ഹരിത ഇഫ്താറൊരുക്കി മഅ്ദിന്‍ അക്കാദമി; ഒന്നാം നോമ്പുതുറയില്‍ അതിഥിയായി ജില്ലാ കലക്ടര്‍

Posted on: May 17, 2018 10:39 pm | Last updated: May 19, 2018 at 8:28 pm
SHARE
മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന മുപ്പത് ദിന പ്രകൃതി സൗഹൃദ ഇഫ്താര്‍ സംഗമത്തിന്റെ ആദ്യദിനത്തില്‍ അതിഥിയായെത്തിയ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ സംസാരിക്കുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ റമളാന്‍ മുപ്പതുദിവസവും സംഘടിപ്പിക്കുന്ന പ്രകൃതി സൗഹൃദ ഇഫ്താര്‍ സംഗമങ്ങള്‍ക്ക് തുടക്കം. സ്വലാത്ത് നഗര്‍ കാമ്പസില്‍ ഒന്നാം നോമ്പുതുറക്ക് ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ് അതിഥിയായെത്തി. മലപ്പുറത്തെയും പരിസരങ്ങളിലേയും വീടുകളില്‍ നിന്നാണ് ഓരോ ദിവസവും സമൃദ്ധമായ നോമ്പ് തുറയൊരുക്കുന്നതിന് വേണ്ട വിഭവങ്ങള്‍ പ്രധാനമായും എത്തിക്കുന്നത്. യാത്രക്കാര്‍, വിവിധ ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധിപേര്‍ക്കാണ് സ്വലാത്ത് നഗറില്‍ നോമ്പ്തുറ ഒരുക്കുന്നത്.

ദിവസവും ആയിരത്തിനുമേലെ ആളുകള്‍ക്കും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ ഒരു ലക്ഷം പേര്‍ക്കും മഅ്ദിന്‍ അക്കാദമി ഹരിത ഇഫ്താറൊരുക്കുന്നുവെന്നത് പ്രകൃതി സംരക്ഷണത്തിന്റെ മഹത്തായ സന്ദേശമാണ് നല്‍കുന്നത്. മനസ്സുവെച്ചാല്‍ ഈ രംഗത്ത് അസാധ്യമായി ഒന്നുമില്ലെന്നതിന് തെളിവാണിത്. പ്രകൃതി സൗഹൃദ ഇഫ്താറുകള്‍ ഓരോ വീടുകളിലേക്കും വ്യാപിപിക്കണം. ഈ രംഗത്ത് എല്ലാവരുടേയും കൂട്ടായ പ്രയത്‌നം അനിവാര്യമാണ്. ജില്ലയിലെ വിവിധയിടങ്ങളില്‍ നടക്കുന്ന ഇഫ്താര്‍ സംഗമങ്ങളും അനുബന്ധ പരിപാടികളുമെല്ലാം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടപ്പിലാക്കാന്‍ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി വാഴയിലയിലാണ് ഭക്ഷണം വിളമ്പുന്നത്. ആവശ്യാനുസരണം കഴുകി ഉപയോഗിക്കാവുന്ന ഫൈബര്‍, സ്റ്റീല്‍ പാത്രങ്ങളും കുപ്പി ഗ്ലാസ്സുകളുമാണ് കൂടെ ഉപയോഗിക്കുന്നത്. ഉപയോഗിച്ച വാഴയിലകള്‍ വൃത്തിയാക്കി മഅ്ദിന്‍ ഫാമിലെ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കുന്നതിനാല്‍ ഓരോ ദിവസവും കുന്നുകൂടുന്ന ജൈവ മാലിന്യങ്ങള്‍ ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കാന്‍ സാധിക്കും.

പതിനൊന്ന് വര്‍ഷമായി മഅ്ദിന്‍ കാമ്പസില്‍ വിപുലമായ രീതിയില്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ച് വരുന്നുണ്ട്. പത്തിരിയും ബിരിയാണിയും പലഹാരങ്ങളുമെല്ലാം ഉള്‍കൊള്ളുന്ന വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് ഓരോ ദിവസവും മഅ്ദിന്‍ കാമ്പസില്‍ ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഹരിത നിയമാവലി പാലിച്ചുകൊണ്ട് പ്രകൃതി സൗഹൃദ രീതിയില്‍ നോമ്പ് തുറ ആരംഭിച്ചത്. ഈ വര്‍ഷം കൂടുതല്‍ വിപുലമായ രീതിയില്‍ പ്രകൃതി സൗഹൃദ ഇഫ്താര്‍ സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്.

സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പറം ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഹരിത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. രാജു, ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് ഒ, മഅ്ദിന്‍ സെക്രട്ടറി പരി മുഹമ്മദ്, അക്കാദമിക് ഡയറകടര്‍ നൗഫല്‍ കോഡൂര്‍, മഅ്ദിന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ അബ്ദുല്‍ വഹാബ് എരഞ്ഞിമാവ് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here