Connect with us

National

കന്നഡ മണ്ണില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു; യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കുമെന്ന് സൂചന

Published

|

Last Updated

ബംഗളുരു: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിഎസ് യെദ്യൂരപ്പ നാളെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. 115 എംഎല്‍എ മാരുടെ പിന്തുണക്കത്തും ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പില്‍ 104 സീറ്റ് ലഭിച്ച ബിജെപി 115 എംഎല്‍എമാരുടെ പിന്തുണക്കത്ത് എങ്ങിനെ നല്‍കിയെന്ന് വ്യക്തമല്ല.

ഒരു സ്വതന്ത്ര എംഎല്‍എ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരെ ബിജെപി വിലക്കെടുത്തുവെന്നുവേണം കരുതാന്‍. ഉചിതമായ തീരുമാനമെടുക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി രാജ്ഭവനില്‍നിന്ന് മടങ്ങവെ യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ട് വെക്കുന്ന നിലപാട്.

അതേ സമയം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നാല് എംഎല്‍എമാര്‍ പങ്കെടുക്കാനെത്താത്തത് അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയ ജെഡിഎസ് എച്ച് ഡി കുമാരസ്വാമിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്.