുപക്ഷത്തിന് രണ്ടും സീറ്റ് മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളൂ. പഞ്ചായത്ത് സമിതിയില്‍ 6,541 സീറ്റുകളില്‍ തൃണമൂല്‍ വിജയിപ്പിച്ചപ്പോള്‍ യഥാക്രമം 281, 100, 62 സീറ്റുകളിലാണ് ബി ജെ പി, ഇടത്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. 1957 ഗ്രാമ പഞ്ചായത്ത് സീറ്റില്‍ ബി ജെ പിയും 486 എണ്ണത്തില്‍ ഇടതുപക്ഷവുമാണ് ലീഡ് ചെയ്യുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി;
നിരവധി പേര്‍ക്ക് പരുക്കേറ്റു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ബി ജെ പി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരുക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തിവീശി ഓടിച്ചു. ബിര്‍ഭൂമിലാണ് സംഭവം. ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിലുണ്ടായ അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെയും സംസ്ഥാന വ്യാപകമായി അരങ്ങേറിയത്. തിരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.