Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ് സഖ്യം: അഖിലേഷ്- മായാവതി ചര്‍ച്ച ഉടന്‍

Published

|

Last Updated

ലക്‌നോ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ സീറ്റുകള്‍ പങ്കുവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) നേതാവ് മായാവതിയും സമാജ്‌വാദി പാര്‍ട്ടി (എസ് പി) ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്നതിനും രണ്ട് പാര്‍ട്ടികള്‍ക്കും ജയസാധ്യതയുള്ള സീറ്റുകള്‍ കണ്ടെത്തുന്നതിനുമായി അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്ന് എസ് പി വൃത്തങ്ങള്‍ അറിയിച്ചു.

സീറ്റ് പങ്കുവെക്കല്‍, പ്രചാരണം, സഖ്യത്തില്‍ സമാനമനസ്‌കരായ പാര്‍ട്ടികളെ ഉള്‍പ്പെടുത്തല്‍ അടക്കമുള്ള വിശാലമായ ചര്‍ച്ചകള്‍ നടത്തുമെന്ന് മുതിര്‍ന്ന എസ് പി നേതാവ് ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തായയിടങ്ങളിലും എസ് പി മത്സരിക്കുന്നതിന് ധാരണയായിട്ടുണ്ട്.

കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക് ദള്‍ (ആര്‍ എല്‍ ഡി), മറ്റ് ചെറുകക്ഷികള്‍ തുടങ്ങിയവയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അഖിലേഷിനും മായാവതിക്കും താത്പര്യക്കുറവില്ല. യു പിയിലെ മറ്റ് കക്ഷികളായ പീസ് പാര്‍ട്ടി, അപ്‌നാ ദള്‍ (കൃഷ്ണ പട്ടേല്‍ വിഭാഗം), നിഷാദ് പാര്‍ട്ടി തുടങ്ങിയവയും സഖ്യത്തിന്റെ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സീറ്റ് പങ്കുവെക്കല്‍ പൂര്‍ത്തീകരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും താത്പര്യം. പിന്നീട് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ മതിയായ സമയം ലഭിക്കും.

ഈയടുത്ത് നടന്ന ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എസ് പി സ്ഥാനാര്‍ഥികള്‍ക്ക് ബി എസ് പി പിന്തുണ നല്‍കിയിരുന്നു. രണ്ട് സീറ്റുകളിലും ബി ജെ പിയെ തറപറ്റിക്കാനും സാധിച്ചു. ഈ മാസം 28ന് നടക്കുന്ന കൈരാന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ എല്‍ ഡി- എസ് പി സഖ്യമാണ് മത്സരിക്കുന്നത്.

Latest